ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ രണ്ടു വിമാനങ്ങള്‍ ജിദ്ദയില്‍ സജ്ജമാക്കി. നാവിക സേനാ കപ്പലായ ഐഎന്‍എസ് സുമേധ സുഡാന് തുറമുഖത്ത് എത്തിയിട്ടുണ്ട്. വെടിനിറുത്തില്‍ നിലവിലുള്ള രണ്ടു ദിവസത്തിനകം പരമാവധി പേരെ പുറത്തെത്തിക്കാനാണ് ശ്രമം.
സംസ്ഥാനത്ത് അതിദരിദ്രരായി 64,006 കുടുംബങ്ങള്‍. ഇവര്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4 ശതമാനം മലപ്പുറം ജില്ലയിലും 11.4 ശതമാനം തിരുവനന്തപുരം ജില്ലയിലുമാണ്. ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വന്ദേ ഭാരത് ട്രെയിനും വാട്ടര്‍മെട്രോയും അടക്കം വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി കേരളത്തിലേക്ക്. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള യുവം പരിപാടിയും ക്രൈസ്തവ മത മേലധ്യക്ഷരുമായുള്ള കൂടിക്കാഴ്ചയും അടക്കമുളള പരിപാടികളിലും മോദി പങ്കെടുക്കും. ജനബാഹുല്യം കണക്കിലെടുത്ത് മോദിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം ഒന്നേ മുക്കാല്‍ കിലോമീറ്ററായി വര്‍ധിപ്പിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ പരിഷ്കരിച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.
ലൈംഗിക പീഡനം ആരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണല്‍ ശരണ്‍ സിംഗിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം. പ്രായപൂര്‍ത്തിയാകാത്ത താരവും ഇക്കൂട്ടത്തിലുണ്ട്. ബിജെപിയുടെ അനുഗ്രഹാശിസുകളുള്ള ബ്രിജ് ഭൂഷണിനെതിരേ ഏഴു വനിതാ താരങ്ങള്‍ പരാതി നല്കി മാസങ്ങളായിട്ടും പോലീസ് കേസെടുത്തിട്ടുപോലുമില്ല. ഡല്‍ഹി വനിതാ കമ്മീഷന് പോലീസിനോടു വിശദീകരണം തേടി.
കാമറ ഇടപാടില്‍ ക്രമക്കേടില്ലെന്ന് കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തി. എല്ലാം സുതാര്യമാണ്. പദ്ധതി തുക ആദ്യം മുതല്‍ 235 കോടിയായിരുന്നു. ചര്‍ച്ചയ്ക്കുശേഷം 232 കോടിയാക്കി കുറച്ചു. എസ്ആര്‍ഐടി എന്ന കമ്പനിക്ക് 151 കോടി രൂപയുടെ ഉപകരാര്‍ നല്കി. ബാക്കി തുക സംവിധാനങ്ങള്‍ ക്രമീകരിക്കാനും കെല്‍ട്രോണിന്റെ ചെലവിനുമായി വിനിയോഗിക്കുകയാണ്. ഒരു ക്യാമറ സിറ്റത്തിന്റെ വില ഒമ്പതര ലക്ഷം രൂപയാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനം, സര്‍വര്‍ റൂം, പലിശ തുടങ്ങിയ ഇനങ്ങളില്‍ ചെലവുണ്ട്. ആ കമ്പനി ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ല. ഒരാള്‍ക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കണ്ട്രോള് റൂമിലെ ജീവനക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കെഎസ്യു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 12 ഭാരവാഹികള്‍ ഒഴിയും. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനും രാജിവച്ചു. പ്രായപരിധി കഴിഞ്ഞവരും വിവാഹം കഴിഞ്ഞവരും ഒഴിയണമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നിര്‍ദേശിച്ചിരുന്നു.
വയനാട് പുഴമുടിയില്‍ കാര്‍ മറിഞ്ഞ് മൂന്നു പേര് മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കല്‍പ്പറ്റ – പടിഞ്ഞാറത്തറ റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് താഴ്ചയിലേക്കു മറിഞ്ഞത്.
വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്ദേ ഭാരതിന് അര മണിക്കൂര്‍ മാത്രമാണ് സമയ ലാഭം. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ ആറാം നിലയില്‍നിന്ന് താഴേക്കിറക്കിയത് ചുമട്ടു തൊഴിലാളികള്‍. ഒരു മാസമായി തകരാറിലായ ലിഫ്റ്റ് നന്നാക്കാത്തതിനാലാണ് ഓട്ടോ ഡ്രൈവറായ രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കേണ്ടിവന്നത്. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. രണ്ടു ദിവസംമുമ്പേ ഡിസ്ചാര്‍ജായെങ്കിലും രണ്ടു ദിവസത്തിനകം ലിഫ്റ്റ് ശരിയാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. ഒടുവില്‍ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടുകയായിരുന്നു.
തിരുവനന്തപുരം മൃഗശാലയിലെ ഇലക്ട്രിക് വാഹനം അപകടത്തില്‍പെട്ട് രണ്ടു പേര്‍ക്കു പരിക്ക്. ജീവനക്കാര്‍ താക്കോലെടുക്കാന്‍ മറന്നു പോയ വാഹനത്തില്‍ കുട്ടികള്‍ കയറി കളിച്ചതിനിടെ വാഹനം സ്റ്റാര്‍ട്ടായി മുന്നോട്ടുപോയി രണ്ടു പേരെ ഇടിക്കുകയായിരുന്നു.
തായമ്പകയില്‍ റിക്കാര്‍ഡ് മേളം തീര്‍ത്ത് കോഴിക്കോട്ടെ വാദ്യകലാകാരന് മനു നല്ലൂര്. ആറുപകലും അഞ്ചു രാത്രിയുമായി തായമ്പകയില്‍ 125 മണിക്കൂറും 18 മിനിറ്റുമാണ് മനു നല്ലൂര് കൊട്ടിക്കയറി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് സ്വന്തമാക്കിയത്.
ബിജെപിയുടെ അഴിമതിയെ ചോദ്യം ചെയ്തു സമരം നടത്തിയത് എങ്ങനെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്ത്തനമാകുന്നതെന്നു രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. അഴിമതിക്കെതിരെ നടപടി വേണം. ആറു മാസം മാത്രമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിനുള്ളത്. വിശദീകരണം തേടിയുള്ള എഐസിസിയുടെ നോട്ടീസ് തന്നെ അത്ഭുതപ്പെടുത്തിയെന്നും സച്ചിന് പൈലറ്റ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍. ബിജെപിയില്‍നിന്ന് ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്. ലിംഗായത്തുകാരുടെ വൈകാരിക കേന്ദ്രമായ കൂടലസംഗമയില്‍ ബസവേശ്വരജയന്തി ആഘോഷങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.