തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തത്. പൊട്ടിക്കരഞ്ഞു കുഴഞ്ഞുവീണ ഇദ്ദേഹത്തെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് മന്ത്രി പി.കെ. ശേഖര്‍ ബാബു. ചെവിക്കു സമീപം നീരുണ്ടെന്നും ശ്രവണശേഷി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികളെ നേരിടാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു.
പുരാസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ക്ക് ഐജി ജി. ലക്ഷ്മണ കൂട്ടുനിന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപി ടി.കെ വിനോദ് കുമാര്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ചീഫ് സെക്രട്ടറിക്കു കൈമാറി. ലക്ഷ്മണിന്റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുകയാണ്.
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഈ മാസം 23 വരെ ഹാജരാകാനാകില്ലെന്ന് രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 23 നു ഹാജരായാല്‍ മതിയെന്ന് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കി. അതേസമയം, പരാതിക്കാരന്‍ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം മോന്‍സന്റെ വീട്ടില്‍ കെ സുധാകരന്‍ എത്തിയിരുന്നെന്ന ഡിജിറ്റല്‍ രേഖകളെ തെളിവാക്കിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടു പോകുന്നത്.
നിയമസഭ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചു. ഹര്‍ജിക്കെതിരേ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ച് പിന്‍വലിക്കുന്നുവെന്നു പറഞ്ഞാണ് ബിജി മോളും ഗീതാ ഗോപിയും ഹര്‍ജി പിന്‍വലിച്ചത്. കേസിന്റെ വിചാരണ തീയതി 19 ന് സി ജെഎം കോടതി നിശ്ചയിക്കും.
തെരുവു നായ്ക്കളെ കൊല്ലാന്‍ ഉത്തരവിറക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയമ സാധുത തേടുന്നു. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളജില്‍ എത്തിയ കാര്‍ മണ്ണാര്‍ക്കാട് രജിസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ്. കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
കോട്ടയം ജില്ലയിലെ നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും. രാത്രി പത്തോടെ ഇടിമുഴക്കത്തിനു സമാനമായി ഉണ്ടായ മുഴക്കം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
തിരുവനന്തപുരം മൃഗശാലയില്‍നിന്നു തുറന്ന കൂട്ടിലേക്കു മാറ്റാനിരിക്കേ, ജീവനക്കാരുടെ കണ്ണുവെട്ടിച്ചു ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് മൃഗശാലയിലെത്തന്നെ മരത്തിനു മുകളില്‍. കുരങ്ങിനെ തിരികേ കൂട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.
പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് മറന്നുവച്ചെന്ന പരാതിയില്‍ പാലന ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കോഴിക്കോട് ബാലുശേരിയില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ ഉറങ്ങിയ കുഞ്ഞ് രാവിലെ മരിച്ചു കിടക്കുന്നതായാണു കണ്ടത്.
ബംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ടോള്‍ നിരക്കു വര്‍ധിപ്പിച്ചു. കാര്‍, വാന്‍, ജീപ്പുകള്‍ എന്നിവക്ക് ഒരു യാത്രയ്ക്ക് 165 രൂപയും അതേ ദിവസം മടങ്ങുകയാണെങ്കില്‍ 250 രൂപയും നല്‍കണം. നേരത്തെ ഒറ്റ യാത്രയ്ക്ക് 135 രൂപയും മടക്കയാത്രയ്ക്ക് 205 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് 12 നാണ് 118 കിലോമീറ്റര്‍ ദൂരമുള്ള പാത ഉദ്ഘാടനം ചെയ്തത്.
മോദി സര്‍ക്കാര്‍ എതിര്‍ക്കുന്നവരെ വേട്ടയാടുന്നതിന്റെ അവസാന ഉദാഹരണമാണ് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. പ്രതിപക്ഷത്തെ ഒരാളും ഭീഷണിക്കു വഴങ്ങില്ലെന്നും ഖര്‍ഗെ പറഞ്ഞു.
ബിഹാറിലെ വൈശാലി ജില്ലയില്‍ രാഘോപൂര്‍ ദിയാരയില്‍ ഗംഗയില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരനെ മതുല ജീവനോടെ കടിച്ചുതിന്നു. കുപിതരായ ബന്ധുക്കളും നാട്ടുകാരും മുതലയെ പിടികൂടി തല്ലിക്കൊന്നു. കുടുംബം പുതുതായി വാങ്ങിയ ബൈക്ക് പൂജിക്കുന്നതിന്റെ ഭാഗമായാണ് ഗംഗയില്‍ കുളിക്കാനിറങ്ങിയത്.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഖമെന്‍ലോക് മേഖലയില്‍ സ്ത്രീ അടക്കം ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇതേസമയം, കോണ്‍ഗ്രസ് പ്രതിനിധി സംഘം സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ബെഗളൂരുവിലെ ടെക് പാര്‍ക്കില്‍ അമേരിക്കന്‍ കമ്പനിയുടെ ഓഫീസില്‍നിന്നു പിരിച്ചുവിട്ടതിന് ഓഫീസില്‍ ബോംബു വച്ചിട്ടുണ്ടെന്നു ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയില്‍. സീനിയര്‍ അസോസിയേറ്റായിരുന്ന പ്രസാദ് നവനീതിനെയാണ് അറസ്റ്റു ചെയ്തത്.