കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന് റെക്കോഡ് വിറ്റുവരവ്. 150.20 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് നേടിയത്. പ്രതിദിന വില്പന ശരാശരി 24,000 കിലോയാണ്. കൊവിഡില്‍ കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍ക്കും ചില്ലറ വില്പനശാലകള്‍ക്കും 6 കോടി രൂപയുടെ വരുമാനമുണ്ടായി. ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് 14.27 കോടി രൂപയും വില്പനശാല നടത്തിപ്പുകാര്‍ക്ക് 17.41 കോടി രൂപയും വരുമാനം ലഭിച്ചു. 400 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനവുമായി. വില്പനശാലകള്‍ക്ക് ശരാശരി 87,000 രൂപയാണ് മാസവരുമാനം. ഫാം ഇന്റഗ്രേഷന്‍ വഴി രണ്ടുമാസത്തിലൊരിക്കല്‍ 50,000 രൂപ കോഴികര്‍ഷകര്‍ക്കും ലഭിക്കും. 2017ലാണ് കേരള ചിക്കന്‍ പദ്ധതിയുടെ തുടക്കം. 2019ല്‍ വില്പന തുടങ്ങി. കോഴിയിറച്ചി വില നിയന്ത്രിക്കുക, ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക, വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെപ്കോ) എന്നിവ സഹകരിച്ചാണ് പ്രവര്‍ത്തനം. ഉത്പാദനം മുതല്‍ വിപണനം വരെ ഏകോപിപ്പിക്കാന്‍ കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുമുണ്ട്.