◾വികസന പദ്ധതികളിലൂടെ ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് ട്രെയിന്‍, കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ അടക്കം 3,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന പരിപാടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു വികസനത്തിനു നേതൃത്വം നല്കാന് കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരുണ്ട്. രാജ്യ പുരോഗതിയുടെ നേട്ടം പ്രവാസികള്‍ക്കും ലഭിക്കും. കേരളത്തിന്റെ വികസന പദ്ധതികള്‍ മാതൃകാപരമാണെന്നും മോദി പറഞ്ഞു.
◾നാലു വര്‍ഷത്തിനകം അഞ്ചര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് എത്താനാകുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍ പാളങ്ങള്‍ നിവര്‍ത്തുകയും നവീകരിക്കുകയും ചെയ്തുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. 2,033 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ റെയില്‍വേ നടപ്പാക്കുന്നത്. 110 കിലോമീറ്റര്‍ വേഗത്തില്‍ 24 മാസത്തിനുള്ളില്‍ വന്ദേ ഭാരത് സര്‍വീസ് നടക്കും. 381 കോടി രൂപ ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിലോമീറ്ററിലേക്കും വര്‍ധിപ്പിക്കും. നാലു വര്‍ഷത്തിനകം ആറു മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
◾തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി സി വണ്‍ കോച്ചില്‍ കയറി. തുടര്‍ന്ന് സി ടു കോച്ചിലെത്തി 42 വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് ഉപഹാരങ്ങള്‍ നല്കി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ശശി തരൂര്‍ എംപിയും ഒപ്പമുണ്ടായിരുന്നു.
◾തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ. വഴിയോരത്തു കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കാറിന്റെ ഡോര്‍ തുറന്നുപിടിച്ചുനിന്നുകൊണ്ടാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. മുണ്ടും ഷര്‍ട്ടും അടക്കമുള്ള കേരളീയ വേഷം തന്നെയാണ് ഇന്നും പ്രധാനമന്ത്രി ധരിച്ചത്.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്സ്ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾കൊച്ചി വാട്ടര്‍ മെട്രോ കുറഞ്ഞ ചെലവില്‍ മികച്ച ഗതാഗത സൗകര്യവും വിനോദ സഞ്ചാര വികസനവും ഉറപ്പാക്കുന്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 1,136 കോടി രൂപ മുടക്കിയാണ് കൊച്ചി വാട്ടര്‍ മെട്രോ സജ്ജമാക്കിയത്. വന്ദേ ഭാരത് ട്രെയിന്‍ അടക്കം ഉദ്ഘാടനം ചെയ്യുന്നതും തറക്കല്ലിടുന്നതുമായ പദ്ധതികള്‍ കേരളത്തിന്റെ വികസനത്തിനു ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾വികസനത്തിനു മതം തടസമാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞെന്ന് ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ എട്ടു ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരില് ഒരാളായ യാക്കോബായ സഭാ മെത്രാപൊലീത്ത ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്. കേരളത്തിലെ കര്‍ഷകരുടേയും മല്‍സ്യത്തൊഴിലാളികളുടേയും പ്രശ്നങ്ങള്‍ മെത്രാന്മാര് ഉന്നയിച്ചു. അദ്ദേഹം പറഞ്ഞു.
◾ലൈഫ് മിഷന് കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍ സുപ്രീം കോടതിയില്‍. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ പറയുന്നത്. യൂണിടാക്കുമായി താന്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. സ്വപ്നയുടെ ലോക്കറുമായി തനിക്കു ബന്ധമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി 45 മിനിറ്റു സംസാരിച്ചതിന്റെ ആനന്ദം പങ്കുവച്ച് സിനിമാ നടന് ഉണ്ണി മുകുന്ദന്. ഗുജറാത്തി ഭാഷയിലാണു സംസാരിച്ചത്. മോദി പറഞ്ഞ ഓരോ വാക്കും ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും അമൂല്യമെന്ന് ഉണ്ണി മുകന്ദന് ഫേസ് ബുക്കില്‍ കുറിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന് വിഷ്ണു മോഹന്‍. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്കു നല്കി. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
◾തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
◾സുഡാനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ‘ഓപറേഷന് കാവേരി’ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ജിദ്ദയിലെത്തി. പോര്‍ട്ട് സുഡാനില്‍നിന്നു ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കും. സൈന്യത്തിന്റെ കപ്പലായ ഐഎന്‍എസ് സുമേധയിലാണു ജിദ്ദയിലെത്തിക്കുന്നത്.
◾പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വികസന പരിപാടികളില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പ്രതിപക്ഷനേതാവായിരുന്ന തന്നെ ക്ഷണിച്ചിരുന്നെന്നും പങ്കെടുത്തിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
◾വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പില്ലാത്തതില്‍ ചെങ്ങന്നൂരിലും തിരൂരിലും പ്രതിഷേധവുമായി യുഡിഎഫ്. ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
◾വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതു കണ്ടെത്തിയപ്പോള്‍ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്കോടതിയില്‍ കീഴടങ്ങി. ബാര്‍ അസോസിയേഷന് നല്കിയ പരാതിയിലാണ് സെസിക്കെതിരേ പോലീസ് കേസെടുത്തത്.
◾ജെസിബിയിലേക്ക് ബൈക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട തേപ്പുംപാറയിലുണ്ടായ അപകടത്തില്‍ ഏഴംകുളം സ്വദേശി അംജിത് ആണു മരിച്ചത്. ജലനിധി പദ്ധതിക്കുവേണ്ടി പണിയെടുത്തിരുന്ന ജെസിബിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്.
◾ആലപ്പുഴയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടില്‍ സന്തോഷ് ഓമന ദമ്പതികളുടെ മകന് അഭിജിത്ത് (23) ആണ് മരിച്ചത്. അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകള്‍ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച റിദാന്‍ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാന്‍ മുഹമ്മദാണ് അറസ്റ്റിലായത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
◾ചാലിയം തീരത്തെ ആനങ്ങാടി ഫിഷ് ലാന്‍ഡിംഗിനു തെക്കു വശത്ത് ഒരു മൃതദേഹം അടിഞ്ഞു. മദ്ധ്യവയസ്കന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു.
◾അരൂരില്‍ റിസോര്‍ട്ടില്‍ വിവാഹ വിരുന്നിനിടെ മയക്കുമരുന്നു കച്ചവടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി ഷാരോണ്‍ (27) ആണ് പിടിയിലായത്.
◾പ്രതിപക്ഷ ഐക്യ ചര്‍ച്ചക്കായി തെലങ്കാന മഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാക്കളുടെ യോഗം ബീഹാറില്‍ ചേരുന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കില്ലെന്നു നിതീഷ് കുമാര്‍ പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
◾ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്സിംഗിനെതിരേ വനിതാ താരങ്ങളുടെ ലൈംഗിക ചൂഷണ പരാതിയില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡല്‍ഹി പോലീസിനോടു സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം പരാതിപ്പെട്ടിട്ടും എഫ്ഐആര്‍ ഫയല്‍ ചെയ്യാത്തതിന് 28 നകം വിശദീകരണം വേണമെന്നു കോടതി. വനിതാ താരങ്ങള്‍ക്കുവേണ്ടി കപില്‍ സിബലാണ് ഹാജരായത്.
◾തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടര്‍ന്നു. ജി സ്ക്വയര്‍ റിലേഷന്‍സ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി അമ്പതിടങ്ങളിലാണ് പരിശോധന നടന്നത്. എംകെ സ്റ്റാലിന്റെ മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നു.
◾സുഡാനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍. വിദേശികളെ ഒഴിപ്പിക്കാനാണ് വെടിനിര്‍ത്തല്‍ സമയം നീട്ടിയത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തില്‍ 427 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
◾അഞ്ച് കൊറിയന്‍ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരന് ബാലേഷ് ധന്‍ഖര്‍ കുറ്റക്കാരനെന്ന് ഓസ്ട്രേലിയന്‍ കോടതി. മയക്കുമരുന്നു നല്കിയ ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരന് എന്നാണു പ്രതിയെ കോടതി വിശേഷിപ്പിച്ചത്.
◾ഉപവാസമനുഷ്ഠിച്ചു മരിച്ചാല്‍ സ്വര്‍ഗം നേടാമെന്നു വിശ്വസിച്ച് ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യന്‍ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങള്‍ കൂടി കെനിയയില്‍ കണ്ടെടുത്തു. അന്ധവിശ്വാസത്തിന്റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. പട്ടിണി മരണത്തിനു പ്രേരിപ്പിച്ച ‘ഗുഡ്ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന കൂട്ടായ്മയടെ നേതാവ് പോള്‍ മക്കെന്‍സീ എന്‍തെംഗെയെ പൊലീസ് അറസ്റ്റു ചെയ്തു.
◾ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം.
◾വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള പണമയയ്ക്കല്‍ 2022-ല്‍ 8 കോടി ലക്ഷം കടന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇതില്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 15 ശതമാനം കുറഞ്ഞ് 3 ലക്ഷം കോടി രൂപയായി. ഖത്തര്‍, സൗദി അറേബ്യ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിച്ചതാണ് 8 ലക്ഷം കോടി രൂപ കടക്കാന്‍ സഹായിച്ചത്. യു.എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച പണമടയ്ക്കല്‍ ഒഴുക്ക് വര്‍ധിക്കാന്‍ സഹായിച്ചു. 2020-21 സാമ്പത്തിക വര്‍ഷം കോവിഡ് മൂലം ഇന്ത്യയിലേക്കുള്ള വ്യക്തിഗത പണം കൈമാറ്റങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങി സുസ്ഥിരവും വേഗത്തിലുള്ളതുമായ വര്‍ധനവിന്റെ പ്രവണത പുനരാരംഭിച്ചതായി ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് 2022-ല്‍ ഏകദേശം 51 ലക്ഷം രൂപയയച്ചു. ഇത് പ്രതിവര്‍ഷം 5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് തുല്യമായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം 2023-ല്‍ ഇന്ത്യയില്‍ പണമയയ്ക്കല്‍ ഒഴുക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചു. 2023-ല്‍ ദക്ഷിണേഷ്യയിലേക്കുള്ള പണമയയ്ക്കല്‍ വളര്‍ച്ച 0.7 ശതമാനമായി കുറയുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു.
◾രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വി കേരള സര്‍ക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വോയ്സ് ഓവര്‍ വൈഫൈ സേവനം അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മുഖ്യ നഗരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സേവനം ലഭ്യമാണ്. കെട്ടിടങ്ങള്‍ക്കുള്ളില്‍ എല്ലാ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജായിരിക്കും വി വോയ്സ് ഓവര്‍ വൈഫൈ ലഭ്യമാക്കുക. വൈഫൈയില്‍ കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ വീട്ടിലായാലും ഓഫിസിലായാലും കോളുകള്‍ മുറിഞ്ഞു പോകാതെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയും കോളുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കും. കേരള സര്‍ക്കിളിലെ വി പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വോയ്സ് ഓവര്‍ വൈഫൈ കോളുകള്‍ ഇപ്പോള്‍ അധിക ചാര്‍ജില്ലാതെ നടത്താം. ലളിതമായ രീതിയില്‍ വി ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണില്‍ തികച്ചും സൗജന്യമായി വോയ്സ് ഓവര്‍ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റു ചെയ്യാം.
◾അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ഏജന്റിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘വൈല്‍ഡ് സാല’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഘുറാം ആണ്. ഭീംസ് സെസിറോലിയോ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രവണ ഭാര്‍ഗവി, ഭീംസ് സെസിറോലിയോ, സ്വാതി റെഡ്ഡി യുകെ, അമല ചെബോലു എന്നിവരാണ്. മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തില്‍ മലയാളികള്‍ക്കുള്ള പ്രത്യേക താല്പര്യം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. മേജര്‍ മഹാദേവന് എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്.
◾സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ ടോപ്ലെസ് ആയി നടി പായല്‍ രജ്പുത്. ആര്‍എക്സ് ഹണ്ട്രഡ് എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന് അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന ‘മംഗള്‍വാരം’ എന്ന ചിത്രത്തിലാണ് നടി ടോപ്ലെസ് ആയത്. മലയാളത്തില്‍ സിനിമയുടെ പേര് ‘ചൊവ്വാഴ്ച’ എന്നാണ്. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ് ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. കാന്താര ഫെയിം അജനീഷ് ലോക്നാഥ് ആണ് സംഗീതം. പഞ്ചാബ് സ്വദേശിയായ പായല്‍ രജ്പുത് ടെലിവിഷന്‍ രംഗത്തുനിന്നാണ് സിനിമയിലെത്തുന്നത്. ആര്‍എക്സ് ഹണ്ട്രഡ് എന്ന ചിത്രമാണ് നടിയെ തെന്നിന്ത്യയില്‍ ശ്രദ്ധേയയാക്കിയത്. ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്. പിന്നീട് റിലീസ് ചെയ്ത ആര്‍ഡിഎക്സ് ലൗ എന്ന സിനിമയിലും പായലിന്റെ ഗ്ലാമര്‍ പ്രകടനം ആരാധകരെ കൂട്ടി.
◾405 കിമി റേഞ്ചുള്ള പുതിയ ഇലക്ട്രിക്ക് കാറുമായി ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി. സീഗല്‍ എന്ന ഈ ഇവിയെ ചൈനീസ് വിപണിയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 11,400 ഡോളര്‍ അല്ലെങ്കില്‍ 78,800 യുവാന്‍ (ഏകദേശം 9.35 ലക്ഷം രൂപ) വിലയുള്ള ഈ ഇലക്ട്രിക്ക് കാറിന് ആദ്യ 24 മണിക്കൂറിനുള്ളില്‍ 10,000-ത്തില്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചു. യഥാക്രമം 305കിമീ, 405കിമീ റേഞ്ചുള്ള 30കിലോവാട്ട്അവര്‍, 38കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകള്‍ ഉള്ള രണ്ട് വേരിയന്റുകളിലാണ് സീഗല്‍ ഇവി എത്തുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഇതിനകം 10,000-ത്തിലധികം പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചതിന്റെ അമ്പരപ്പിലാണ് വാഹനലോകം. കമ്പനിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ബിവൈഡി സീഗല്‍. 55 കിലോവാട്ട് (74 കുതിരശക്തി) റേറ്റുചെയ്ത മുന്‍വശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ ഇതിന്റെ സവിശേഷതയാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 30-കിലോവാട്ടും 38-കിലോവാട്ടും. യഥാക്രമം 305 കിലോമീറ്ററും 405 കിലോമീറ്ററും സിഎല്‍ടിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 30 മിനിറ്റ് എടുക്കും.
◾തറയും തറവാടും എന്താണ്? എന്നുണ്ടായി? നായര്‍ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന കൃതി. പ്രാചീന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമേ പരിഷ്കരണപ്രസ്ഥാനങ്ങള്‍, ദുഷിച്ച ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രശസ്ത ചരിത്രകാരനായ കെ.ശിവശങ്കരന് നായരും ഡോ.വി. ജയഗോപന് നായരും ചേര്‍ന്ന് തയ്യാറാക്കിയ കൃതി. ‘നായര്‍ – ചരിത്രദൃഷ്ടിയിലൂടെ’ ഡിസി ബുക്സ്. വില 252 രൂപ.
◾കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫ്രെഞ്ച് ഫ്രൈസ്. ഇത് അമിതമായി കഴിക്കുന്നത് മാനസികാരോഗ്യത്ത പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകളെ 11 വര്‍ഷത്തിലേറെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഫ്രൈഡ് ഭക്ഷണം കഴിച്ചിരുന്ന 8,294 പേരില്‍ വിഷാദവും 12,735 പേരില്‍ ഉത്കണ്ഠയും ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രകടമായെന്ന് പഠനത്തില്‍ പറയുന്നു. ചൈനയിലെ ഹാങ്ഷൂവിലെ ഗവേഷകര്‍ നടത്തിയ പഠനം പിഎന്‍എഎസ് (പ്രൊസീഡിങ്സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.96, പൗണ്ട് – 102.17, യൂറോ – 90.40, സ്വിസ് ഫ്രാങ്ക് – 92.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.57, ബഹറിന്‍ ദിനാര്‍ – 217.41, കുവൈത്ത് ദിനാര്‍ -267.63, ഒമാനി റിയാല്‍ – 212.87, സൗദി റിയാല്‍ – 21.85, യു.എ.ഇ ദിര്‍ഹം – 22.32, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 60.34.