ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ മേയ് മാസം ഇതുവരെ 30,945 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ അറ്റ നിക്ഷേപം 2023ല്‍ ഇതുവരെ 16,365 കോടി രൂപയില്‍ എത്തിയതായി ഡെപ്പോസിറ്ററികളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, മേയ് 2 മുതല്‍ 19 വരെ എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 30,945 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലില്‍ ഇക്വിറ്റികളില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും എഫ്.പി.ഐകള്‍ അറ്റനിക്ഷേപം നടത്തിയിരുന്നു. 2023ല്‍ ആദ്യ രണ്ട് മാസങ്ങളില്‍ മൊത്തം 34,000 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്.പി.ഐകള്‍ നടത്തിയത്. മേയ് മാസത്തില്‍ ഇതുവരെ 1,057 കോടി രൂപയാണ് ഡെറ്റ് മാര്‍ക്കറ്റില്‍ എഫ്.പി.ഐകള്‍ നിക്ഷേപിച്ചത്. ഓട്ടോ, ഓട്ടോ കംപൊണന്റ്സ്, മൂലധന വസ്തുക്കള്‍, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍, ടെലികോം, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ നിരവധി മേഖലകളില്‍ എഫ്.പി.ഐകള്‍ സ്ഥിരമായി വാങ്ങുന്നവരാണ്. മേയില്‍ ധനകാര്യമേഖലയിലും കാര്യമായ വാങ്ങല്‍ എഫ്.പി.ഐകള്‍ നടത്തി. 8,382 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയില്‍ ഉണ്ടായി.