പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം കേരളത്തെ അറിച്ചെങ്കിലും അനുമതി തന്നിട്ടില്ലെന്ന് ധനമന്ത്രാലയം. കഴിഞ്ഞ തവണ 32400 കോടി രൂപയാണ് അനുമതി നല്‍കിയതെങ്കിലും 5,800 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക ക്‌ളേശംമൂലം പെന്‍ഷനുകളും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്.
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ നാലിനേ എത്തൂവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം ശനിയാഴ്ച വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായി കെ.വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം ശുപാര്‍ശ. ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീം കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2013 ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനം ചെയ്ത വിശ്വനാഥന്‍ പാലക്കാട് സ്വദേശിയാണ്.
പാഠപുസ്തകങ്ങളിലെ ചരിത്രം ആര്‍എസ്എസ് തിരുത്തുകയാണെന്നും കേരളത്തില്‍ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. സാംസ്‌കാരിക വകുപ്പും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തുഞ്ചന്‍ പറമ്പില്‍ എംടി ക്ക് ആദരമേകുന്ന പരിപായിലായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കുട്ടികളെ അഗ്‌നിതെയ്യം കെട്ടിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസയക്കാന്‍ ഉത്തരവ്. ഒറ്റക്കോല്‍ തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിശ എന്ന എന്‍ജിഒയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറിയതല്ലെന്നും മലയരയരുടെ ഉത്സവത്തിന് പൂജ ചെയ്യാന്‍ അവര്‍ ക്ഷണിച്ചതനുസരിച്ചണു പോയതെന്നും പൂജ നടത്തിയ തൃശൂര്‍ സ്വദേശി നാരായണന്‍. പോകുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്യാറുണ്ട്. പൂജയുടെ പേരില്‍ കേസെടുക്കേണ്ട ആവശ്യമില്ല. മലയരയരുടെ ഉത്സവത്തന് പൊന്നമ്പലമേട്ടിലേക്കുള്ള വഴി തുറന്നിരുന്നു. മൂന്നു വനം വകുപ്പ് വാച്ചര്‍മാരും അവിടെയുണ്ടായിരുന്നു. നാരായണന്‍ പറഞ്ഞു.
പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. ഇനി പൊന്നമ്പലമേടാണെങ്കില്‍ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നതെന്ന് അന്വേഷിക്കണം. അദ്ദേഹം പറഞ്ഞു.
തെറ്റായ മദ്യനയം സംസ്ഥാനത്ത് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഹൈക്കോടതി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎം. സുധീരന്‍.
കുന്നംകുളം മരത്തംകോട് വെള്ളത്തിരുത്തിയില്‍ പടക്കം സൂക്ഷിക്കുന്ന ഗോഡൗണിനു തീ പിടിച്ചു. വടക്കാഞ്ചേരി അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ യുവതി വെട്ടേറ്റു മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിനിയും ബ്യൂട്ടീഷ്യനുമായ ദേവിക (34)യാണ് മരിച്ചത്. ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസില്‍ കീഴടങ്ങി.
അകന്നു കഴിയുന്ന ഭാര്യയെയും മക്കളെയും അവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിലായി. പൂങ്കുളം ആനകുഴി ചരുവിള വീട്ടില്‍ രതീഷ് (38) ആണ് കോവളം പൊലീസിന്റെ അറസ്റ്റിലായത്. കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കുന്നതിനിടയിലാണ് ഭാര്യ ഗ്രീഷ്മയും മക്കളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച കയറി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തത്.
ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാണ് 33 വയസുള്ള പ്രതിയെ അറസ്റ്റു ചെയ്തത്.
കര്‍ണാടകത്തില്‍ ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നിര്‍ദേശിക്കുന്ന മൂന്നു പേര്‍ക്കു മന്ത്രിസ്ഥാനവും നല്‍കാമെന്ന ഉപാധിയുമായി കേന്ദ്ര നേതൃത്വം. പ്രധാന വകുപ്പുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടു ടേമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന വാഗ്ദാനം നേരത്തേത്തന്നെ മുന്നോട്ടു വച്ചിരുന്നു. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഉപാധികള്‍ ചര്‍ച്ചയായത്.
കഫ് സിറപ്പുകള്‍ കയറ്റുമതിക്കു മുമ്പ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധിക്കണം. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ നിര്‍മ്മിത സിറപ്പുകള്‍ കഴിച്ച് കഴിഞ്ഞ വര്‍ഷം ഗാംബിയയിലും ഉസ്‌ബെക്കിസ്ഥാനിലും നിരവധി പേര്‍ മരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ചാരപ്രവര്‍ത്തനം നടത്തിയതിനു ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. വിവേക് രഘുവന്‍ഷിക്കെതിരെയാണ് കേസെടുത്തത്. ഡിആര്‍ഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി വിദേശ ഏജന്‍സിക്ക് നല്‍കിയെന്നാണ് ആരോപണം. പന്ത്രണ്ട് ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി.
പഞ്ചാബിലെ പട്യാലയില്‍ ഗുരുദ്വാര പരിസരത്ത് മദ്യം കഴിച്ചതിന് 35 കാരിയെ വെടിവച്ചു കൊന്നു. പര്‍വീന്ദര്‍ കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിര്‍മല്‍ജിത് സിംഗ് സൈനിയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്. മേയ് 31 മുതല്‍ പത്തു ദിവസത്തേക്കാണു സന്ദര്‍ശനം. ജൂണ്‍ നാലിന് അയ്യായിരം വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലി രാഹുല്‍ഗാന്ധി നയിക്കും. വിവിധ സര്‍വകലാശാലകളില്‍ പ്രഭാഷണം നടത്തുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 22 ന് അമേരിക്കയിലെത്തും. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈജനുമായി കൂടിക്കാഴ്ചയ്ക്കു പുറമേ, ജോ ബൈഡന്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.
മൂന്നു വര്‍ഷത്തിനകം 11,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോണ്‍. പുതിയ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് മാര്‍ഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി.