നായക്കുട്ടിയെ വാങ്ങി രണ്ടു വര്‍ഷം വളര്‍ത്തി. വളരുന്തോറും നായ നായയല്ലാതാകുന്നുണ്ടെന്നു സംശയം. വെറുതേ സംശയമല്ല. സത്യമാണ്. അതു നായയല്ല, കരടിയാണെന്നു വൈകിയാണു തിരിച്ചറിഞ്ഞത്. ചൈനയിലെ യോന്നാന്‍ പ്രവിശ്യയില്‍ സു യന്‍ എന്നയാളാണ് ടിബറ്റന്‍ നായക്കുട്ടിയെ വാങ്ങിയത്. കറുപ്പും ബ്രൗണും ചേര്‍ന്ന നിറം. ഇവ വളര്‍ന്നു വലുതായാല്‍ 69 കിലോയോളം തൂക്കം വരും. അമിതമായി ഭക്ഷണം കഴിച്ചിരുന്നു. ഒരുപെട്ടി പഴങ്ങളും രണ്ടു ബക്കറ്റ് ന്യൂഡില്‍സുമൊക്കെയാണ് കഴിച്ചിരുന്നത്. വളരുംതോറും കരടിയുടെ രൂപസാദൃശ്യം കൈവന്നുകൊണ്ടിരുന്നു. എങ്കിലും നായതന്നെയെന്ന് ആശ്വസിക്കാനാണ് വീട്ടുകാര്‍ക്കു തോന്നിയത്. കുറേക്കൂടി വളര്‍ന്നപ്പോള്‍ തീര്‍ച്ചയായി കരടിതന്നെയെന്ന്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. അവര്‍ വന്നു പരോശോധിച്ചു. കരടിതന്നെ. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ കരടി. വന്യജീവികളെ വീടുകളില്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. 182 കിലോഗ്രാം തൂക്കവും മൂന്നടി ഉയരവുമുള്ള കരടിക്കുട്ടനെ വനംവകുപ്പ് അധികൃതര്‍ കൂട്ടിക്കൊണ്ടുപോയി. ഹിമാലയന്‍ കരടി അല്ലെങ്കില്‍ ചന്ദ്രക്കരടി എന്നും അറിയപ്പെടുന്ന പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍ ഏഷ്യന്‍ കരടിക്ക് 200 കിലോ വരെ ഭാരമുണ്ടാകും.
വളര്‍ത്തിയത് നായക്കുട്ടിയെ, വളര്‍ന്നത് കരടിക്കുട്ടന്
