ഇതുവരെ 50 ലക്ഷത്തിലധികം പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ടിയാഗോ, ടിഗോര്‍, പഞ്ച്, ആള്‍ട്രോസ്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നീ മോഡലുകളാണ് കമ്പനിയുടെ നിരയിലെ ഇപ്പോഴത്തെ താരങ്ങള്‍. അതോടൊപ്പം ടിയാഗോ ഇവി, ടിഗോര്‍ ഇവി, നെക്സോണ്‍ ഇവി തുടങ്ങീ മൂന്ന് ഇലക്ട്രിക് വാഹനങ്ങളും ബ്രാന്‍ഡ് വിപണിയില്‍ അണിനിരത്തിയിട്ടുണ്ട്. ഈ കാറുകളുടെയെല്ലാം വന്‍ ജനപ്രീതിയിലാണ് കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി സ്ഥിരതയാര്‍ന്ന വില്‍പ്പന ടാറ്റ നേടുന്നത്. ടിയാഗോയിലൂടെയാണ് ടാറ്റയുടെ മുഖംമാറിയതെന്നുതന്നെ പറയാം. പിന്നാലെ ടിഗോര്‍, നെക്സോണ്‍ എന്നിവയും കൂടെ ഹിറ്റായതോടെ രാജ്യത്തെ മുന്‍നിര ബ്രാന്‍ഡായി വളരാന്‍ ബ്രാന്‍ഡിന് സാധിച്ചു. 2004-ല്‍ ടാറ്റ മോട്ടോഴ്സ് 10 ലക്ഷം പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന നാഴികക്കല്ലില്‍ കമ്പനി എത്തി. തുടര്‍ന്ന് 2010-ല്‍ 20 ലക്ഷം എന്ന നേട്ടം കൈവരിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം 2015-ല്‍ കമ്പനി 30 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം പിന്നിട്ടു. 2020-ല്‍ 40 ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന നാഴികക്കല്ല് കൈവരിച്ചു. പിന്നാലെ മൂന്നുവര്‍ഷത്തിനകം 2023ല്‍ 50 ലക്ഷം എന്ന നേട്ടവും സ്വന്തമാക്കി.