ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനം കുറഞ്ഞ് 3,466 കോടി ഡോളറായി (ഏകദേശം 2.84 ലക്ഷം കോടി രൂപ). 2022 ഏപ്രിലില്‍ കയറ്റുമതി വരുമാനം 3,970 കോടി ഡോളറായിരുന്നുവെന്ന് (3.25 ലക്ഷം കോടി രൂപ) കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇറക്കുമതി 5,806 കോടി ഡോളറില്‍ നിന്ന് 14 ശതമാനം ഇടിഞ്ഞ് 4,990 കോടി ഡോളറും ആയതോടെ, ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,840 കോടി ഡോളറില്‍ നിന്ന് 1,520 കോടി ഡോളറിലേക്കും കുറഞ്ഞു. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലാണ് വ്യാപാരക്കമ്മി. സേവന കയറ്റുമതി കൂടി കണക്കാക്കുമ്പോള്‍ കഴിഞ്ഞമാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി വളര്‍ച്ച രണ്ട് ശതമാനമാണ്. സേവന കയറ്റുമതി 2,405 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 3,036 കോടി ഡോളറായി. സേവന ഇറക്കുമതി 1,406 കോടി ഡോളറില്‍ നിന്ന് 1,650 കോടി ഡോളറിലുമെത്തി. വാണിജ്യ, സേവന സംയുക്ത കയറ്റുമതി വരുമാനം കഴിഞ്ഞമാസം 6,502 കോടി ഡോളറാണ്; 2022 ഏപ്രിലിലെ 6,375 കോടി ഡോളറിനേക്കാള്‍ രണ്ട് ശതമാനമാണ് വളര്‍ച്ച. മൊത്തം ഇറക്കുമതി 7,211 കോടി ഡോളറില്‍ നിന്ന് കുറഞ്ഞ് 6,640 കോടി ഡോളറായി. ഇതോടെ മൊത്തം വ്യാപാരക്കമ്മി 837 കോടി ഡോളറില്‍ നിന്ന് 138 കോടി ഡോളറിലേക്കും കുറഞ്ഞു. ജെം ആന്‍ഡ് ജുവലറി കയറ്റുമതി കഴിഞ്ഞമാസം 24.66 ശതമാനം ഇടിഞ്ഞു. 26,406.47 കോടി രൂപയില്‍ നിന്ന് 19,893.22 രൂപയായാണ് ഇടിവ്. സ്വര്‍ണം ഇറക്കുമതിയിലും 36.98 ശതമാനം ഇടിവുണ്ട്. 13,132.10 കോടി രൂപയില്‍ നിന്ന് 8,275.22 കോടി രൂപയായാണ് ഇറക്കുമതി കുറഞ്ഞത്. സ്വര്‍ണം ഇറക്കുമതി താഴ്ന്നത് വ്യാപാരക്കമ്മി കുറയാന്‍ സഹായകമായി.