കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 63.3 ശതമാനം വര്‍ധിച്ച് 38.2 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 23 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 49.36 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.32 ശതമാനം വളര്‍ച്ച കൈവരിച്ച് 23,206 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 20,847 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം 19.5 ശതമാനം വര്‍ധിച്ച് 115.2 കോടി രൂപയായത് മികച്ച ലാഭവളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. നാലാം പാദത്തില്‍ അറ്റ ലാഭ മാര്‍ജിന്‍ 12.25 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12.38 ശതമാനം ഉയര്‍ന്ന് 38.56 കോടി രൂപയുമായി. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 18.14 കോടി രൂപയായി. മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം മാര്‍ച്ച് പാദത്തില്‍ 5.19 ശതമാനമായി മെച്ചപ്പെട്ടു. ഡിസംബര്‍ പാദത്തില്‍ ഇത് 5.83 ശതമാനവും മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 6.32 ശതമാനവുമായിരുന്നു. വായ്പാ, നിക്ഷേപ വളര്ച്ചനിക്ഷേപം 7.65 ശതമാനം വളര്‍ച്ച കൈവരിച്ച് 12,403 കോടി രൂപയില്‍ നിന്നും 13,352 കോടി രൂപയായി. മൊത്തം വരുമാനം 5.53 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 60 കോടി രൂപ വര്‍ധിച്ച് 1145.75 കോടി രൂപയായി. ആകെ വായ്പ 16.70 ശതമാനം വര്‍ധിച്ച് 8,444 കോടി രൂപയില്‍ നിന്നും 9,854 കോടി രൂപയായി. സ്വര്‍ണ പണയ വായ്പ 23.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,843 കോടി രൂപയില്‍ നിന്നും 2,274 കോടി രൂപയുമായി. വായ്പ, നിക്ഷേപ അനുപാതം 60.80 ശതമാനത്തില്‍ നിന്നും 73.80 ശതമാനമായി ഉയര്‍ന്നു.