yt cover 20

പള്‍സര്‍ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ തള്ളി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിന്‍സണ്‍. സുനി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരന്‍ വിപിന്‍ ലാല്‍ എഴുതുന്നതും ജയിലിലെ സിസിടിവിയില്‍ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. കത്തെഴുതുന്നത് താനും കൂടി ഇരിക്കുമ്പോഴാണ്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണെന്നും ജിന്‍സണ്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയുള്ള മുന്‍ ജയില്‍ ഡിജിപിയുടെ പരാമര്‍ശത്തില്‍ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്കൊരുങ്ങി പ്രോസിക്യൂഷന്‍. വിസ്താരം നടക്കുന്ന കേസില്‍ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിലയിരുത്തല്‍. ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്. പരാമര്‍ശത്തിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്നും പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.

വിഷയം വിവാദമായപ്പോഴും ഇനി കൂടുതല്‍ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആര്‍.ശ്രീലേഖ. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞുവെന്നും ശ്രീലേഖ പറഞ്ഞു. എന്നാല്‍ ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമെന്നാണ് അതിജീവിതയുടെ കുടുംബത്തിന്റെ പ്രതികരണം. ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിക്കായി കാത്തിരിക്കുന്നെന്നും അതിജീവിതയുടെ കുടുംബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതെന്ന ആര്‍ ശ്രീലേഖയുടെ വാദം തെറ്റെന്ന് ഫോട്ടോ എടുത്ത ബിദില്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് തന്റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു.

ദിലീപിനെ അനുകൂലിച്ച റിട്ട. ഡിജിപി ശ്രീലേഖ ഐപിഎസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശത്തിന് ഇടയായ സാഹചര്യം അന്വേഷിക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസില്‍ വേട്ടക്കാരന്‍ ആരാണെന്ന് കോടതി കണ്ടെത്തട്ടെയെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഇപ്പോള്‍ യു ട്യൂബ് ചാനല്‍ വഴി പറഞ്ഞ കാര്യങ്ങള്‍ കോടതിയിലാണ് പറയേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപ് കേസ് പുനരന്വേഷിക്കേണമെന്ന് പി.സി.ജോര്‍ജ്. ദിലീപ് കേസിന്റെ സത്യാവസ്ഥ പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ ദിലീപ് കേസില്‍ ഉണ്ടായിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് വടകര എംഎല്‍എ കെ കെ രമ. ആര്‍ ശ്രീലേഖ മുമ്പും ദിലീപിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ശ്രീലേഖയ്ക്ക് എതിരെ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു. ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു

ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം വി എസിനും ബാധകമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രത്തിന്റെ വേദിയില്‍ 2013 മാര്‍ച്ച് 13ന് സംഘടിപ്പിച്ച ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി.പരമേശ്വരന്‍ എഴുതിയ സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തത്. ഇതേ പുസ്തകം പല ജില്ലകളില്‍ പ്രകാശനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് വി ഡി സതീശന്‍ പങ്കെടുത്തത്.

വി ഡി സതീശന്‍ ആര്‍ എസ് എസ് എന്ന് സി പി എം നേതാവ് എം എ ബേബി. പഠിക്കാന്‍ ആണോ പഠിപ്പിക്കാന്‍ ആണോ വി ഡി സതീശന്‍ പോയത്. ഗോവയിലും ഹരിയാനയിലും കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടമായും ബിജെപി യിലേക്ക് പോകുന്നതിനിടെ ആണ് സതീശന്‍ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത വാര്‍ത്ത ചര്‍ച്ച ആവുന്നത് എന്ന് എം എ ബേബി പറഞ്ഞു.

ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കെസിബിസി. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.

പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വരുന്നു. ബിജെപി പ്രവര്‍ത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ശരണ്യ എഴുതിയ ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്. ഇന്നലെയാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴക്കൂട്ടത്ത് ഭുവനചന്ദ്രന്‍ എന്നയാള്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാര്‍ (48) ആണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്ത് റോഡരില്‍ കരിക്ക് വില്‍പ്പനക്കാരനുമായി ഭുവനചന്ദ്രന്‍ സംസാരിക്കുന്നതിനിടെ അതുവഴി ആക്രി പെറുക്കാന്‍ വന്ന വിജയകുമാര്‍ തുപ്പിയതിനെ ഭുവനചന്ദ്രന്‍ ചോദ്യം ചെയ്തു. ഇതാണ് പ്രശ്‌നത്തിന് കാരണം.

തലശ്ശേരിയില്‍ പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയാകുകയും പൊലീസിനെ ആക്രമിച്ചു എന്ന കേസില്‍ അറസ്റ്റിലാകുകയും ചെയ്ത പ്രത്യുഷിന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയും പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരകളായത്.

സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാം ചുമതലയേറ്റു. അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലന്‍സിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ്പ് കേസുകള്‍ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പോക്‌സോ ഉള്‍പ്പടെയുള്ള കേസുകളില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിലുമാണ് മോന്‍സണ്‍ ജാമ്യം തേടിയത്.

പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. മിമിക്രി പഠിപ്പിക്കാന്‍ എത്താറുള്ള പേരാമ്പ്ര ചേനോളിയില്‍ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്.

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. മുരുഗള ഊരിലെ അയ്യപ്പന്‍-സരസ്വതി ദമ്പതിമാരുടെ മകളാണ് മരിച്ചത്. 3 മാസമാണ് കുഞ്ഞിന് പ്രായം. മരണകാരണം വ്യക്തമായിട്ടില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ പാല്‍ നെറുകയില്‍ കയറിയെന്നാണ് പ്രാഥമിക നിഗമനം.

ട്രെയിന്‍ യാത്രക്കിടെ വെള്ളം വാങ്ങാന്‍ പ്ലാറ്റ്‌ഫോമിലിറങ്ങി തിരികെ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതി മരിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനില്‍ സഞ്ചരിക്കവെയാണ് മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കല്‍ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകള്‍ അനു ജേക്കബ് (22) മരിച്ചത്.

കാസര്‍കോട് ഉദുമയില്‍ ട്രെയിനില്‍ നിന്ന് വീണ് അഭിഭാഷകന്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശി അഡ്വ. വത്സന്‍ (78) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ എറണാകുളം – മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സിന്റെ പിടിയില്‍. കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ ദാനിയേലാണ് പിടിയിലായത്. പടുതാ കുളം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഇയാളെ പിടികൂടിയത്.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം . അതേസമയം, വിര്‍ച്വല്‍ ക്യൂ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും.

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ ശക്തം. കോഴിക്കോട് മാവൂരില്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു.സംസ്ഥാനത്ത് ഏഴ് ജില്ലകളിലേക്ക് യെല്ലോ അലര്‍ട്ട് ചുരുക്കി. എറണാകുളത്തും, ഇടുക്കിയിലും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ മഴ വീണ്ടും കനക്കും. മറ്റന്നാള്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

കണ്ണൂരില്‍ രണ്ടിടത്തുണ്ടായ ബസ് അപകടത്തില്‍ 27 ഓളം പേര്‍ക്ക് പരിക്ക്. തലശ്ശേരിക്കടുത്ത് ഗോപാല പേട്ടയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അട്ടപ്പാടിയില്‍ 10 അംഗ സംഘത്തിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനായകന്റെ ഒപ്പം അന്ന് ഉണ്ടായിരുന്ന, മര്‍ദനമേറ്റ സുഹൃത്ത് നന്ദകിഷോര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ 10 പേരാണ് പ്രതികള്‍. ഇവരെല്ലാം പിടിയിലായിരുന്നു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ചിത്രകല, ചുമര്‍ചിത്രകല, ശില്പകല) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം നാല് വര്‍ഷമാണ്. പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം.അവസാന തിയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദര്‍ശിക്കുക.

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ട് നിര്‍മിച്ച അശോകസ്തംഭത്തിന് 6.5 മീറ്റര്‍ ഉയരവും 9500 കിലോ ഭാരവും ഉണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളിലായാണ് അശോകസ്തംഭം സ്ഥാപിച്ചിരിക്കുന്നത്.

ഗോവയില്‍ നിയമസഭാ സമ്മേളനം നടക്കാനിരിക്കെയുണ്ടായ വിമത നീക്കം പാളി. കോണ്‍ഗ്രസിന്റെ പതിനൊന്ന് എംഎല്‍എമാരില്‍ പത്ത് പേരും നിയമസഭയില്‍ ഹാജരായി. അസുഖബാധിതനായതിനാല്‍ ഒരാള്‍ എത്തിയില്ല. മൂന്നില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള വിമതരുടെ നീക്കം ഇതോടെ പരാജയപ്പെട്ടു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു.

അണ്ണാ ഡിഎംകെയില്‍ മേല്‍ക്കൈ നേടി പളനിസ്വാമി വിഭാഗം. പളനിസ്വാമിയെ പാര്‍ട്ടിയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേസമയം, ഒ പനീര്‍ശെല്‍വം പാര്‍ട്ടി ആസ്ഥാനത്ത് തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അണ്ണാ ഡിഎംകെ ആസ്ഥാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കിയിട്ടുണ്ട്.

കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് 2017 ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകള്‍ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടയ്ക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഓഹരി വിപണി നഷ്ടത്തോടെ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയില്‍ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയായിരുന്നു. ഈ ആഴ്ചയിലെ ആദ്യ ദിനത്തില്‍ സെന്‍സെക്സ് 269 പോയന്റ് ഇടിഞ്ഞ് 54,212ലും നിഫ്റ്റി 83 പോയന്റ് താഴ്ന്ന് 16,137ലുമാണ് വ്യാപാരം ആരംഭിച്ചത്.

ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അഭയാര്‍ത്ഥി കടന്നുകയറ്റം തടയാന്‍ ലങ്കയുമായുള്ള സമുദ്രാതിര്‍ത്തികളില്‍ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതല്‍ ശക്തമാക്കി.

ഇന്ന് ലോക ജനസംഖ്യാദിനം . ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.

2023ല്‍ ചൈനയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2023-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമാകും. 2050-ല്‍ ഇന്ത്യയിലെ ജനസംഖ്യ 1.668 ബില്യണ്‍ ആയി ഉയരും. 2022 നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ 800 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി 6500 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് ഭക്തന്‍ മക്കയിലെത്തി. ഇറാഖി-കുര്‍ദിഷ് വംശജനായ ബ്രിട്ടീഷുകാരന്‍ ആദം മുഹമ്മദാണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്ന് 6,500 കിലോമീറ്റര്‍ കാല്‍നടയായി നടന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തിലെത്തിയത്. 2021 ഓഗസ്റ്റ് 1 ന് യുകെയില്‍ നിന്നാരംഭിച്ച യാത്ര കഴിഞ്ഞ മാസം സൗദി അറേബ്യയിലാണ് അവസാനിച്ചത്.

വനിതാ ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നിര്‍ണായകമായ ക്രോസ് ഓവര്‍ മത്സരത്തില്‍ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തുപോകുന്നത്. ഇംഗ്ലണ്ടിനും ചൈനയ്ക്കുമെതിരെ 1-1ന് സമനില വഴങ്ങിയ ഇന്ത്യ സ്പെയിനിന് പുറമെ ന്യൂസിലന്‍ഡുമായും തോറ്റിരുന്നു.

കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും നാണയപ്പെരുപ്പവും വിതരണശൃംഖലയിലെ തടസങ്ങളും ആഞ്ഞടിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പദ്വ്യവസ്ഥകളില്‍ മിന്നുന്ന മുന്നേറ്റവുമായി ഇന്ത്യ. വളര്‍ച്ചാമികവ് നിര്‍ണയിക്കുന്ന പട്ടികയില്‍ 2019ല്‍ ആറാമതായിരുന്ന ഇന്ത്യ 2022ല്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയെന്ന് പി.എച്ച്.ഡി ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. മികവ് നിര്‍ണയിക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയുടേതാണ് ഏറ്റവും മികച്ച പ്രകടനം. പട്ടികയില്‍ 2019ലെ ഒന്നാംസ്ഥാനം ജര്‍മ്മനി നിലനിറുത്തിയപ്പോള്‍ രണ്ടാംസ്ഥാനത്തുനിന്ന് കാനഡയും ഒന്നാംസ്ഥാനം പങ്കിടാനെത്തി. രണ്ടാംസ്ഥാനത്തുനിന്ന് ചൈന മൂന്നാമതായി. ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവയാണ് നാലുമുതല്‍ ആറുവരെ സ്ഥാനങ്ങളില്‍ യഥാക്രമം. ബ്രിട്ടന്‍ മൂന്നില്‍ നിന്ന് അഞ്ചിലേക്കും ഫ്രാന്‍സ് നാലില്‍ നിന്ന് ആറിലേക്കും വീണു. 9-ാസ്ഥാനത്തായിരുന്ന ബ്രസീല്‍ ഏഴാംറാങ്കിലേക്കെത്തി.

ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ (എഫ്.പി.ഐ) പിന്മാറ്റം ശക്തമാകുന്നു. ഈമാസം ഇതുവരെ മാത്രം അവര്‍ പിന്‍വലിച്ചത് 4,096 കോടി രൂപയുടെ നിക്ഷേപമാണ്. പലിശനിരക്ക് തുടര്‍ച്ചയായി ഉയര്‍ത്താനുള്ള അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നടപടികളും ഇതുമൂലം മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജിക്കുന്നതുമാണ് വിദേശ നിക്ഷേപകരെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ നിന്ന് അകറ്റുന്നത്. കഴിഞ്ഞ ഒമ്പതുമാസത്തോളമായി തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിയുകയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍. ഈവര്‍ഷം ഇതുവരെ മാത്രം എഫ്.പി.ഐ പിന്‍വലിച്ചത് എക്കാലത്തെയും ഉയരമായ 2.21 ലക്ഷം കോടി രൂപയാണ്. 2008ലെ 52,987 കോടി രൂപയാണ് പഴങ്കഥയായത്. കഴിഞ്ഞമാസം മാത്രം 50,203 കോടി രൂപ പിന്‍വലിച്ചു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. സലാം ചൊല്ലി പിരിയുംമുന്‍പേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷാഹുല്‍ ഹമീദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റാസ റസാഖും മ്യൂസിക് പ്രൊഡക്ഷന്‍ ബേണി പി ജെയുമാണ്. ഇംതിയാസ് ബീഗവും റാസ റസാഖും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടു പേര്‍ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. രണ്‍ജി പണിക്കര്‍, ബിനു പപ്പു, ലെന, സോഹന്‍ സീനുലാല്‍, സാദിഖ്, സുധീര്‍ കരമന, മിഥുന്‍ രമേഷ്, അനുമോള്‍, ആര്യ, സുനില്‍ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കിയുടെ ഇന്ത്യാ വിഭാഗമായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കഴിഞ്ഞവാരം വിപണിയിലെത്തിച്ച പുത്തന്‍ മോഡലാണ് ‘കറ്റാന’. സ്പോര്‍ട്ടീ ലുക്കുള്ള സ്റ്റാന്‍ഡേര്‍ഡ് സ്ട്രീറ്റ് ബൈക്കായി എത്തുന്ന കറ്റാനയ്ക്ക് 13.61 ലക്ഷം രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. മെറ്റാലിക് മാറ്റ് സ്റ്റെല്ലര്‍ ബ്ളൂ, മെറ്റാലിക് മിസ്റ്റീക് സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറഭേദങ്ങളാണുള്ളത്. 11,000 ആര്‍.പി.എമ്മില്‍ 152 പി.എസ് കരുത്തുള്ളതാണ് 999 സി.സി, 4-സ്‌ട്രോക്ക്, ലിക്വിഡ്-കൂള്‍ഡ്, ഡി.ഒ.എച്ച്.സി എന്‍ജിന്‍. 9,250 ആര്‍.പി.എമ്മില്‍ 106 എന്‍.എം ആണ് പരമാവധി ടോര്‍ക്ക്.

ഇതിഹാസമെന്ന നിലയില്‍ മാത്രമല്ല രാമയണത്തിന്റെ പ്രസക്തി ഭാരതത്തിന്റെ ആദികാവ്യം കൂടിയാണിത്. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദര്‍ശനിഷ്ഠമായ ജീവിതത്തിലൂടെയാണ് നമ്മുടെ ധര്‍മ്മശാസ്ത്രങ്ങളും ആത്മീയ ദര്‍ശനങ്ങളും രൂപപ്പെട്ടത്. ‘രാമയണകഥ കുട്ടികള്‍ക്ക്’. കുഞ്ഞിക്കുട്ടന്‍ ഇളയത്. എച്ച് ആന്‍ഡ് സി ബുക്സ്. വില 30 രൂപ.

സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു. 19 നും 32 നും ഇടയില്‍ പ്രായമുള്ള 1,787 യുഎസിലെ മുതിര്‍ന്നവരില്‍ നിന്നുള്ള സര്‍വേ ഡാറ്റ ഉപയോഗിച്ച് 2016 ലെ ഒരു പഠനത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗവും വര്‍ദ്ധിച്ച വിഷാദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം ഉറക്കക്കുറവിനും വിഷാദരോഗത്തിനും കാരണമാകും. ഒന്നിലധികം പഠനത്തില്‍ ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവ 3 ആഴ്ചയ്ക്ക് 10 മിനിറ്റ് മാത്രം ഉപയോഗിക്കുന്ന പങ്കാളികള്‍ക്ക് സാധാരണയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിഷാദവും ഏകാന്തതയും കുറഞ്ഞതായും കണ്ടെത്തി. എപ്പോഴും ഫെയ്സ്ബുക്കും ഇന്‍സ്റ്റ?ഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. സോഷ്യല്‍ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഇവര്‍ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം. നേരിട്ട് പരിചയമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ ”ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ നിശ്ചയമായും സോഷ്യല്‍ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവര്‍ ഒരു ദിവസം ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകും. ഇവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും. ആരോടെങ്കിലും ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇതിന് അഡിക്റ്റാണെന്ന് ഉറപ്പിക്കാം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.40, പൗണ്ട് – 95.02, യൂറോ – 80.33, സ്വിസ് ഫ്രാങ്ക് – 81.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.06, ബഹറിന്‍ ദിനാര്‍ – 210.65, കുവൈത്ത് ദിനാര്‍ -257.99, ഒമാനി റിയാല്‍ – 206.23, സൗദി റിയാല്‍ – 21.15, യു.എ.ഇ ദിര്‍ഹം – 21.62, ഖത്തര്‍ റിയാല്‍ – 21.81, കനേഡിയന്‍ ഡോളര്‍ – 61.10.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *