നീണ്ട 17 വര്‍ഷത്തിനൊടുവില്‍ എഫ്ജെ ക്രൂസറിന്റെ ഉല്പാദനം ടൊയോട്ട അവസാനിപ്പിക്കുന്നു. അവസാന എഡിഷനായി 1,000 എഫ്ജെ ക്രൂസറുകള്‍ പശ്ചിമേഷ്യന്‍ വിപണിയില്‍ വിറ്റശേഷം ഈ വാഹനത്തെ പിന്‍വലിക്കാനാണ് ജാപ്പനീസ് കമ്പനിയുടെ തീരുമാനം. വിപണിയില്‍ തരംഗം സൃഷ്ടിച്ച എഫ്ജെ ക്രൂസര്‍ ഭാവിയില്‍ ഇവി മോഡലായി അവതരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പഴമ തുളുമ്പുന്ന രൂപവും ഓഫ് റോഡിങ്ങിന് പറ്റിയ കരുത്തുമായി 2006ലാണ് എഫ്ജെ ക്രൂസറിനെ ടൊയോട്ട അവതരിപ്പിച്ചത്. 2022 സെപ്റ്റംബറിലാണ് അവസാന എഡിഷനായി പശ്ചിമേഷ്യയില്‍ ആയിരം വാഹനങ്ങള്‍ കൂടി പുറത്തിറക്കിയ ശേഷം എഫ്ജെ ക്രൂസര്‍ പിന്‍വലിക്കുമെന്ന് ടൊയോട്ട അറിയിച്ചത്. തവിട്ടു നിറത്തിലുള്ളതായിരിക്കും ഫൈനല്‍ എഡിഷന് വാഹനങ്ങള്‍. ഫൈനല്‍ എഡിഷന് വാഹനങ്ങളില്‍ 270എച്ച്പി കരുത്തും പരമാവധി 370എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ടൊയോട്ട വി 6 എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എഫ്ജെ ക്രൂസര്‍ വില്‍ക്കുന്നില്ല. എങ്കില്‍ പോലും ചുരുക്കം ചില മോഡലുകള്‍ വാഹനപ്രേമികള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തിട്ടുമുണ്ട്. രൂപകല്‍പനകൊണ്ടും കരുത്തുകൊണ്ടും നിരവധി പേരുടെ മനം കവര്‍ന്ന ടൊയോട്ട വാഹനമാണ് എഫ്ജെ ക്രൂസറിനൊപ്പം പിന്‍വാങ്ങുന്നത്.