യൂണിവേഴ്സല്‍ സ്പീച്ച് മോഡലിനെ (യുഎസ്എം) കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് ഗൂഗിള്‍. ചാറ്റ് ജിപിടിയെ എതിരിടാന്‍ 1000 വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭാഷാ മോഡല്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവട്വെയ്പ്പായി കമ്പനി വിശേഷിപ്പിക്കുന്ന ഒരു സംവിധാനമാണിത്. യൂണിവേഴ്സല്‍ സ്പീച്ച് മോഡല്‍ ഗൂഗിള്‍ പറയുന്നതനുസരിച്ച്, 300 ല്‍ അധികം വ്യത്യസ്ത ഭാഷകളിലായി 120 ലക്ഷം മണിക്കൂര്‍ സംഭാഷണത്തിലും 2800 കോടി വാചകങ്ങളിലും പരിശീലനം ലഭിച്ച 200 കോടി മാനദണ്ഡങ്ങളുള്ള അത്യാധുനിക സംഭാഷണ മോഡലുകളുടെ ഒരു ശേഖരമാണ് യൂണിവേഴ്സല്‍ സ്പീച്ച് മോഡല്‍. പ്രാദേശിക ഭാഷകളും യൂട്യൂബിന്റെ കാര്യവും ഉദാഹരണമായി എടുക്കാം. യൂട്യൂബില്‍ ഉപയോഗിക്കാനുള്ള യൂണിവേഴ്സല്‍ സ്പീച്ച് മോഡലിന് ഇംഗ്ലീഷ്, മാന്ററിന്‍ തുടങ്ങിയ വ്യാപകമായി സംസാരിക്കുന്ന ഭാഷകളില്‍ മാത്രമല്ല, അംഹാരിക്, സെബുവാനോ, ആസാമീസ് തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിലും ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷന്‍ നടത്താനാകുമെന്ന് ഗൂഗിള്‍ ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു. എഐ സവിശേഷതകളുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.