കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി. മരിച്ച വിശ്വനാഥൻറ ശരീരത്തിൽ ആറ് മുറിവുകളാണുള്ളത്. മര്‍ദ്ദനമേറ്റ പാടുകളില്ല. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്ജന് വിശദീകരിച്ചു. വിശ്വനാഥന്റെ കല്‍പ്പറ്റ പാറവയലിലെ വീട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കാന്‍ നടപടി വേണമെന്നും കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപെട്ടിരുന്നു. പ്രതിപക്ഷ നേതാവ്, വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരും രാഹുൽ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. കൈക്കുഞ്ഞുമായി വിശ്വനാഥന്റെ ഭാര്യയും അമ്മയും തങ്ങൾക്കുണ്ടായ ദുരനുഭവം രാഹുലിനോട് വിവരിച്ചു. ഏറെക്കാലത്തിന് ശേഷം കുട്ടിയുണ്ടായ സന്തോഷത്തിലായിരുന്ന വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സമഗ്ര അന്വേഷണമാണ് ആവശ്യമെന്നും കുടുംബം രാഹുലിനോട് പറഞ്ഞു. സംഭവം ദുഖകരമാണെന്നും കുടുംബത്തിന്റെ ഒപ്പം താൻ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയ ശേഷമാണു രാഹുൽ മടങ്ങിയത്.
വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടരുകയാണ്. സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഒരുസംഘം മർദിച്ചിരുന്നു. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ചയാണ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.