ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരികള്‍ക്കും പണമടയ്ക്കാനാകും. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ബാങ്കുകള്‍ ഈ സേവനം ഉടന്‍ ലഭ്യമാക്കും. ഈ സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ പേയില്‍ റുപേ ക്രെഡിറ്റ് ചേര്‍ക്കേണ്ടതുണ്ട്. ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലിലെ ‘റുപേ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ യുപിഐ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം റുപേ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ബാങ്ക് തിരഞ്ഞെടുക്കാം. അതിനുശേഷം, ഉപയോക്താക്കള്‍ കാര്‍ഡ് നമ്പറും കാര്‍ഡ് കലഹരണപ്പെടുന്ന തിയതിയും നല്‍കുക. ബാങ്കില്‍ നിന്നുള്ള ഒടിപി നല്‍കി യുപിഐ പിന്‍ നിര്‍മ്മിക്കണം. ഇപ്പോള്‍ ഉപയോക്താക്കള്‍ അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ വഴി പണമിടപാടുകള്‍ നടത്താം. മറ്റ് യുപിഐ ഇടപാടുകള്‍ക്ക് ചെയ്യുന്നതുപോലെ നേരത്തെ സജ്ജീകരിച്ച യുപിഐ പിന്‍ നല്‍കിയാല്‍ മതി.