മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പായ വാട്സ്ആപ്പ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി നിരോധിച്ചത് റെക്കോര്‍ഡ് നമ്പര്‍ അക്കൗണ്ടുകള്‍. ഫെബ്രുവരിയില്‍ 45.97 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചതായി അവരുടെ തന്നെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്തത്. ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം, 2021-ന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്സ്ആപ്പ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. 13 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ നിരോധിക്കപ്പെട്ടതായി വാട്ട്സ്ആപ്പ് അറിയിച്ചു. പ്ലാറ്റ്ഫോമിന് ഫെബ്രുവരി മാസത്തില്‍ 2,804 പരാതികള്‍ ലഭിച്ചതായും ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 504 അക്കൗണ്ടുകള്‍ക്കെതിരെ പരിഹാര നടപടികള്‍ സ്വീകരിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി. ജനുവരി മാസത്തില്‍ 29.18 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.