കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ് തുടങ്ങി. ഐഎസുമായി ബന്ധമുണ്ടെന്നു സൂചനയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
ലൈഫ് മിഷന്‍ കോഴയില്‍ 33.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ്. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. ഒരു കോടി രൂപ ശിവശങ്കരനു നല്‍കിയെന്നാണു സ്വപ്നയുടെ മൊഴി.
സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണി വരുന്നു. കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷരെയും മാറ്റിയേക്കും. എഐസിസി പ്ലീനറി സമ്മേളനത്തിനു ശേഷമാകും കേരളത്തിലെ പുനസംഘടന. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാന്‍ നേതാക്കള്‍ ഐക്യത്തോടെ മുന്നോട്ടു പോകണമെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈ മാസം 28 ന് മുന്‍പ് പെന്‍ഷന്‍ അനുകൂല്യം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതിനെതുടര്‍ന്നാണ് നടപടി. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു.
സിപിഎമ്മിനുള്ളിലെ ഗൂഢാലോചനമൂലമാണ് തനിക്കെതിരേ ലഹരിക്കടത്ത് ആരോപണം ഉയര്‍ന്നതെന്ന് ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസ്. തനിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ്, ജിഎസ്ടി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയതിലും ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചു പാര്‍ട്ടിക്ക് പരാതി നല്‍കിയെന്നും ഷാനവാസ്.
ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിന്റെ ഓഫിസില്‍ ക്രൈം ബ്രാഞ്ച് പരിശോധന. എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലാപ്‌ടോപ് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴയില്‍ കലക്ടറേറ്റ് മാര്‍ച്ചിനിടെ തല്ലിത്തകര്‍ത്ത ബാരിക്കേഡുകള്‍ നന്നാക്കിത്തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കു പോലീസിന്റെ താക്കീത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് നേതാക്കളോടു വിവരം ധരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വധികാരത്തോടെ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കോഴക്കേസില്‍ അറസ്റ്റിലായതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും സിബിഐ അന്വേഷണത്തെ ഭയക്കുന്നുവെന്നും സതീശന്‍ ചോദിച്ചു.
ലൈഫ് മിഷന്‍ കോഴകേസ് സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. ക്രൂടുതല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
എം ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണത്തിന്റെ ഭാഗമായുളള സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അറസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല. ശിവശങ്കര്‍ ഇടതു മുന്നണിയുടെ ഭാഗമല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് സംസ്ഥാന സര്‍ക്കാരില്‍ കരിനിഴല്‍ വീഴില്ലെന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. പാവപ്പെട്ടവര്‍ക്കു പാര്‍പ്പിടം നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ് ഇതിനെല്ലാം പിറകിലെന്നും രാജേഷ്.
ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത വെളിപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തിയാല്‍ എത്ര ഉന്നതരായാലും അഴിയെണ്ണുമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടു ബോധ്യപ്പെടുന്ന നടപടിയാണിതെന്നും മുരളീധരന്‍.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് തമിഴ്‌നാട് സ്വദേശികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. ഐലന്‍ഡ് എക്‌സ്പ്രസിലാണ് മധുര സ്വദേശികളായ ബാലകൃഷ്ണന്‍, ഗണേശന്‍ എന്നിവരെയാണു പണം സഹിതം പിടികൂടിയത്.
തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് നോട്ടീസ് നല്‍കിയത്.
കോഴിക്കോട് എന്‍ഐടിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനയറിംഗ് വിദ്യാര്‍ഥി നിധിന്‍ ശര്‍മ്മ (22) ആണ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്.
ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യത്വപരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നാളെ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു ചെയ്യും. രക്ഷിതാക്കളുടെ സംഘടനയായ കേരള പരിവാറിന്റെ നേതൃത്വത്തിലാണു മാര്‍ച്ച്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പതിനഞ്ചുകാരിയുമൊത്ത് ബീച്ചില്‍ കറങ്ങിയ ഇരുപതുകാരന്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് വീട്ടില്‍ രാജേഷ് (20)നെയാണ് റിമാന്‍ഡു ചെയ്തത്.
ബിബിസിക്കു പല തവണ നോട്ടീസ് നല്‍കിയിട്ടും മറുപടി തരാത്തതിനാലാണ് പരിശോധന നടത്തിയതെന്ന് ആദായനകുതി വകുപ്പ്. ഇന്നും പരിശോധന തുടരുകയാണ്. ഉദ്യോഗസ്ഥരോടു സഹകരിക്കണമെന്ന് ബിബിസി ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി. വ്യക്തിപരമായ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതില്ലെന്നും ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറയണമെന്നും ബിബിസി നിര്‍ദേശിച്ചു.
ത്രിപുരയില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണം. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് വിവിധ ആശയങ്ങള്‍ക്ക് ഇടമുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഒരൊറ്റ വ്യക്തിക്കോ ഒരൊറ്റ ആശയത്തിനോ രാജ്യത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ലോകത്തെ മികച്ച രാജ്യങ്ങളില്‍ പല ആശയങ്ങള്‍ക്ക് ഇടമുണ്ടെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തില്‍ മുസ്ളീങ്ങള്‍ക്ക് 30 ശതമാനം സംവരണം വേണമെന്ന് ജെഡിയു നേതാവ് ഗുലാം റസൂല്‍ ബാലിവായ്. സ്വന്തം കുറ്റം മറച്ചുവക്കാന്‍ ബിജെപി സൈന്യത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ലിവിംഗ് ടുഗെതര്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം വാടക വീട്ടിലെ കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. വജ്രവ്യാപാരിയുടെ മകനായ ഹാര്‍ദിക് ഷായാണ് (27) അറസ്റ്റിലായത്. മലയാളി നഴ്‌സ് 37 കാരി മേഘയാണ് കൊല്ലപ്പെട്ടത്.
ഒന്നിച്ചു താമസിച്ചിരുന്ന പങ്കാളിയെ കെന്ന് മൃതദേഹം സ്വന്തം ധാബയിലെ ഫ്രിഡ്ജില്‍ ഒളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24 കാരന്‍ അറസ്റ്റില്‍. സഹില്‍ ഗെലോട്ട് എന്ന യുവാവാണ് പിടിയിലായത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലെത്തിയ കമിതാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. പാലോലം ബീച്ചിലാണ് സംഭവം. സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്.