ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഗൗതം അദാനി ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി അദാനിയെ കടത്തിവെട്ടി മുന്നിലെത്തി. പുതിയ ലിസ്റ്റില്‍ 8200 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് അംബാനി തന്നെ. ലോകത്തെ 10 ശതകോടീശ്വന്മാരില് ഇപ്പോള്‍ അംബാനി മാത്രമാണ് ഏക ഇന്ത്യക്കാരന്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം ഗൗതം അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതായത് മൊത്തം ആസ്തിയില്‍ 60 ശതമാത്തിലേറെ ഇടിവ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല 27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രാജ്യത്തെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എച്ച്സിഎല്‍ ടെക്കിന്റെ ശിവ് നാടാരാണ് 26 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നാലാമത്. 2022ലെ ഹുറൂണ്‍ പട്ടിക പ്രകാരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വ്യക്തിയും ശിവ് നാടാര്‍ ആണ്. 1,161 കോടി രൂപയാണ് അദ്ദേഹം ഈയിനത്തില്‍ ചെലവഴിച്ചത്. ആഗോളതലത്തില്‍ ശതികോടീശ്വരന്മാരുടെ എണ്ണത്തില്‍ എണ്ണം 2022ലെ 3,384 ല്‍നിന്ന് 2023ല്‍ 3,112 ആയി കുറഞ്ഞിട്ടുണ്ട്. എട്ട് ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ 16 ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാകേഷ് ജുന്‍ജുന്‍വാല കുടുംബത്തില്‍ നിന്നും രേഖ ജുന്‍ജുന്‍വാലയും പുതുതായി എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്.