ബ്രഹ്മപുരത്തെ തീ അടങ്ങിയെങ്കിലും മാലിന്യക്കൂമ്പാരങ്ങളുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതിനാൽ പുക തുടരുകയാണ്. ഇവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച സമിതി ഇന്നലെ മാലിന്യ പ്ലാൻറ് സന്ദർശിച്ചു. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്‍റ് ചീഫ് എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍. പ്ലാന്‍റ് സന്ദര്‍ശിച്ച ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കുന്നത്. ഈ രീതി തന്നെയാണ് ഏറ്റവും ഫല പ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി.തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാനും തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തിൽ റിസ്ക് അനാലിസിസ് നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശവും നൽകി.