എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി നാളെ വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകും. കല്‍പറ്റയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുഡിഎഫ് റോഡ്ഷോയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും. റോഡ്ഷോയില്‍ പാര്‍ട്ടികൊടികള്‍ക്കു പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. ‘സത്യമേവ ജയതേ’ എന്ന പേരില്‍ ഉച്ചയ്ക്ക് മൂന്നിന് കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്ഷോയ്ക്കുശേഷം ‘സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം’ എന്ന പേരില്‍ പൊതുസമ്മേളനം നടക്കും.
ബിജെപിയുടെ തനിനിറം എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പള്ളി സന്ദര്‍ശനം മുന്‍ ചെയ്തികളുടെ പ്രായശ്ചിത്തമെങ്കില്‍ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മറ്റേ രുചിയറിഞ്ഞ പുലി വേറെയൊരു വഴി സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹര്‍ജി. ഭിന്ന വിധി പറഞ്ഞ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ നാളെ കേസ് പരിഗണിക്കും. ഫുള്‍ ബെഞ്ച് മറ്റന്നാള്‍ കേസ് പരിഗണിക്കുന്നതിന് മുമ്പാണ് റിവ്യു ഹര്‍ജി പരിഗണിക്കുന്നത്.
സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി സ്ഥാനം തെരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി പുതുതായി നല്‍കിയിട്ടുണ്ട്.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ജോസ് കെ മാണിയുടെ മകന്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും പോലീസ് ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ പ്രതി കെഎം മാണി ജൂനിയറിന്റെ പേില്ല. 45 വയസുള്ള ആളെന്നുമാത്രമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയത്. അപകടം നടന്നയുടനെ ജോസിന്റെ മകന്റെ രക്തസാമ്പിള്‍ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അടക്കം പ്രതിയായ എന്‍ഫോഴ്‌സ്‌മെന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ കേസിന്റെ വിചാരണ യുപിയില്‍ നിന്നു കേരളത്തിലേക്കു മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.
സുഗതകുമാരിയുടെ വീട് സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് മകള്‍ ലക്ഷ്മി ദേവി. വരദ എന്ന വീട് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിവേദനം നല്‍കിയിട്ടില്ലെന്നും ലക്ഷ്മി ദേവി പറഞ്ഞു. കാറു കയറാത്ത വീടാണത്. വീട് വാങ്ങിയവരെ ഇപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയാണ്. സ്മാരകമാക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള അഭയ എന്ന തറവാടാണ് യോജ്യമെന്നും ലക്ഷ്മി ദേവി പറഞ്ഞു.
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ തന്റെ കൈ ഒടിഞ്ഞില്ലെന്നു വ്യാജ പ്രചാരണം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ക്കും ദേശാഭിമാനി പത്രത്തിനും എതിരേ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ വക്കീല്‍ നോട്ടീസയച്ചു. അപകീര്‍ത്തി പ്രചാരണം നടത്തിയതിനാണു നോട്ടീസ്. മാപ്പപേക്ഷിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യാനായി കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ടിപ്പര്‍ ഇടിച്ചു മരിച്ചത് കൊലപാതകമാണെന്ന് പോലീസ്. പ്രതി കീഴാറൂര്‍ മരുതംകോട് സ്വദേശി ശരത് ആണ് നെയ്യാറ്റിന്‍കര കോടതിയില്‍ കീഴടങ്ങി. ഇരുവരും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനാണ് പെരിന്തല്‍മണ്ണ ഏലംകുളത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നതെന്നു പോലീസ്. ഏലംകുളം വായനശാലയ്ക്ക് സമീപമുള്ള പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്.
അരുണാചല്‍ പ്രദേശിലെ ചൈന അതിര്‍ത്തിയിലുള്ള കിബിത്തൂ ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമമാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്നത് ഇവിടെയാണ്. വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.
അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരെ ചൈന. ചൈനീസ് അധീന മേഖലയെന്നും സന്ദര്‍ശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നും ചൈനീസ് വിദേശകാര്യവക്താവ്. അരുണാചലിലെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെയാണ് ചൈന ഇങ്ങനെ പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധി വിദേശത്ത് ആരെയെല്ലാം കാണുന്നുണ്ടെന്നു വ്യക്തമാക്കണമെന്നു ബിജെപി. കോണ്‍ഗ്രസ് വിട്ട സീനിയര്‍ നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചിരുന്നു. രാഹുല്‍ വിദേശത്ത് പോകുമ്പോള്‍ കളങ്കിത വ്യവസായികളെ കാണാറുണ്ടെന്ന് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു. ഇതാരൊക്കെയാണെന്ന് രാഹുല്‍ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ 13.43 കോടി ഫോളോവേഴ്സുള്ള ശതകോടീശ്വരന്‍ 194 അക്കൗണ്ടുകള്‍ മാത്രമാണ് പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 8.77 കോടി ഫോളോവേഴ്സ് ഉണ്ട്.
ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവില്‍ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതിനു ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ മാപ്പപേക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് ട്വിറ്ററിലൂടെ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിച്ചത്.