◾ലൈഫ് മിഷന് കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരിലേക്കു നീളുകയാണ്.
◾ഡല്‍ഹി വിമാനത്താവളത്തില്‍ ആസാം പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മോചിതനായ അദ്ദേഹം കോണ്‍ഗ്രസ് പ്ളീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലെത്തി. പോലീസിന്റെ സമ്മര്‍ദംമൂലം ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന് ഖേരയെ ഇറക്കിവിട്ടിരുന്നു. റണ്‍വേയില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനാണ് ആസാം പോലീസിന്റെ സാഹസിക അറസ്റ്റ്. (നരഭോജികളോ, സിംഹാസനങ്ങളില്‍ … https://youtu.be/qEtQGMknPpA )
◾
◾കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950
◾സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താല്കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. രാജ്ഭവന് നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ തന്ന പട്ടിക തിരുവനന്തപുരത്ത് എത്തിയശേഷം പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾സംസ്ഥാനത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. ഡിസംബര്‍ മാസത്തെ കുടിശിക പെന്‍ഷനാണു വിതരണം ചെയ്യുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പയെടുത്താണ് പെന്ഷന് നല്‍കുന്നത്.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അര്‍ഹരായവര്‍ക്ക് ഉറപ്പാക്കാനും അനര്‍ഹര്‍ കൈപ്പറ്റുന്നതു തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്കു വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
◾നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
ksfe.com/offers/ksfe-bhadratha-smart-chits-2022
◾പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്നു കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അപചയത്തിന്റെ സൂചനയാണിത്. പെട്ടികള്‍ വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വ്യാഴാഴച കേസ് പരിഗണിക്കും.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ ഇന്നു തുടക്കം. പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുമുള്ള തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യും. പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പാണോ നോമിനേഷനാണോയെന്നും തീരുമാനമുണ്ടാകും.
◾കോവളവും സമീപ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്പ്പറേഷന് ഭൂമി വികസനം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാ സൗകര്യം എന്നിവയാണ് ആദ്യ ഘട്ട പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
◾ജോയ്ആലുക്കാസ് വിശേഷങ്ങള്‍ : ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും സംഘടനാപ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന് പറഞ്ഞു. ശ്രീകൃഷ്ണവിഗ്രഹം പ്രധാനമന്ത്രിക്ക് ഉപഹാരമായി സമ്മാനിച്ചു.
◾സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയര്‍ത്തി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ നിശ്ചയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം ജോലി. പിഎഫ് വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,800 രൂപ നല്‍കും. ഇതോടെ 37 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായി.
◾ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കറിനെ പിരിച്ചുവിടാന്‍ നോട്ടീസ് നല്കി. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്‍ക്കു ഡിജിപി നിര്‍ദ്ദേശം നല്കി.
◾കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി. കോര്പ്പറേഷന്, കെഎസ്ഇബി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നിര്‍ദേശം. മുഴുവന്‍ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാന്‍ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
◾സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനാല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരം പിഴുതു മാറ്റി. കാന്തല്ലൂര്‍ റേഞ്ചിലെ കുണ്ടക്കാട് പേരൂര്‍ വീട്ടില്‍ സോമന്റെ പുരയിടത്തിലെ 150 ലധികം വര്‍ഷം പഴക്കമുള്ള ഭീമന് ചന്ദനമരമാണ് പിഴുതു മാറ്റി മറയൂരില്‍ എത്തിച്ചത്. സോമന്റെ വീടിന്റെ സമീപത്തുള്ള ഇരുപതോളം ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടിക്കടത്തിയിരുന്നു.
◾നികുതി ഭീകരതയ്ക്കെതിരേ പ്രക്ഷോഭം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് കണ്‍വീനര്‍ എം എം ഹസന്. ചുവപ്പ് കണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചിരിക്കുകയാണെന്നു ഹസന് പരിഹസിച്ചു.
◾മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസിനെയും മുഖ്യമന്ത്രിയേയും പരിഹസിച്ച് ആര് എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കറുപ്പിനെ വെളുപ്പിക്കാന്‍ കഴിയുന്ന ഫെയര്‍ ആന്‍ഡ് ലൗലിയെ മുഖ്യമന്ത്രി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾കോട്ടയത്തെ കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സയ്യിദ് അഖ്തര്‍ മിര്‍സ ചുമതലയേല്‍ക്കും. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു ഇദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്ര പ്രതിഭയാണ്.
◾ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് ദീപിക സുശീലന്. ചലച്ചിത്ര മേളയ്ക്കു ശേഷമുണ്ടായ ചില കാര്യങ്ങള്‍ വ്യക്തിപരമായി വേദനിപ്പിച്ചു. ശമ്പളം പോലും കിട്ടിയിട്ടില്ല. അക്കാദമി ചെയര്മാന് പ്രതികരിച്ചില്ലെന്നും ദീപിക പറഞ്ഞു.
◾കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന് ആരോപണം ഉയര്‍ന്ന പ്രിന്‍സിപ്പല്‍ രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ നിര്‍ദ്ദേശം. പ്രിന്‍സിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
◾കോടതി വളപ്പില്‍നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ചായ്ക്കുളം ക്രൈസ്റ്റ് ഭവനില്‍ രാജേഷി(40)നെ രണ്ടു മണിക്കൂറിനകം പിടികൂടി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ആദ്യ തവണ ജയില്‍ ചാടിയ കേസില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോഴണ് രണ്ടാം തവണയും ഇയാള്‍ ചാടിപ്പോകാന്‍ ശ്രമിച്ചത്.
◾തന്റെ വ്യാജ ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന 17-ാം വാര്‍ഡ് സിപിഎം അംഗം വി. ബാലചന്ദ്രന് മൂന്നാര്‍ പൊലീസില്‍ പരാതി നല്കി. കത്തില്‍ ഒപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഗസറ്റഡ് ഓഫീസര്‍ക്കെതിരെയാണ് പരാതി.
◾എന്ജിന് തകരാര്‍ മൂലം കൊച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദാക്കി. വിമാനത്തിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
◾കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ പി. ബെഹിര്‍ഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. പരിക്കേറ്റ ഇടതു കാലിനു പകരം 60 കാരിയുടെ വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്.
◾സിനിമാ താരം ധര്മ്മജന് ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന് (83) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തില്‍.
◾യു.കെയിലെ ബ്രൈറ്റണില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു.
◾മലയാളി യുവാവ് യുഎഇയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന് യദുകൃഷ്ണന് (28) ആണ് മരിച്ച്ത്.
◾സ്കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളപ്പില്‍ശാല മലപ്പനംകോട് ആക്രമണം നടത്തിയ അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടില്‍ ഷിന്റോ (25) ആണ് പിടിയിലായത്.
◾മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍സിംഗിന്റെ അടുത്ത സഹായിയുമായ ലവ് പ്രീത് തൂഫനെ മോചിപ്പിക്കാമെന്നു അമൃത്സര്‍ പോലീസ്. ലവ്പ്രീത് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അനുയായികള്‍ തോക്കുകളും വാളുകളുമായി പോലീസ് സ്റ്റേഷന് വളഞ്ഞതോടെയാണ് ഇയാളെ മോചിപ്പിക്കാമെന്നു പോലീസ് സമ്മതിച്ചത്.
◾തന്റെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് കര്‍ണാടകത്തിലെ ഐപിഎസ് ഓഫീസര്‍ ഡി രൂപ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം മാപ്പപേക്ഷിച്ചില്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും നോട്ടീസില്‍ പറയുന്നു.
◾ഹൈദരാബാദ് വിമാനത്താവളത്തില്‍ സുഡാനില്‍ നിന്നെത്തിയ 23 യാത്രക്കാരില്‍ നിന്നായി 14.09 കിലോ സ്വര്‍ണം പിടിച്ചു. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങള്ക്കിടയില്നിന്നുമാണ് സ്വര്‍ണം പിടിച്ചത്. എട്ട് കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണിത്.
◾മകന് മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച അമ്മക്കെതിരെ കേസ്. അഹമ്മദ്ബാദ് സ്വദേശി അമ്പതുകാരിയായ വീട്ടമ്മ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകന് ദിനേശ് മരിച്ചെന്നു കാട്ടി എല്‍ഐസി തുക തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുംബൈ ശിവജി പാര്‍ക്ക് പൊലീസാണ് കേസെടുത്തത്.
◾നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന് വീണ്ടും കസ്റ്റഡിയില്‍. മൈസുരുവില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പ്രതിയായ ആദില്‍ ഖാനെ കോടതിയാണ് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തേ രാഖി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദില്‍ മുംബൈയില്‍ അറസ്റ്റിലായിരുന്നു. ഒരു ഇറാനിയന്‍ വനിത നല്കിയ ബലാത്സംഗ പരാതിയിലാണ് ഇപ്പോള്‍ ആദിലിനെ മൈസുരു കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 27 വരെ കസ്റ്റഡിയില്‍ വിട്ടു.
◾കോടികള്‍ തട്ടിച്ചെന്ന കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന് ആഡംബര സൗകര്യങ്ങള്‍. സെല്ലില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയപ്പോഴാണ് ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങളും ലക്ഷത്തിലേറെ വില വരുന്ന ചെരുപ്പുകളും കണ്ടെടുത്തത്.
◾ഇന്ത്യന്‍ വംശജനായ വ്യവസായി അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റു സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശിച്ചു. അറുപത്തിമൂന്നുകാരനായ അജയ് ബംഗ ജനറല്‍ അറ്റ്ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ്. 2016 ല്‍ ഇന്ത്യ പദ്മശ്രീ നല്കി ആദരിച്ചിരുന്നു.
◾ഭയവും പക്ഷഭേദവും ഇല്ലാതെ റിപ്പോര്‍ട്ടു ചെയ്യുന്നതു തുടരുമെന്നു ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ഇന്ത്യയിലെ ബിബിസി ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. ഓഫീസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളെ നേരിട്ട എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് സന്ദേശം.
◾റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജി 7 രാജ്യങ്ങള്‍. ബെംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങള്‍ റഷ്യക്കെതിരേ നിലപാടു കടുപ്പിക്കുന്നത്. യുക്രൈന് കൂടുതല്‍ ധനസഹായം നല്‍കാനും ധാരണയുണ്ട്. യുക്രൈനില്‍ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന് എന്നിവയാണ് ജി 7 രാജ്യങ്ങള്‍.
◾ഐഎസ്എല്ലില്‍ ഒഡിഷ എഫ്സി പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്സി ഗോവയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്സി തകര്‍ത്തതോടെയാണ് ഒഡീഷക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിച്ചത്. ബംഗളൂരു എഫ് സി തുടര്‍ച്ചയായ എട്ടാം ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി.
◾വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി ഇന്ത്യയെ അഞ്ച്റണ്സിന് പരാജയപ്പെടുത്തിയ ഓസ്ട്രേലിയ ഫൈനലിലെത്തി. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 43 റണ്‍സെടുത്ത ജെമിമ റോഡ്രിഗ്സും പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ മത്സരം ഇന്ത്യയില്‍ നിന്ന് കൈവിടുകയായിരുന്നു.
◾സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു സെര്‍ജിയോ റാമോസ്. 18 വര്‍ഷം നീണ്ടുനിന്ന കരിയറിനാണ് സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വിരാമമിടുന്നത്.
◾സംസ്ഥാനത്ത് ഏലത്തിന് പിന്നാലെ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയരാനൊരുങ്ങി കാപ്പി വിലയും. വിളവെടുപ്പ് ഏതാണ്ട് അവസാനിച്ചപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് കാപ്പി വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച്, കാപ്പിപ്പരിപ്പിന്റെ വില ക്വിന്റലിന് 19,400 രൂപയായാണ് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കാപ്പിപ്പരിപ്പിന്റെ വില ഇത്രയും ഉയരുന്നത്. പ്രധാന കാപ്പി ഉല്‍പ്പാദന രാജ്യങ്ങളായ ബ്രസീല്‍, കൊളംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങളായി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര കര്‍ഷകര്‍ക്കാണ് തുണയായത്. ഉല്‍പ്പാദനത്തില്‍ ഉണ്ടായ കുറവും, ആവശ്യക്കാര്‍ മോഹവില നല്‍കുന്നതും കാപ്പി വില ഉയരാന്‍ കാരണമായി. അതേസമയം, രാജ്യത്ത് പ്രധാനമായും കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന വയനാട്ടിലും, കര്‍ണാടകയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം താരതമ്യേന കുറവാണ്. ജനുവരി ആദ്യ വാരത്തിലാണ് കാപ്പിയുടെ വിളവെടുപ്പ് നടന്നത്. വിളവെടുപ്പ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഒരു ക്വിന്റല്‍ കാപ്പിപ്പരിപ്പിന് 16,000 രൂപ വരെ ലഭിച്ചിട്ടുണ്ട്. നിലവിലെ വിപണി സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച് മാസം ആകുമ്പോഴേക്കും വില 20,000 കടക്കാന്‍ സാധ്യതയുണ്ട്.
◾14 വര്‍ഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമായ ‘പള്ളിമണി’ 24 ന് തിയേറ്ററുകളിലേക്ക്. നിത്യയെ കൂടാതെ ശ്വേത മേനോന് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പള്ളിമണി സംവിധാനം ചെയ്തിരിക്കുന്നത് അനില്‍കുമ്പഴയാണ്. ഗര്‍ഭിണികളും ഹൃദ്രോഗികളും ഈ സിനിമ കാണരുത് എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ പള്ളിമണിയുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്റെയാണ്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. കെ. ആര് നാരായണന് രചിച്ചിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന് ആണ്. ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന പള്ളിമണിയില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന് എന്നിവരാണ് മറ്റു താരങ്ങള്‍.
◾ഭാവന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ 24ന് റിലീസിന്. നേരത്തെ, ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്കുന്ന കുടുംബ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിക്കും. ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
◾മാരുതി സുസുക്കിയുടെ പ്രശസ്തമായ വാന്‍ ‘മാരുതി ഇക്കോ’ അതിന്റെ പേരില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. വിലകുറഞ്ഞ 7 സീറ്റ് കാറായ മാരുതി ഇക്കോ, വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഒരു ദശലക്ഷം യൂണിറ്റുകളെന്ന ചരിത്രപരമായ നാഴികക്കല്ല് കടന്നിരിക്കുകയാണ്. 2010ലാണ് ഈ കാര്‍ ആദ്യമായി പുറത്തിറക്കിയത്, അതിനുശേഷം ഈ കാറിന്റെ ഒരു ദശലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. കാര്‍ഗോ, ആംബുലന്‍സ്, ടൂറര്‍ വകഭേദങ്ങള്‍ ഉള്‍പ്പെടെ ആകെ 13 വകഭേദങ്ങളുള്ള 5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലാണ് മാരുതി ഇക്കോ എത്തിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരുതി ഈ സവിശേഷമായ മോഡലിനെ വിപണിയില്‍ എത്തിച്ച ശേഷം പിന്നീടതിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാരുതി ഇക്കോയുടെ പുതിയ പരിഷ്കരിച്ച മോഡല്‍ അടുത്തിടെയാണ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. ഈ കാറിന്റെ പ്രാരംഭ വില 5.25 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി).
◾നര്‍മ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന് നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ-സംസ്കാരിക സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുര്ഗന്ധപൂരിതവുമായ അടിയൊഴുക്കുകള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ.എല്‍.മോഹന വര്‍മ്മയുടെ പ്രതിഭയുടെ മൂര്‍ച്ച ആള്‍ക്കുട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. ‘കറിയാച്ചന്റെ ലോകം’. കെ എല്‍ മോഹനവര്‍മ്മ. ഗ്രീന്‍ ബുക്സ്. വില 65 രൂപ.
◾കാത്സ്യത്തിന്റെ കുറവ് രക്തസമ്മര്‍ദ്ദം, പേശികളിലും സന്ധികളിലും വേദന, പല്ലുവേദന, വരണ്ട ചര്‍മ്മം, നഖങ്ങള്‍ ഒടിഞ്ഞുപോകുക, തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ കുറവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാത്സ്യത്തിന്റെ കുറവ് നികത്താന്‍, പാല്, തൈര്, പനീര്‍, പച്ച പച്ചക്കറികള്‍ എന്നിവയുടെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കണം. കാത്സ്യത്തിന്റെ ഏറ്റവും വലിയ ഉറവിടം പാലും പാലുല്‍പ്പന്നങ്ങളുമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ അണ്ടിപ്പരിപ്പ് ഉള്‍പ്പെടുത്താം. കാല്‍സ്യത്തിന്റെ നല്ല ഉറവിടങ്ങളില്‍ ഒന്നാണ് ഡ്രൈഫ്രൂട്ട്സ്. ബദാം ആണ് ഏറ്റവും കൂടുതല്‍ കാല്‍സ്യം നല്‍കുന്നത്. ഒരു കപ്പ് ബദാമില്‍ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്ന് പല മെഡിക്കല്‍ ജേണലുകളും പറയുന്നു. മഗ്നീഷ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ബദാം. കാത്സ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടം പച്ച ഇലക്കറികളാണ്. ഇവ വഴിക്കുന്നത് നിങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും വളരെ ഗുണം ചെയ്യും.വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 1, ബി 2, ബി 3, ബി 5, ബി 6 എന്നിവയും ഇലക്കറികളില്‍ സമ്പന്നമാണ്. ബീന്‍സും പയറുവര്‍ഗങ്ങളും വളരെ പോഷകഗുണമുള്ളവയാണ്. നാരുകള്‍, കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇവ. ഇവയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ദഹനം മെച്ചപ്പെടുത്തുകയും നമ്മുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് എള്ള്. ഏകദേശം 100 ഗ്രാം എള്ള് നിങ്ങള്‍ക്ക് ദിവസേന ആവശ്യമായ കാല്‍സ്യത്തിന്റെ 95 ശതമാനവും നല്‍കും.
*ശുഭദിനം*
*കവിത കണ്ണന്*
തന്റെ ശിഷ്യരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സോക്രട്ടീസിന്റെ അടുത്ത് എത്തിയ ജ്യോത്സ്യന് പറഞ്ഞു: എനിക്ക് മുഖം നോക്കി സ്വഭാവം പറയാന്‍ ആകും. താങ്കളുടെ മൂക്ക് നോക്കിയാല്‍ മനസ്സിലാകും താങ്കള്‍ വലിയ ദേഷ്യക്കാരനാണെന്ന്. തലയുടെ ആകൃതി താങ്കളുടെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുന്നു. കവിളുകള്‍ നിരീക്ഷിച്ചാല്‍ താങ്കള്‍ താന്തോന്നിയാണെന്ന് മനസ്സിലാകും. ചുണ്ടുകളും പല്ലുകളും താങ്കളുടെ വിമത സ്വഭാവം വ്യക്തമാക്കുന്നു. ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ജ്യോത്സന് പ്രതിഫലവും നല്‍കിയാണ് സോക്രട്ടീസ് അയാളെ യാത്രയാക്കിയത്. ഇത്രയധികം കുറ്റങ്ങള്‍ മുഖത്ത്നോക്കി പറഞ്ഞിട്ടും നിശ്ശബ്ദനായതെന്താണെന്ന് ശിഷ്യര്‍ ചോദിച്ചപ്പോള്‍ സോക്രട്ടീസ് പറഞ്ഞു: അയാള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ്.. പക്ഷേ, അയാള്‍ ഒരു കാര്യം വിട്ടുപോയി, ഈ പോരായ്മകളെ നിയന്ത്രിക്കാനും തിരുത്താനുമുള്ള ആത്മശക്തി എനിക്കുണ്ട് എന്ന കാര്യം. പരിപൂര്‍ണ്ണത എന്നത് ഒരു സാങ്കല്പിക പദമാണ്. എന്തിലും എന്തിന്റെയെങ്കിലും കുറവുണ്ടാകും.. ആരിലും അധികമാര്‍ക്കുമറിയാത്ത ചില പോരായ്മകളുണ്ടാകും. ഒരു ന്യൂനതയും ഇല്ലാത്തയാളല്ല വിശുദ്ധന്. തന്റെ കുറവുകളെ തിരുത്താന്‍ തയ്യാറാകുന്ന ആളാണ്. തനിക്കും തെറ്റുപറ്റും എന്ന യാഥാര്‍ത്ഥ്യബോധം അവര്‍ക്കുണ്ട്. തനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരോട് അവര്‍ക്ക് പകയില്ല. ആരും പരിപൂര്‍ണ്ണരല്ല, എന്നയാഥാര്ത്ഥ്യബോധത്തോടെ നമുക്കും മുന്നോട്ട് പോകാം – ശുഭദിനം.