ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കു സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 140 കിലോമീറ്ററിനലേറെ ദൂരമുള്ള സ്ഥലങ്ങളിലേക്കു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതു വിലക്കിക്കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ് കോടതി തടഞ്ഞു. ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിനിനെ വരവേല്‍ക്കാന്‍ നിരവധി പേര് റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.
വന്ദേ ഭാരത് ട്രെയിന്‍ 25 നു പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേ ഭാരത് എന്നാണ് ബിജെപിയുടെ അവകാശവാദം.
ട്രെയിന്‍ തീവയ്പു കേസില്‍ അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. എഡിജിപി എം ആര് അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും എത്തിയിരുന്നു. ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്നാണു പോലീസിന്റെ സംശയം. ട്രെയിനിനകത്ത് ഇയാള്‍ വസ്ത്രം മാറിയത് മറ്റാരുടേയെങ്കിലും സഹായത്തോടെയാകണം. പ്രതി ഷാറൂഖ് സെയ്ഫിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കോ മറ്റെവിടേയെക്കെങ്കിലുമോ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനം സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം. അരിക്കൊമ്പനെ സ്വകീരിക്കാന്‍ ഒരു പ്രദേശവാസികളും തയാറാല്ലെന്നും മന്ത്രി. ഇതേസമയം, അരിക്കൊമ്പനെ പിടികൂടി കാട്ടില്‍ വിടുമ്പോള്‍ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ ആസാമില്‍നിന്ന് ഇന്നെത്തും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്.
അരിക്കൊമ്പനെ മംഗളവനത്തിലേക്കു മാറ്റണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ ട്രോളുകള്‍. പറമ്പിക്കുളത്തേക്കു മാറ്റണമെന്ന് ഉത്തരവിട്ട ഹൈക്കോടതി നിലകൊള്ളുന്ന പ്രദേശമാണ് മംഗളവനം. ജഡ്ജിമാര്‍ ശീതീകരിച്ച ചില്ലുമേടകളില്‍ ഇരിക്കുന്ന ഈ പ്രദേശമാണ് അരിക്കൊമ്പനെ തുറന്നിവിടാന് അനുയോജ്യമെന്നാണ് പരിഹാസം.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ. മലര് നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി) പുറത്തു ക്യൂ നില്ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കും. ഇതിനാല്‍ ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
കഴിഞ്ഞ വര്‍ഷം മദ്യവില്പനയിലൂടെ സംസ്ഥാന ഖജനാവില്‍ എത്തിയത് 18,500 കോടി രൂപ. ഇതില്‍ നികുതി വരുമാനം 16,100 കോടി രൂപയാണ്. ബാക്കിയുള്ള 2,400 കോടി രൂപയില്‍നിന്നാണു മദ്യക്കമ്പനികള്‍ക്കും ബിവറേജസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവായ തുക.
സാമൂഹ്യ സുരക്ഷാ പെന്ഷന് വാങ്ങുന്നവരില്‍ പത്തു ശതമാനത്തോളം പേര്‍ക്കു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമുള്ളതെന്ന് മന്ത്രി എം.ബി രാജേഷ്. എല്ലാവര്ക്കും പെന്ഷന് കൊടുക്കുന്നത് കേന്ദ്രമാണെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിക്കാര്‍ ഇനിയെങ്കിലും നുണ പ്രചരാണം നിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്ഷന് വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് ആവശ്യമുള്ളത് 1503.92 കോടി രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി 30.8 കോടിയാണ് ലഭിക്കേണ്ടത്. ബാക്കി 1473.12 കോടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്കു നല്‍കുന്നത്. കേന്ദ്ര വിഹിതം തുച്ഛമാണെങ്കിലും കൃത്യമായി നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ക്രൈസ്തവ സഭയെ ചേര്‍ത്തു നിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ ആശങ്കയുമായി കോണ്‍ഗ്രസ്. വിഷയം ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെ.സി. ജോസഫ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്തു നല്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ 20 നു കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് സുധാകരന് അറിയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുഷ്ചെയ്തികളുടെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാനത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൂട് കൂടിയതിനനുസരിച്ച് വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തില്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റിക്കാഡ് ഉപയോഗം. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.
കേസില്‍നിന്നു പിന്മാറാന് പണം വാങ്ങി കബളിപ്പിച്ചെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണു ചേരാനല്ലൂര്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കുടുംബ കോടതി കേസില്‍നിന്നു പിന്മാറാന് സൈബി അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.
ബലാത്സംഗക്കേസില്‍ പൊലീസുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവ്. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പൊലീസുകാരനായ ചൂഴാറ്റുകോട്ട നിരപ്പുവിള ആശ്രയ വീട്ടില്‍ അഭയന് (47), പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മന്‍സിലില്‍ സച്ചു എന്ന സജാദ്(33), വിളവൂര്‍ക്കല്‍, ചൂഴാറ്റുകോട്ട, വിളയില്‍ക്കോണം സെറ്റില്‍മെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്(32) എന്നിവരെയാണ് തിരുവനന്തപുര സെഷന്‍സ് കോടതി ശിക്ഷിച്ചത്.
നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുകാല്‍ അരുവിയോട് സ്വദേശി വര്‍ഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി, യുവാവ് കൊല്ലപ്പെട്ട നിലയില്‍. ചന്തിരുര്‍ സ്വദേശി ഫെലിക്സാണു മരിച്ചത്. തലയ്ക്കും മുഖത്തും കല്ല്ുകൊണ്ട് ഇടിയേറ്റ നിലയില്‍ ആലപ്പുഴ അരൂരില്‍ റോഡരികിലാണു മൃതദേഹം കണ്ടെത്തിയത്. ൃ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍വച്ചുതന്നെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്. ഷാരോണിന്റെ സഹോദരന് ഷിമോണ്‍ ഈ ആവശ്യവുമായി നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുമുണ്ട്. ഗ്രീഷ്മയ്ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹര്‍ജിയില്‍ 28 ന് കോടതി വാദം കേള്‍ക്കും.
ഹരിപ്പാട് കായലില്‍ കാണാതായ ഒരു വിദ്യാര്‍ഥിയുടെ കുടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഇന്നലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
ഷാര്‍ജയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശാണ് പിടിയിലായത്.
താമരശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം പൊലീസ് അ്വേഷിക്കുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. സെക്കന്‍ഡുള്ള വീഡിയോ സന്ദേശമാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിനു പിറകേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തിന്റെ വികസനത്തിനും വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ട്രെയിന്‍ പെട്ടന്ന് എത്തിയതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് ഡിവൈഎഫ്ഐ. ഇത് കേന്ദ്രത്തിന്റെ കപട രാഷ്ട്രീയമാണ്. കേരളത്തിനു സ്വാഭാവികമായി ലഭിക്കേണ്ട ടെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണന്, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിന് നാഥ് എന്നിവരെ പത്ത് വര്‍ഷം കഠിന തടവിനും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ ഉപവാസ സമരം നടത്തിയ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിനെതിരെ നടപടി എടുത്തേക്കില്ല. സച്ചിന് പൈലറ്റുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗ, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.