ദുരിതാശ്വാസ നിധി വകമാറ്റിയതിനു മുഖ്യമന്ത്രിക്കെതിരായ കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായതിനാലാണു ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും വിധി പറയുക.
വില വര്‍ധന നാളെ മുതല്‍. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ 2 രൂപ അധികം നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെവിലയും നാളെ മുതലാണ് കൂടുന്നത്. ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രുപയിലേറെ വിലയുള്ളതിന് 40 രൂപയും വര്‍ധിക്കും. വാഹന രജിസ്ട്രേഷന്, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവയും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശമനുസരിച്ച് പുകയില ഉല്പന്നങ്ങള്ക്കും സ്വര്‍ണം, വെള്ളി എന്നിവയ്ക്കും വില വര്‍ധിക്കും. 84 ഇനം ഔഷധങ്ങള്‍ക്കും 12 ശതമാനം വില വര്‍ധിക്കും. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ… https://dailynewslive.in/price-hike-from-april-1-st/ )
വിവാദ സോണ്ട കമ്പനിയില്‍ 50 ലക്ഷം യൂറോ നിക്ഷേപിച്ചത് നെതര്‍ലാന്‍ഡ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള യോഗത്തില്‍ പങ്കെടുത്തതിനുശേഷമെന്ന് ജര്‍മ്മന്‍ നിക്ഷേപകനായ പാട്രിക്ക് ബൗവര്‍. എംബസി ക്ഷണമനുസരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സോണ്ട കമ്പനിയില്‍ നിക്ഷേപിച്ച തുകയ്ക്കു വാഗ്ദാനം ചെയ്ത ആദായം തരാതെ വഞ്ചിച്ചെന്ന് പാട്രിക് ബൗവര്‍ പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരായ ഹര്‍ജിയിലെ ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് ആര് എസ് ശശികുമാര്‍. നീതിക്കുവേണ്ടി സുപ്രീംകോടതിയില്‍ പോകാനും തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയ്ക്കു മുന്പിലുള്ളത് സത്യസന്ധമായ കേസാണ്. ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്കു തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ജലീലിന്റെ ഭീഷണിക്ക് ലോകായുക്തയില്‍നിന്ന് ഇപ്പോഴാണ് ഫലമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിചിത്ര വിധി ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കും. ഈ വിധി പറയാന്‍ ഒരു വര്‍ഷം വച്ചു താമസിപ്പിച്ചത് എന്തുകൊണ്ടാണ്. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സതീശന്.
ജയിലുകളില്‍ ഫ്രീഡം കെയര്‍ എന്ന പേരില്‍ സാനിട്ടറി പാഡുകള്‍ തയാറാക്കുന്നു. വനിത തടവുകാരുടെ പുനരധിവാസം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ജയിലിലാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. കുറഞ്ഞ നിരക്കില്‍ സാനിട്ടറി പാഡുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമം വിജയിച്ചാല്‍ മറ്റ് ജയിലുകളിലും പ?ദ്ധതി നടപ്പിലാക്കും.
പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. സംസ്കാരം നാളെ രണ്ടിന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളിയില്‍.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ധാരണയായി. മയക്കുവെടി വച്ച് കൂട്ടിലടക്കില്ല. ഉള്‍വനത്തിലേക്ക് മാറ്റും. മദപ്പാട് മാറിയശേഷം റേഡിയോ കോളര്‍ ഘടിപ്പിക്കാനും ശുപാര്‍ശ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വീട്ടുജോലിക്കാരെ സംശയിക്കുന്നതായാണു റിപ്പോര്‍ട്ട്.
കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അടിമലത്തുറ സ്വദേശി അജയ (26) നെ പിടിക്കാന്‍ ശ്രമിച്ച പൊലീസിനെ കാറിടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി.
കാറിലിടിച്ച കെഎസ്ആര്‍ടിസി ബസ് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായ നാഷ് ധനപാലനാണ് ഹരിപ്പാട് നങ്ങാര്കുളങ്ങരയില് മര്‍ദനമേറ്റത്. കാര്‍ ഡ്രൈവര്‍ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിദേശ രാജ്യങ്ങള്‍ നീരസം പ്രകടിപ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു വിദേശരാജ്യവും വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടന്നാണ് ഇന്ത്യയുടെ നിലപാട്.
രാഹുല്‍ഗാന്ധിക്കു രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എച്ച്.എച്ച്. വര്‍മയെ ജില്ലാ ജഡ്ജിക്കാക്കി സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ ഉള്‍പെടുത്തി. സംഭവം വിവാദമായിരിക്കുകയാണ്. പരാതിക്കാരനായ പൂര്‍ണേഷ് മോദി എംഎല്‍എയ്ക്കും സ്ഥാനക്കയറ്റം ഉണ്ടാകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ച.
രാഹുല്‍ഗാന്ധി വിഷയത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമില്ലെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ അമേരിക്കയും ജര്‍മ്മനിയും പ്രതികരിച്ചിരുന്നു. ഇതിന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് നന്ദി പ്രകടിപ്പിച്ചതിനോടാണ് കപില്‍ സിബലിന്റെ പ്രതികരണം.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 35 ആയി. കിണറിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.
കര്‍ണാടകത്തില്‍ ബെല്ലാരി സിറ്റി കോര്‍പ്പറേഷന്റെ മേയറായി 23 കാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ഡി ത്രിവേണിയാണ് മേയര്‍.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സ്വന്തം ബയോപിക് ഇറക്കുന്നു. ലീഡര്‍ രാമയ്യ എന്നു പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന് സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.
തമിഴ്നാട്ടിലെ വെല്ലൂരില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടു യുവതിയേയും സുഹൃത്തിനേയും തടഞ്ഞുവച്ച് ആക്രമിച്ച സംഭവത്തില്‍ ഏഴു പേര് അറസ്റ്റില്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം അക്രമികളെ പിടികൂടിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബസ്മന്തിയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഞ്ഞൂറിലേറെ കടകള്‍ക്കു നാശനഷ്ടമുണ്ടായി.
കൊതുകുതിരിയിലെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തില്‍ ആറു പേര് മരിച്ചു. രാത്രി മുഴുവന്‍ കൊതുകുതിരി കത്തിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് മേഖലയില്‍ വീട്ടില്‍ ആറു പേര് മരിച്ചത്.
ലൈംഗികാരോപണ കേസ് 1,30,000 ഡോളര്‍ നല്കി ഒതുക്കിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂ യോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി ക്രിമിനല്‍ കുറ്റം ചുമത്തി. ട്രംപിനോട് അടുത്തയാഴ്ച കീഴടങ്ങണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. 2016- ലെ തെരഞ്ഞെടുപ്പിനു മുന്‍പ് പോണ് താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷ ഡോക്ടര്‍ വെടിയേറ്റു മരിച്ചു. ഡോ ബിര്‍ബല്‍ ഗെനാനിയാണ് ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയില്‍ കൊല്ലപ്പെട്ടത്.