ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അമിതവണ്ണമുള്ളവരാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ അമ്മക്ക് കോവിഡ് വന്നിട്ടുണ്ടെങ്കില്‍ അത്തരം കുട്ടികള്‍ വലുതാകുമ്പോള്‍ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഗവേഷകര്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഗര്‍ഭിണികളായിരിക്കെ കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച 150 കുട്ടികളിലാണ് പഠനം നടത്തിയത്. രോഗം ബാധിക്കാത്ത അമ്മമാരുടെ 130 കുട്ടികളേയും പരീക്ഷണത്തില്‍ ഉല്‍പ്പെടുത്തിയിരുന്നു. കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ജനനസമയത്ത് ഭാരം കുറവും അതിനുശേഷം ആദ്യവര്‍ഷം ഉയര്‍ന്ന തോതില്‍ ഭാരക്കൂടുതലും ഉണ്ടായതായി കണ്ടെത്തി. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസ’ ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.