കേരളത്തിനുള്ള വായ്പാ പരിധി 7,610 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിനു കടമെടുപ്പ് പരിധി 32,440 കോടി രൂപയെന്നു നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
സംരംഭകരരുടെ പരാതിക്കു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പതിനായിരം രൂപവരെ പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്. പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഒരു ദിവസത്തിന് 250 രൂപ എന്ന നിരക്കില്‍ പിഴ ഈടാക്കും. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹോട്ടലുകളിലും ഭക്ഷ്യവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നിടനങ്ങളിലുമുള്ള ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് പരിശോധന കര്‍ശനമാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമുകളില്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകള് 1000 വാട്ടിനടുത്ത് പവര്‍ കൂട്ടി വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്.
കേരളത്തില്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സീസണിലാണ് കാലവര്‍ഷം. ഈ മാസം 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ ഒമ്പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണു ട്രയല്‍ അലോട്ട്മെന്റ്. 19 ന് ആദ്യ അലോട്ട്മെന്റ്. അവസാന അലോട്ട്മെന്റ് തീയതി ജൂലൈ ഒന്നിനാണ്. അഞ്ചാം തീയതി ക്ലാസ് തുടങ്ങും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരന് മുഖ്യമന്ത്രി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. എമ്പ്രാന് അല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. അഴിമതിക്കു കുട പിടിക്കുന്ന മുഖ്യന് ഭരിക്കുന്നിടത്തോളം ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാവുമെന്നും ചെന്നിത്തല വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് ഒരു സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം പി
കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് ബിജെപി അനുകൂല എംപ്ലായീസ് സംഘ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ഇല്ലാത്ത ഓഫീസ് ഉദ്ഘാടനം ചെയ്യാനാകാതെ മടങ്ങി. വൈസ് ചാന്‍സലറെ കണ്ടു സംസാരിച്ചശേഷമാണ് മന്ത്രി മടങ്ങിയത്. എംപ്ളോയീസ് സംഘിന് ഓഫീസ് അനുവദിച്ചിട്ടില്ലെന്നാണു സര്‍വകലാശാല പറയുന്നത്. സിപിഎം വിലക്കേര്‍പ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് ആരോപിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പാളയത്ത് കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു.
പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോലീസ് സിഐക്കു പിരിച്ചുവിടല്‍ നോട്ടീസ് നല്കി. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.
കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കോരങ്ങത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയില്‍ എത്തിച്ചത് ഇയാളാണ്. കേസില്‍ ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്.
തമിഴ്നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യശാലയില്‍ മോഷണം നടത്തുകയായിരുന്ന മലയാളിയെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) തമിഴ്നാട് പോലീസ് പിടികൂടിയത്. മണിയും സംഘവും ആക്രമിച്ചതോടെയാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. മണിയുടെ സുഹൃത്ത് നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിനെ (40) പോലീസ് തെരയുകയാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. കരിപ്പൂരില്‍ അറ്റകുറ്റപണി മൂലം പകല്‍ റണ്‍വേ അടച്ചതിനാലാണ് ജിദ്ദയില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി ശ്രീലങ്കന്‍ ദമ്പതികള്‍ പിടിയിലായി. ഇവരില്‍ നിന്ന് 60 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ ഇരുനൂറ് ഗ്രാം സ്വര്‍ണം കണ്ടെടുത്തു. മുഹമ്മദ് സുബൈര്‍, മുഹമ്മദ് ജനുഫര്‍ എന്നിവരാണ് പിടിയിലായത്.
അരിക്കൊമ്പന് ചിന്നക്കനാലിലേക്കു നീങ്ങുകയാണെന്നു സൂചന. കുമളി ടൗണ്‍ മേഖലയില്‍നിന്നു 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അരിക്കൊമ്പന് ഇപ്പോഴുള്ളത്. നേരത്തെ കൊട്ടാരക്കര ദിന്ധുക്കല്‍ ദേശീയ പാത അരിക്കൊമ്പന് മുറിച്ചു കടന്നിരുന്നു.
പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയ റസാഖ് പയമ്പ്രോട്ടിന്റെ സ്വത്ത് ഇ.എം.എസ് അക്കാദമിക്കും ഭൗതിക ശരീരം മെഡിക്കല്‍ കോളജിനും വേണ്ടി എഴുതിവച്ചിരുന്നു. റസാക്കിനു മക്കളില്ല. സിപിഎം പ്രവര്‍ത്തകനായ റസാഖ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലാണ് തൂങ്ങിമരിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പഞ്ചായത്തിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച് നടത്തും.
പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍ഡ് സുരേഷ് കുമാര്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടിയത് റീ ബില്ഡ കേരളയുടെ മറവില്‍. ആവശ്യമായ രേഖകള്‍ നല്‍കുന്നതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങി. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. ആസാമിലെ കര്‍ബി ആംഗ്ലോംഗ് ജില്ലയിലെ ബിജെപി നേതാവായ മൂണ്‍ ഇംഗ്ടിപി ആണ് പിടിയിലായത്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു ഇവര്‍.
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന 28 ന് ജന്തര്‍ മന്ദറില്‍ സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ മാര്‍ച്ചു ചെയ്യും. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രി, ഗാസിപ്പൂര്‍, സിംഘു എന്നിവിടങ്ങളില്‍ കര്‍ഷകര്‍ എത്തും. പതിനൊന്നരയ്ക്ക് ജന്തര്‍മന്തറില്‍നിന്ന് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.
വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന യാത്രക്കാരനെ സോളിലെ പോലീസ്പിടികൂടി. ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും ശ്വാസ തടസംമൂലം നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.