വേനല്‍ക്കാലത്ത് നോണ്‍-വെജ് ഭക്ഷണം പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ സമയത്ത് നോണ്‍-വെജ് അധികമായി കഴിക്കുന്നത് വീണ്ടും ശരീരത്തിലെ താപനില ഉയര്‍ത്തുകയും ഇത് അനുബന്ധപ്രയാസങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. പല അസുഖങ്ങളുടെയും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും. നോണ്‍-വെജ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇവ ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. വെള്ളം കുടിക്കുന്നതിന് പുറമെ ‘ഇലക്ട്രോലൈറ്റുകള്‍’ കൂടുതലായി അടങ്ങിയ പാനീയങ്ങളും വേനലില്‍ കൂടുതലായി കഴിക്കുക. ഇവ ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുകയും പ്രതിരോധശക്തി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള മറ്റ് പാനീയങ്ങളെ പറ്റി കൂടി അറിഞ്ഞുവയ്ക്കാം. ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്റി-ഓക്‌സിഡന്റുകളാലും വൈറ്റമിന്‍-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്. വേനലില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു. കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാന്‍ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്‍പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.