yt cover 1

ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിനു തയാറെന്ന് സുപ്രീം കോടതിയില്‍ സിബിഐ. ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവര്‍ക്കെതിരെ തൃശൂര്‍ സ്വദേശി പി.എല്‍ ജേക്കബാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിബിഐ അന്വേഷിക്കട്ടെ, സത്യം എല്ലാവരും അറിയണമെന്നു ബാറുടമകളുടെ സംഘടനാ നേതാവ് ബിജു രമേശ്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറു മാസത്തെ നിര്‍ബന്ധിത കാലയളവു വേണമെന്ന ഉപാധി വ്യവസ്ഥകള്‍ക്കു വിധേയമായി ഒഴിവാക്കാമെന്നു സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകര്‍ന്ന വിവാഹ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് വേര്‍പെടുത്താം. വേര്‍പിരിയാന്‍ തീരുമാനിച്ച ദമ്പതികളെ നിയമനടപടികള്‍ക്കായി കുടുംബ കോടതികളിലേക്ക് റഫര്‍ ചെയ്യാതെ വിവാഹമോചനം നല്‍കാവുന്നതാണെന്നും കോടതി.

മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയിലുള്ള സമാന ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. ഹിന്ദുമതത്തിലേക്കു മാറിയ യുപിയിലെ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സൈദ് വസീം റിസ്വിയാണ് ഹര്‍ജി നല്‍കിയിരുന്നത്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

വന്യമൃഗ ശല്യം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ വിദഗ്ധ പാനല്‍ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവര്‍ പാനലില്‍ ഉണ്ടാകില്ല. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ക്യാമറാ ഇടപാടില്‍ ടെണ്ടര്‍ ഇവാലുവേഷന്‍ റിപ്പോര്‍ട്ടും ഉപകരാര്‍ കമ്പനികളുടെ വിശദാംശങ്ങളും കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രസാഡിയോയും ട്രോയ്സും പ്രധാന പദ്ധതി നിര്‍വ്വഹണ സഹായികളെന്ന് എസ്ആര്‍ഐടി വ്യക്തമാക്കിയിട്ടുണ്ട്.

എ ഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് ആരാണ് പ്രതിപക്ഷ നേതാവ് എന്നു ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. വി.ഡി സതീശന്‍ തന്നെയാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

വിഭാഗീയതയും കലാപവും സൃഷ്ടിക്കുന്ന കലാസൃഷ്ടികള്‍ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സംഘപരിവാറിന്റെ കേരളാ സ്റ്റോറിയും സിപിഎം സ്പോണ്‍സര്‍ ചെയ്യുന്ന കക്കുകളി നാടകവും നിരോധിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരള സ്റ്റോറിക്കു പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭരണകൂട സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയില്‍ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ 32,000 സ്ത്രീകള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് കള്ളം പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി സിനിമയിലെ ആരോപണം വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ആരോപണത്തിന്റെ ഭാഗമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ലൗ ജിഹാദ് അടക്കം എല്ലാത്തിന്റെയും കേന്ദ്രം കേരളം എന്ന കള്ളം പ്രചരിപ്പിക്കുന്നു. സിനിമയില്‍ പറയുന്ന 32,000 പേരുടെ പട്ടിക തന്നാല്‍ യൂത്ത് ലീഗ് ഒരു കോടി രൂപ ഇനാം നല്‍കുമെന്നും ഫിറോസ്.

സിനിമാ താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും റിട്ടേര്‍ഡ് ഡിവൈഎസ്പിയുമായ മധുസൂദനനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊല്ലം സ്വദേശിയായ നടിയുടെ പരാതിയില്‍ സിനിമാ നടന്‍ കൂടിയായ റിട്ടേര്‍ഡ് ഡി വൈ എസ് പി മധുസൂദനെതിരെ ബേക്കല്‍ പൊലീസ് ഇന്നലെയാണ് കേസെടുത്തത്.

തൃശൂര്‍ പൂരത്തിന് പരിസമാപ്തി. വടക്കുന്നാഥനു മുന്നില്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍ 19 നാണ് തൃശൂര്‍ പൂരം.

സുഡാനില്‍നിന്നുള്ള 180 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി. സുഡാനില്‍നിന്ന് ജിദ്ദയില്‍ എത്തിച്ചശേഷമാണ് ഇവരെ കൊച്ചിയിലേക്കു കയറ്റിവിട്ടത്.

ഒഞ്ചിയത്ത് ചീറ്റപ്പുലിയായ പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അനുസരണയുള്ള പൂച്ചക്കൂട്ടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. പ്രധാനമന്ത്രി ഇരിക്കന്ന വേദിയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ലെന്നും മുരളീധരന്‍.

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നു. ആനയ്ക്കു കഴിക്കാന്‍ വിവിധ ഇടങ്ങളിലായി വച്ചിരുന്ന പുല്ല് ഭക്ഷിച്ചില്ല. മരുന്നു ചേര്‍ന്ന വെള്ളം വച്ചിരുന്ന വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളടങ്ങിയ ഒരു കൂട്ടം അരിക്കൊമ്പന് അരികില്‍ എത്തിയെങ്കിലും അരിക്കൊമ്പന്‍ അവര്‍ക്കൊപ്പം കൂടിയില്ല.

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനകൂട്ടം മൗണ്ട് ഫോര്‍ട്ട് സ്‌കൂളിനു സമീപം രാജന്റെ വീട് തകര്‍ത്തു. അരിക്കൊമ്പനെ കാടുകടത്തിയിട്ടും ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിന് അറുതിയില്ല.

കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഡോക്ടറടക്കം രണ്ടുപേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാറിന്റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മികച്ച ഹോമിയോപ്പതി ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി നെയ്യാറ്റിന്‍കരയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലിഫ്റ്റ് കേടായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലാ സബ് ജഡ്ജ് ബി കരുണാകരനാണു സംസ്ഥാന ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നുവെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ബിജെപിയില്‍നിന്നു രാജിവച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍. സീറ്റ് നല്‍കാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെ പേരിലോ അല്ല ബിജെപി വിട്ടത്. കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ തന്നെ വിളിച്ച് അപമാനിച്ചതിനാലാണ് പാര്‍ട്ടി വിട്ടത്. അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 14 മൊബൈല്‍ ആപ്പുകള്‍കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ആപ്പുകളാണു നിരോധിച്ചത്. പാക്കിസ്ഥാനില്‍നിന്നു സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ച ആപ്പുകളാണിവ.

ഛത്തീസ്ഗഡില്‍ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ നന്ദ് കുമാര്‍ സായി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ സാന്നിധ്യത്തിലാണ് നന്ദ് കുമാര്‍ സായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനമൂലം ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചത്.

പഞ്ചാബിലെ ലുധിയാനയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വാതക ചോര്‍ച്ച ദുരന്തത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതി ചേര്‍ത്തില്ല. വായുവില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്.

അടുത്ത കാലത്തൊന്നും തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്നാട് സര്‍ക്കാര്‍. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

കര്‍ണാടകയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നതടക്കം 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക. സൗജന്യ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍ ശ്രംഖലയായ അടല്‍ ആഹാര കേന്ദ്ര ആരംഭിക്കും. എല്ലാ ബിപിഎല്‍ വീടുകള്‍ക്കും ദിവസവും അര ലിറ്റര്‍ നന്ദിനി പാല്‍ സൗജന്യമായി നല്‍കും. പോഷണ എന്ന പേരില്‍ മാസം തോറും അഞ്ചു കിലോ ധാന്യം സൗജന്യമായി നല്‍കും തുടങ്ങിയവയാണു വാഗ്ദാനങ്ങള്‍.

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ നീട്ടിയത്. എന്നാല്‍ ധാരണ ലംഘിച്ച് സൈന്യം വെടിയുതിര്‍ത്തെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിച്ചു. ആര്‍എസ്എഫാണ് ഒളിയാക്രമണം നടത്തിയതെന്നാണ് സൈന്യം ആരോപിച്ചത്.

സിറിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഐഎസ് ഐഎസിന്റെ നേതാവ് അബു ഹുസൈന്‍ അല്‍ ഖുറാഷിയെ തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലപ്പെടുത്തി. തുര്‍ക്കി പ്രസിഡന്റ് ത്വയ്ബ് ഉര്‍ദുഗനാണ് ഇക്കാര്യം അറിയിച്ചത്.

ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം. ലഖ്നൗ പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്, ബാഗ്ലൂര്‍ ആറാം സ്ഥാനത്തും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) പ്രമോട്ട് ചെയ്യുന്ന പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് റൈറ്റ്സ് അവതരണത്തിലൂടെ 2,494 കോടി രൂപ സമാഹരിച്ചു. 2023 ഏപ്രില്‍ 27-ന് അവസാനിച്ച ഇഷ്യൂവിലൂടെ ലഭിച്ച തുക മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കുക. റൈറ്റ്സ് ഇഷ്യൂ കഴിയുമ്പോള്‍, കമ്പനിയുടെ പ്രൊമോട്ടര്‍ എന്ന നിലയില്‍ പി.എന്‍.ബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തില്‍ താഴെയാകും. എന്നാല്‍ ഇത് 26 ശതമാനത്തേക്കാള്‍ കൂടുതലായതിനാല്‍ പ്രമോട്ടര്‍ പദവി നിലനിര്‍ത്താന്‍ ബാങ്കിനാകും. 2021 മേയില്‍ 4,000 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുന്നതിനായി, പി.എന്‍.ബി ഹൗസിംഗ് മറ്റ് നിക്ഷേപകര്‍ക്കൊപ്പം സംയുക്ത സംരംഭ പങ്കാളിയായ കാര്‍ലൈല്‍ ഗ്രൂപ്പുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിയമ നടപടികളിലെ കാലതാമസം കാരണം ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 2022 മാര്‍ച്ചിലാണ് പി.എന്‍.ബി ഹൗസിംഗിന്റെ ബോര്‍ഡ് 2,500 കോടി രൂപയുടെ റൈറ്റ്സ് വിതരണത്തിന് അംഗീകാരം നല്‍കിയത്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയൊരു ഫീച്ചറിലാണ് വാട്സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചാറ്റുകള്‍ എളുപ്പം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സവിശേഷത. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇനി മുതല്‍ രണ്ട് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ വാട്സ്ആപ്പ് ചാറ്റുകള്‍ കൈമാറാന്‍ ഗൂഗിള്‍ ഡ്രൈവിന്റെ ആവശ്യമില്ല. ‘ഗൂഗിള്‍ ഡ്രൈവ് ചാറ്റ് ബാക്കപ്പുകളുടെ’ ആവശ്യമില്ലാതെ മറ്റ് ഫോണുകളിലേക്ക് വാട്സ്ആപ്പ് ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഏറ്റവും പുതിയ വാട്സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.9.19-ല്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പിലെ സെറ്റിങ്സ് തെരഞ്ഞെടുത്ത് ‘ചാറ്റ്സ്’ എന്ന ഓപ്ഷനിലേക്ക് പോയാല്‍ ഏറ്റവും താഴെയായി ‘ചാറ്റ് ട്രാന്‍സ്ഫര്‍’ എന്ന പുതിയൊരു ഫീച്ചര്‍ എത്തിയതായി കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ചാറ്റുകള്‍ മറ്റൊരു ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തുടങ്ങാനായുള്ള ഒരു ക്യൂ.ആര്‍ കോഡ് ദൃശ്യമാകും. ഈ ഫീച്ചര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ബീറ്റാ ടെസ്റ്റിങ് കഴിഞ്ഞ് എല്ലാ യൂസര്‍മാര്‍ക്കും ചാറ്റ് ട്രാന്‍സ്ഫര്‍ സൗകര്യം ലഭ്യമായേക്കും. ഐ.ഒ.എസ് യൂസര്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമില്ല.

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘ഒരു നോക്കില്‍’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരവിന്ദ് വേണുഗോപാലും ഭദ്ര രജിനും ചിത്രത്തിനായി ആലപിച്ച ഗാനത്തില്‍ ആര്‍ഷയും ഷറഫുദ്ധീനുമാണ് ഉള്ളത്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ‘മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, ആര്‍ഷ എന്നിവരും വേഷമിടുന്ന സ്റ്റെഫി ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ചിത്രം നല്‍കുന്നു.

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ‘അനുരാഗ’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു പക്കാ റൊമന്റിക് ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മെയ് അഞ്ചിന് അനുരാഗം പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യന്‍ ഡയറക്ടര്‍ ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി, ക്വീന്‍, കളര്‍പടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിന്‍ ജോസ്, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി, ഷീല, ദേവയാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘അനുരാഗ’ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിന്‍ ജോസ് തന്നെയാണ്. മനു മഞ്ജിത്ത്,മോഹന്‍ കുമാര്‍,ടിറ്റോ പി.തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതനായ ജോയല്‍ ജോണ്‍സ് സംഗീതം പകരുന്നു.

ആഡംബരത്തിന്റെ അവസാന വാക്കായി ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് വിപണിയിലെത്തിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഡിഫന്‍ഡര്‍ 130 വി8-നും ഡിഫന്‍ഡര്‍ 110നും ഒപ്പമാണ് ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ടും ഈ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫന്‍ഡര്‍ ശ്രേണിയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകളും ലഭ്യമാക്കുകയാണ് കമ്പനി. ആഡംബരപൂര്‍ണമായ ഇന്റീരിയര്‍ സ്‌പെയ്‌സും ഓള്‍-ടെറൈന്‍ ശേഷിയുമുള്ളതാണ്. അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസിക യാത്രകള്‍ക്ക് വലിയ സാധ്യതകള്‍ നല്‍കുകയാണ്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാര്‍പാത്തിയന്‍ ഗ്രേ, ഈഗര്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഉന്നത നിലവാരമുള്ള സ്‌ക്രാച്ച് റസിസ്റ്റന്റ് മോഡല്‍ ആവശ്യമുള്ളവര്‍ക്ക് സാറ്റിന്‍ പ്രൊട്ടക്ടീവ് ഫിലിമും ലഭ്യമാണ്. ഡിഫന്‍ഡര്‍ 130 ഔട്ട്ബൗണ്ട് പി 400 പെട്രോള്‍, ഡി 300 ഡീസല്‍ ഇന്‍ജനീയം എഞ്ചിന്‍ ഒപ്ഷനുകളില്‍ ലഭ്യമാണ്.

വി.കെ. ശ്രീരാമനറിയാം ചരിത്രത്തിന്റെ മൗനങ്ങളിലേക്ക് വീണുപോയവരുടെ, വീഴ്ത്തപ്പെട്ടവരുടെ ജീവിതം. അവരുടെ ഊരറിയാം. ഉള്ളറിയാം. പോരും പൊരുത്തവുമറിയാം. നിലനില്‍പ്പും നിലയില്ലായ്മയുമറിയാം. ഭാഷയറിയാം. അതിലെ ഇരുള്‍ധ്വനികളറിയാം. സിനിമയിലുണ്ടെങ്കിലും ദൃശ്യവ്യവസായത്തോടും അതുത്പാദിപ്പിക്കുന്ന കാഴ്ചക്കേടുകളോടും യോജിപ്പിലല്ല വി.കെ. ശ്രീരാമന്‍. വഞ്ചകമായ ആ ദൃശ്യാര്‍ഭാടങ്ങള്‍ക്കെതിരായ പ്രതിരോധ സംസ്‌കാരമാണ് ശ്രീരാമന്റെ ബദലെഴുത്ത്. എഴുത്തുകാരന്‍, അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, ചിത്രകാരന്‍, ചരിത്രകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ അനേകം വേഷങ്ങളില്‍ പകര്‍ന്നാട്ടം നടത്തിയ ഒരു മനുഷ്യന്റെ സമഗ്രജീവിതം സംഗ്രഹിച്ച സമാഹാരം. ‘വേറിട്ട ശ്രീരാമന്‍’. ഷാജി കെ.എന്‍. മാതൃഭൂമി. വില 255 രൂപ.

നടത്തം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് വ്യക്തമാക്കുന്ന പലപഠനങ്ങളും മുന്‍പുണ്ടായിട്ടുണ്ട്. ദീര്‍ഘനേരം ഓരേ ഇരുപ്പ് ശീലിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കണമെന്ന് ആരോഗ്യവിദഗ്ധരെല്ലാം പതിവായി ഉപദേശിക്കാറുമുണ്ട്. ഓരോ അരമണിക്കൂറിനിടയില്‍ മൂന്ന് മിനിറ്റ് നടക്കുകയാണെങ്കില്‍ ടൈപ്പ് 1 പ്രമേഹത്തെ ചെറുക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. ടൈപ് 1 പ്രമേഹം ബാധിതര്‍ ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടത് വളരെ പ്രധാനമാണ്. ദീര്‍ഘനേരം ഇരിക്കുന്നവര്‍ ഓരോ അര മണിക്കൂറിലും എഴുന്നേറ്റുനടക്കുകയോ എന്തെങ്കിലും വിധത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയോ വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പാന്‍ക്രിയാസ് ഉത്പാദിപിക്കുന്ന ഇന്‍സുലിന്റെ അളവ് കുറയുകയോ തീരെ ഇല്ലാത്ത അവസ്ഥ ഉണ്ടാകുകയോ ചെയ്യുന്ന ടൈപ് 1 പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌കോട്ലന്റ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പഠനത്തില്‍ പങ്കെടുത്തവരെ രണ്ട് വിഭാഗമായി തിരിച്ചു. ഒരു വിഭാഗം ദിവസവും ഏഴ് മണിക്കൂറോളം തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഓരോ അരമണിക്കൂറിലും മൂന്നുമിനിറ്റ് നടന്നു. രക്തത്തിലെ ഷുഗര്‍ നില പരിശോധിക്കാന്‍ ഗ്ലൂക്കോസ് മോണിറ്റ ഘടിപ്പിച്ചിരുന്നു. ഇടയ്ക്കിടെ നടന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ രക്തത്തിലെ ഷുഗര്‍ നില കുറഞ്ഞതായി കണ്ടെത്തി. രക്തത്തിലെ ഷുഗര്‍നില കുറയ്ക്കാനുള്ള ഏറ്റവും ലളിതവും സ്വീകാര്യവുമായ മാര്‍ഗമാണിതെന്നും കൂടുതല്‍ വ്യായാമമുറകള്‍ ശീലമാക്കാന്‍ ഒരു തുടക്കമായിരിക്കും ഇടവേളകളിലെ ഈ നടത്തം എന്നും ഗവേഷകര്‍ പറഞ്ഞു. നടത്തം ഉള്‍പ്പെടെയുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ അകാലമരണം പത്തുശതമാനത്തോളം തടയാം എന്ന് അടുത്തിടെ നടന്ന മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മിതമായ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നതുവഴി ഹൃദ്രോഗങ്ങളും കാന്‍സറും പ്രതിരോധിക്കാമെന്നും പഠനം വ്യക്തമാക്കി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.74, പൗണ്ട് – 102.53, യൂറോ – 89.93, സ്വിസ് ഫ്രാങ്ക് – 91.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.27, ബഹറിന്‍ ദിനാര്‍ – 216.86, കുവൈത്ത് ദിനാര്‍ -217.47, ഒമാനി റിയാല്‍ – 212.01, സൗദി റിയാല്‍ – 21.79, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.45, കനേഡിയന്‍ ഡോളര്‍ – 60.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *