കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടുന്നു. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് കൊച്ചിയിലാണ് യോഗം. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ബസ് ഉടമകളും തൊഴിലാളികളും പങ്കെടുക്കും. ഇന്നലെ അമിതവേഗത്തിലോടിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
ഹൈക്കോടതിയും കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. അതേസമയം സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയിലും ഇന്നു രാവിലെയുമായി പൊലീസ് പരിശോധന നടന്നു വരികയാണ്.അതേസമയം സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ കൊച്ചിയിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. സംഭവം ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇനി ഒരു മരണം റോഡിൽ അനുവദിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു.കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.