◾കെ ഫോണ്‍ പദ്ധതിയില്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ഉപയോഗിച്ചത് ചൈനീസ് കേബിള്‍. വില ആറിരട്ടിയോളം കൂടുതലുമായിരുന്നു. എല്‍എസ് കേബിള്‍ എന്ന കമ്പനി ഇന്ത്യന്‍ നിര്‍മിതമെന്ന പേരില്‍ നല്‍കിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്.
◾സംസ്ഥാനത്തെ ഇരുപതിനായിരത്തില്‍ പരം തദ്ദേശ സ്ഥാപന ജന പ്രതിനിധികളോട് ഈ മാസം 20 നകം അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സമര്‍പ്പിക്കണമന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. കൂടുതലായി സ്വത്ത് ആര്‍ജിച്ചാലോ കയ്യൊഴിഞ്ഞാലോ ബാധ്യതപ്പെടുത്തിയാലോ അക്കാര്യം മൂന്നു മാസത്തിനകം വീണ്ടും അറിയിക്കണം.
◾ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
◾എഴുതാത്ത പരീക്ഷ ജയിച്ചെന്നു മാര്‍ക്ക് ലിസ്റ്റു സഹിതമുണ്ടായ പ്രചാരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഡിജിപിക്കു പരാതി നല്‍കി.
◾എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജ് ആര്‍ക്കിയോളജി വിഭാഗം കോ ഓര്‍ഡിനേറ്ററെ പദവിയില്‍നിന്ന് മാറ്റും. പരാതി പരിഹാര സെല്ലാണ് ആര്‍ഷോയുടെ പരാതിയില്‍ നടപടിക്കു ശുപാര്‍ശ ചെയ്തത്.
◾മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസര്‍കോട്ടെ കരിന്തളം കോളജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയാണോയെന്നു പരിശോധിക്കാന്‍ മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കു ശേഷമേ കേസ് അഗളി പൊലീസിനു കൈമാറൂ.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വ്യാജരേഖ ചമച്ച് ജോലി നേടിയ കെ വിദ്യയെ എസ്എഫ്ഐ നേതാവെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും. അവരെല്ലാം നേതാക്കളാണോയെന്ന് അദ്ദേഹം ചോദിച്ചു. വിദ്യക്ക് സംഘടനയുടെ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താല്‍ എസ്എഫ്ഐക്കാരി ആകുമോയെന്നും അദ്ദേഹം ചോദിച്ചു.
◾എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മാര്‍ക്കു തട്ടിപ്പും ജോലി തട്ടിപ്പും മയക്കുമരുന്ന് ഇടപാടുകളും അടക്കം യുവാക്കളുടെ ഭാവി തകര്‍ക്കുന്ന കൊടും ക്രിമിനലുകളാണ് എസ്എഫ്ഐയെ നയിക്കുന്നത്. കാമ്പസുകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി വിദ്യാഭ്യാസ മേഖലയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സുരേന്ദ്രന്‍.
◾കാലവര്‍ഷം കേരളത്തില്‍ എത്തിയെന്നു കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കും.
◾
◾ചെന്നൈ സ്വദേശികളായ മൂന്നംഗ കുടുംബം തൃശൂരിലെ ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണു തൂങ്ങി മരിച്ചത്. സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
◾സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണ് അന്വേഷിച്ചതെന്ന് മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍. സോളാര്‍ കേസ് അന്വേഷണ സംഘ തലവന്‍ എ ഹേമചന്ദ്രന്‍ ‘നീതി എവിടെ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയിലാണ് ഇങ്ങനെ പറഞ്ഞത്.
◾അവധി അനുവദിക്കാത്തതിന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍. സി ഐ പ്രേമനന്ദ കൃഷ്ണനെ മര്‍ദ്ദിച്ച സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഒ ടി. മഹേഷിനെയാണ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുന്‍ എസ്‌കോട്ട് ടീം അംഗമായിരുന്നു മഹേഷ്.
◾വൈദ്യുതി മോഷണത്തിനു കെഎസ്ഇബി 43 കോടിയില്‍പ്പരം രൂപയുടെ പിഴ ചുമത്തി. 2022 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ നടത്തിയ 37,372 പരിശോധനകളിലാണ് ഇത്രയും ക്രമക്കേടു കണ്ടത്.
◾ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണ ഫണ്ട് തിരിമറിയില്‍ സിപിഎം നേതാവ് പി കെ ശശിയോട് പാര്‍ട്ടി വിശദീകരണം തേടും. ശശിക്കെതിരെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ ഗുരുതര ക്രമക്കേടുകള്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ചയായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി പങ്കെടുത്തിരുന്നില്ല.
◾കുടിശ്ശിക കിട്ടിയില്ലെങ്കില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികള്‍ ആരോഗ്യവകുപ്പിന് കത്തു നല്‍കി. ചികിത്സ നല്‍കിയ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍നിന്നു കിട്ടാനുള്ളത് കോടികളാണ്.
◾അമല്‍ജ്യോതിയിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പില്‍ ആരേയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് കോട്ടയം എസ്പി കെ കാര്‍ത്തിക്. ക്രൈം ബ്രാഞ്ച് കേസ് നല്ല നിലയില്‍ അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.
◾റോഡില്‍ കാട്ടാന പ്രസവിച്ചു. കണ്ണൂര്‍ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടില്‍ നേഴ്സറിക്ക് സമീപം രാത്രിയിയോടെയാണ് സംഭവം. ആനക്കുട്ടം സുരക്ഷ ഒരുക്കി റോഡില്‍ നിന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
◾പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊടുമണ്‍ സ്വദേശിയാണ്. സംസ്‌കാരം നാളെ.
◾കാറിടിച്ച് പരുക്കേറ്റ് 20 മിനിറ്റോളം ചോരവാര്‍ന്ന് റോഡരികില്‍ കിടന്ന യുവാവ് മരിച്ചു. ആലപ്പുഴ കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന്‍ ധനീഷാണ് (29) മരിച്ചത്.
◾പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി (38), പുലാമന്തോള്‍ കുരുവമ്പലം സ്വദേശി പ്രണവ് (26) എന്നിവരാണ് പിടിയിലായത്.
◾മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ 56 കാരന്‍ ലിവ്-ഇന്‍ പങ്കാളിയായ 36 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തെന്നു പൊലീസ്.
◾കാനഡയില്‍ നാടുകടത്തല്‍ ഉത്തരവിനെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 12 ആഴ്ചയായി പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫര്‍ ലെറ്റര്‍ തട്ടിപ്പുകളില്‍ കുടുങ്ങി എത്തിയവരാണു നാടുകടത്തല്‍ ഭീഷണിയിലുള്ളത്. ഇന്ത്യന്‍ ട്രാവല്‍ ഓപറേറ്റര്‍മാരാണു തട്ടിപ്പു നടത്തിയത്.
◾ഇന്ത്യന്‍ വംശജയായ പ്രഫ. ജോയീറ്റ ഗുപ്തയ്ക്കു ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്‍ഡിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സ്പിനോസാ പ്രൈസ്. സുസ്ഥിര ലോകം എന്ന പ്രമേയത്തില്‍ ഊന്നിയുള്ള പഠനത്തിനാണ് അവാര്‍ഡ്. 15 ലക്ഷം യൂറായാണ് അവാര്‍ഡ് തുക. അതായത് 13.26 കോടി രൂപ. 2013 മുതല്‍ ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ജോയീറ്റ ഗുപ്ത.
◾പണമായിരുന്നു ലക്ഷ്യമെങ്കില്‍ താന്‍ സൗദിയിലേക്ക് പോകുമായിരുന്നവെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം സ്ഥിരീകരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഏറെ സ്വപ്നം കണ്ട ബാഴ്സലോണയിലേക്ക് തിരികെ വരാന്‍ ബാഴ്‌സലോണയ്ക്ക് കളിക്കാരെ വില്‍ക്കേണ്ടതുണ്ടെന്നും മറ്റുള്ളവരുടെ വേതനം വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്നും കേട്ടു. അതിനൊന്നും കാരണക്കാരനാകാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും മെസി വ്യക്തമാക്കി.
◾കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) ലാഭം നാലിരട്ടിയായി വര്‍ധിച്ചു. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 50.19 കോടി രൂപയാണ് കെ.എഫ്.സിയുടെ ലാഭം. മുന്‍ വര്‍ഷം ഇത് 13.20 കോടിയായിരുന്നു. ഒരുവര്‍ഷംകൊണ്ട് നാലിരട്ടി വര്‍ധന. കഴിഞ്ഞ വര്‍ഷം 6,529.40 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഇതാദ്യമായാണ് 5,000 കോടി രൂപയ്ക്കു മേല്‍ വായ്പയായി നല്‍കുന്നത്. അടുത്ത വര്‍ഷം വായ്പ 10,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യം. സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 ല്‍ ചെറുകിട സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു മേഖലകള്‍ക്കുമായി 3,207.22 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പാ വിതരണം 3,555.95 കോടി രൂപയാണ്. 49 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി 59.91 കോടി രൂപ വായ്പ നല്‍കി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി പ്രകാരം 2,404 സംരംഭങ്ങള്‍ക്ക് 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ മൊത്തം 472 കോടി രൂപ വായ്പ നല്‍കി. എട്ട് ശതമാനം വായ്പാ നിരക്കുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. പലിശ വരുമാനം 518.17 കോടി രൂപയില്‍ നിന്നും 38.46 ശതമാനം വര്‍ധിച്ച് 694.38 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ കുറവുണ്ടായി. മൊത്ത നിഷ്‌ക്രിയ ആസ്തി 3.27 ശതമാനത്തില്‍ നിന്ന് 3.11 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനത്തില്‍ നിന്ന് 0.74 ശതമാനമായും കുറഞ്ഞു. സ്‌പെഷ്യല്‍ വായ്പാ കുടിശിക റിക്കവറിയിലൂടെ 59.49 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതാണ് ഇതിന് കാരണം.
◾ഇന്ത്യയില്‍ ‘വെരിഫൈഡ്’ സേവനം ആരംഭിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് 699 രൂപ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഇടാക്കിയാണ് ‘വെരിഫൈഡ്’ സേവനം എത്തിയിരിക്കുന്നത്. മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷനിലൂടെ വെരിഫൈഡ് ബാഡ്ജ്, വ്യാജ എക്കൗണ്ടില്‍ നിന്നുള്ള സംരക്ഷണം, പൊതുവായ എക്കൗണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്കൗണ്ട് പിന്തുണ എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. അതേസമയം നിലവിലുള്ള ബ്ലൂടിക്ക് എക്കൗണ്ടുകളുടെ ബാഡ്ജ് നിലനിര്‍ത്തുമെന്ന് മെറ്റ സ്ഥിരീകരിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വെരിഫിക്കേഷന്‍ ലഭിക്കുന്നതിനായി 3 മാനദണ്ഡങ്ങളുണ്ട്. അപേക്ഷിക്കുന്ന ആളുടെ എക്കൗണ്ടില്‍ മുമ്പുള്ള പോസ്റ്റുകള്‍ ഉള്‍പ്പടെ മിനിമം ആക്റ്റിവിറ്റികള്‍ നടന്നിട്ടുണ്ടാകണം, കൂടാതെ അപേക്ഷകര്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. അപേക്ഷകര്‍ അവര്‍ അപേക്ഷിക്കുന്ന ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് പ്രൊഫൈലിലെ പേരും ഫോട്ടോയുമായി പൊരുത്തപ്പെടുന്ന ഒരു സര്‍ക്കാര്‍ ഐ.ഡി സമര്‍പ്പിക്കേണ്ടതുണ്ട്. ആള്‍മാറാട്ടം തടയുന്നതിനായി മെറ്റ വെരിഫൈഡ് സബ്സ്‌ക്രിപ്ഷനെടുത്ത എക്കൗണ്ടുകളില്‍ സജീവമായ നിരീക്ഷണം ഏര്‍പ്പെടുത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ആണ് വെരിഫൈഡ് എക്കൗണ്ടിനായി പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഈടാക്കാന്‍ തുടങ്ങിയ ആദ്യത്തെ സ്ഥാപനം.
◾അനാര്‍ക്കലി മരിക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘അമല’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘താനേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്‌കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെന്‍സ് സൈക്കോ ത്രില്ലര്‍ ആണ്. അമല എന്ന കഥാപാത്രമായി ആണ് അനാര്‍ക്കലി മരിക്കാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ബേസില്‍ എന്ന കഥാപാത്രമായി ശരത് അപ്പാനിയും അലി അക്ബര്‍ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ആയി ശ്രീകാന്തും എത്തുന്നു. രജിഷാ വിജയന്‍, സജിത മഠത്തില്‍, ചേലാമറ്റം ഖാദര്‍, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആന്‍മരിയ ബിട്ടോ ഡേവിഡ്സ് എന്നീ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം ജൂണ്‍ 16 ന് പാന്‍ ഇന്ത്യന്‍ റിലീസായി തിയറ്ററുകളില്‍ എത്തും.
◾ഫഹദ് ഫാസിലിനെ നായകനാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘ധൂമ’ത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയ്ലര്‍ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ്. കെജിഎഫ് ഫ്രാഞ്ചൈസി, കാന്താര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണ കമ്പനി ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അവരുടെ ആദ്യ മലയാള ചിത്രവുമാണ് ഇത്. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ധൂമം ഒരുക്കുന്ന പവന്‍ കുമാര്‍. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രം മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിന് എത്തും. പവന്‍ കുമാറിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മാസ് വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുക. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപര്‍ണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം. റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, ദേവ് മോഹന്‍, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
◾സിംപിള്‍ വണ്‍ സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ച് സിംപിള്‍ എനര്‍ജി. കഴിഞ്ഞ മാസം അവസാനം വിപണിയിലെത്തിയ സ്‌കൂട്ടറിന്റെ വില പ്രാരംഭവില 1.58 ലക്ഷം രൂപയാണ്. ആദ്യ 15 സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടാണ് വിതരണം സിംപിള്‍ എനര്‍ജി ആരംഭിച്ചത്. ഇതുവരെ 1 ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് 212 കിലോമീറ്റര്‍ റേഞ്ചുമായി സിംപിള്‍ വണ്‍ എത്തിയത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സിംപിള്‍ വണ്ണിനു വെറും 2.7 സെക്കന്‍ഡുകള്‍ മാത്രം മതി. പരമാവധി വേഗം മണിക്കൂറില്‍ 105 കിലോമീറ്റര്‍. രണ്ടു ബാറ്ററികള്‍ സിംപിള്‍ വണ്‍ സ്‌കൂട്ടറിനുണ്ട്. ഒരു ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു ചാര്‍ജ് ചെയ്യാം. എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് സിംപിള്‍ വണ്‍. 8.5 കിലോവാട്ട് മോട്ടോറിന് പരമാവധി 72എന്‍എം ടോര്‍ക്ക് വരെ നല്‍കാനാവും. ഇകോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളാണ് വണ്‍ സ്‌കൂട്ടറിലുള്ളത്.
◾ശ്രീശാരദാദേവിയുടെ ശ്രീരാമകൃഷ്ണപരമഹംസരിലേക്കുള്ള യാത്രയാണ് ഈ നോവല്‍. വിവാഹസമയത്ത് പരമഹംസര്‍ക്കു ഇരുപത്തിമൂന്നു വയസ്സും വധുവായിരുന്ന ശാരദാദേവിക്ക് അഞ്ചു വയസ്സും ആയിരുന്നു. ശാരദാദേവിക്ക് പരമഹംസര്‍ ദൈവതുല്യനായിരുന്നതിനാല്‍തന്നെ അവര്‍ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയായിരുന്നു. കേവലം ഒരു വ്യാഴവട്ടക്കാലം മാത്രം ഒരുമിച്ചു ജീവിച്ച ശാരദാദേവിയുടെയും പരമഹംസരുടെയും ജീവിതം, അദ്ദേഹത്തിന്റെ വചനാമൃതങ്ങളെയും ചേര്‍ത്ത് വളരെ മനോഹരമായി ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘ദൈവ നഗ്നന്‍’. ചന്ദ്രശേഖരന്‍ നായര്‍. ഡിസി ബുക്സ്. വില 332 രൂപ.
◾പാലുല്‍പന്നങ്ങള്‍, കാബേജ്, പയര്‍, ബിയര്‍, ശീതള പാനീയങ്ങള്‍, ച്യൂയിങ് ഗം എന്നിവ കഴിച്ചതിനു ശേഷം ചിലര്‍ക്ക് വയറില്‍ ഗ്യാസ് വന്ന് വീര്‍ക്കാറുണ്ട്. ഉറക്ക ഗുളിക, സെഡേറ്റീവുകള്‍, ആന്റി ഡിപ്രസന്റ് ഗുളികകള്‍ എന്നിവയാലും ചിലര്‍ക്ക് വയര്‍ കമ്പനം വരാം. എന്നാല്‍ ഇതിനൊപ്പം വിശപ്പില്ലായ്മയും അനുഭവപ്പെട്ടാല്‍ അത് ചില ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിലെ അണുബാധ, വിട്ടുമാറാത്ത മലബന്ധം, ലാക്ടോസ് ഇന്‍ടോളറന്‍സ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം ഗ്യാസും വിശപ്പില്ലായ്മയും. വയര്‍ വേദന, വയറില്‍ എരിപൊരി സഞ്ചാരം, ഓക്കാനം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും ഇവയ്ക്കൊപ്പം ശ്രദ്ധയില്‍പ്പെടാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ്, സീലിയാക് ഡിസീസ്, ഹുക്ക് വേം അണുബാധകള്‍, ഗിയാര്‍ഡിയാസിസ്, ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ലക്സ് രോഗം എന്നിവ മൂലം ഈ ലക്ഷണങ്ങള്‍ വരാം. മരുന്ന് കഴിച്ചിട്ടും രണ്ട് ആഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന വയര്‍ കമ്പനവും വിശപ്പില്ലായ്മയും ഭാരനഷ്ടവും വിളറിയ ചര്‍മവും ചര്‍മത്തിന് മഞ്ഞ നിറവുമെല്ലാം അണ്ഡാശയത്തിനും കോളനും വയറിനും പാന്‍ക്രിയാസിനും വരുന്ന അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. വയറും കുടലുമായുമൊന്നും ബന്ധമില്ലാത്ത ഫാറ്റി ലിവര്‍, തൈറോയ്ഡ് പോലുള്ള രോഗങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കാതെ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. അമിതമായ കഫൈന്‍ ഒഴിവാക്കല്‍, ഭക്ഷണത്തിലെ നാരുകളുടെ തോത് വര്‍ധിപ്പിക്കല്‍ പോലുള്ള ഭക്ഷണക്രമ മാറ്റങ്ങള്‍ ഈ ലക്ഷണങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കും. പതിയെ കഴിക്കുന്നതും നിവര്‍ന്നിരുന്ന് കഴിക്കുന്നതും ദഹനക്കേടിനുള്ള സാധ്യത കുറയ്ക്കും. അമിതമായ ഭക്ഷണം കഴിപ്പും ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാനും നിത്യവും വ്യായാമം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.56, പൗണ്ട് – 102.93, യൂറോ – 88.47, സ്വിസ് ഫ്രാങ്ക് – 90.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 219.00, കുവൈത്ത് ദിനാര്‍ -268.45, ഒമാനി റിയാല്‍ – 214.74, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.48, ഖത്തര്‍ റിയാല്‍ – 22.68, കനേഡിയന്‍ ഡോളര്‍ – 61.88.