അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം തിരിച്ചുപിടിച്ച് ഇന്ത്യ. ഇന്ത്യയുടെ ബി.എസ്.ഇ 3.31 ലക്ഷം കോടി ഡോളര്‍ (271 ലക്ഷം കോടി രൂപ) നിക്ഷേപക മൂല്യവുമായാണ് അഞ്ചാംസ്ഥാനം വീണ്ടെടുത്തതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ വിപണിമൂല്യം 2.98 ലക്ഷം കോടി ഡോളറായി (244 ലക്ഷം കോടി രൂപ) ഇടിഞ്ഞതിനെ തുടര്‍ന്ന് അഞ്ചാംസ്ഥാനം ഫ്രാന്‍സ് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ഫ്രാന്‍സിനെ പിന്നിലാക്കിയാണ് ഇന്ത്യ വീണ്ടും അഞ്ചാംസ്ഥാനം വീണ്ടെടുത്തത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് കനത്ത തിരിച്ചടി നേരിട്ട അദാനി ഓഹരികള്‍, സുപ്രീം കോടതി നിയോഗിച്ച പാനലില്‍ നിന്ന് ക്ലീന്‍ചിറ്റ് ലഭിച്ചതിന്റെ പിന്‍ബലത്തില്‍ അതിവേഗം തിരിച്ചുകയറിയതാണ് അഞ്ചാംസ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ഓഹരികള്‍ക്ക് കരുത്തായ മുഖ്യഘടകം. മേയില്‍ ഇതിനകം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 450 കോടി ഡോളറിലധികം (36,000 കോടി രൂപ) ഇന്ത്യന്‍ ഓഹരികളില്‍ ഒഴുക്കിയതും നേട്ടമായി. ലോകത്തെ ഏറ്റവും വേഗം വളരുന്ന വന്‍കിട സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്നാണ് വിലയിരുത്തലുകള്‍. ചൈനയാകട്ടെ തളരുകയുമാണ്. ഈ പശ്ചാത്തലത്തില്‍ ചൈനയെ കൈവിട്ട് നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ പണമൊഴുക്കുന്നതും നേട്ടമാവുകയാണ്.