yt cover 9

പോലീസ് കൊട്ടിഘോഷിച്ച കൂടത്തായി കൊലപാതക പരമ്പര കേസ് പൊളിയുന്നു. നാലു മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ് , മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചത്.

സംസ്ഥാനത്തു ഗുണ്ടാവേട്ട. നാനൂറോളം ഗുണ്ടകളാണ് ഇന്നലെ രാത്രി ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. തിരുവനന്തപുരത്തു 113 ഗുണ്ടകള്‍ പിടിയിലായി. തിരുവനന്തപുരം റൂറലില്‍ 181 പേര്‍ പിടിയിലായി. കോഴിക്കോട്ട് 69 പേരെ അറസ്റ്റു ചെയ്തു. ഗുണ്ടാ നിയമപ്രകാരം ഉത്തരവുണ്ടായിട്ടും ഒളിവില്‍ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തര്‍ സംസ്ഥാന മോഷ്ടാവ് ജാഫര്‍ എന്നിവരെ തിരുവനന്തപുരത്തു പിടികൂടിയിട്ടുണ്ട്.

കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നിര്‍ദേശമനുസരിച്ചാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍ കുമാര്‍. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകനും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാല്‍ അനില്‍ കുമാറിന്റെ തട്ടിപ്പു പിടികൂടിയത് താനാണെന്നു സൂപ്രണ്ട് ഗണേഷ് മോഹന്‍. തന്റെ കാലില്‍വീണ് അനില്‍ കുമാര്‍ മാപ്പപേക്ഷിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സൂപ്രണ്ട് പുറത്തുവിട്ടു. പോലീസ് സത്യം പുറത്തുകൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

*വായനാലോകം*

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ 150ല്‍ പരം കഥകളുമായി ഡെയ്‌ലി ന്യൂസ് വായനാലോകം. അവതരണം: പ്രവീജ വിനീത്.

https://www.youtube.com/watch?v=2PbWef88CTg&list=PLtul8xTi_mtcpY0ySyPPMZ37lFUIsvu_A

അമിത നികുതികളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നാളെ ബിജെപി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കോലം കത്തിക്കും. ഒമ്പതിനു ജില്ലാ കളക്ടറേറ്റുകളിലേക്കു മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെ തസ്തിക നിര്‍ണയ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലായി ആകെ 38,32,395 വിദ്യാര്‍ഥികളാണുള്ളത്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി ചേര്‍ന്നു. ഇവരില്‍ 44,915 പേര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് ചേര്‍ന്നത്. മന്ത്രി പറഞ്ഞു.

മൂന്നിടത്തു ക്ഷേത്രോല്‍സവങ്ങളില്‍ ആന ഇടഞ്ഞു. തൃശൂരില്‍ രണ്ടിടത്തും എറണാകുളം പെരുമ്പാവൂരിനടുത്ത ഇടവൂരിലുമാണ് ആനയിടഞ്ഞത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ ആന മറ്റൊരു ആനയെ കുത്തിയതു പരിഭ്രാന്തി പരത്തി. തിരുവമ്പാടി കണ്ണന്‍ എന്ന ആന മാനാടി കണ്ണന്‍ എന്ന ആനയെയാണു പിറകില്‍ കുത്തിയത്. തൃശൂര്‍ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിന്റെ ശീവേലിക്കിടെ ഇടഞ്ഞ ആനയെ തളച്ചു. ആനപ്പുറത്തിരുന്നവര്‍ താഴേക്കു ചാടി രക്ഷപെട്ടു. ക്ഷേത്രത്തിനു പുറത്തുണ്ടായിരുന്ന നാല് ആനകളില്‍ ഒരെണ്ണം പേടിച്ചോടിയതും പരിഭ്രാന്തി പരത്തി. പെരുമ്പാവൂര്‍ കൊളക്കാട് ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ പിന്നീട് തളച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സംസ്ഥാനത്തെ 76 പോലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരാകാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്ല. എസ്ഐമാര്‍ക്കാണു ചുമതല. 220 എസ്ഐ മാരാണു സിഐമാരായി സ്ഥാനക്കയറ്റം ലഭിക്കാന്‍ ഊഴംകാത്തു നില്‍ക്കുന്നത്. നാലു വര്‍ഷമായി പ്രമോഷന്‍ നീട്ടിക്കൊണ്ടുപോകുകയാണ്.

സിപിഐ ഉടക്കിട്ടതുമൂലം കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര മുഖ്യമന്ത്രി തടഞ്ഞിരിക്കേ, തങ്ങളെ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി യാത്രാ സംഘത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും. യാത്രയ്ക്കു തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകരില്‍ പലരും വിമാന ടിക്കറ്റ് വാങ്ങിക്കഴിഞ്ഞു. യാത്ര പൂര്‍ണമായും റദ്ദാക്കിയാല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നത്.

ബജറ്റില്‍ ഭീമമായ നികുതിക്കു കാരണം കേന്ദ്ര സര്‍ക്കാരാണെന്ന ധനമന്ത്രി ബാലഗോപാലിന്റെ ആരോപണം ഗീബല്‍സിയന്‍ തന്ത്രമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. ഈ സാമ്പത്തിക വര്‍ഷം 2,748 കോടി രൂപ സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാര്‍ തന്നെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. ഇത്രയും കൂടുതല്‍ തുക നല്‍കിയതിനാണോ രാഷ്ട്രീയ വൈരാഗ്യം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കള്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കാട്ടാനകളെ വെടിവച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്നവര്‍ ഉണ്ട്. അവരെക്കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പൂപ്പാറയില്‍ പറഞ്ഞു.

മൂന്നാറില്‍ വീണ്ടും ബാല വിവാഹം. പതിനേഴുകാരിയെ വിവാഹം ചെയ്ത 26 കാരനെതിരേ പോക്സോ ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണ്.

കായംകുളത്ത് ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഘത്തിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുളിക്കല്‍ പഞ്ചായത്ത് കല്ലുംപറമ്പില്‍ വീട്ടില്‍ അഖില്‍ ജോര്‍ജ്ജ് (30) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരില്‍ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്തവരില്‍ ഒരാളാണ് അഖില്‍ ജോര്‍ജ്ജ്.

ശബരിമലയില്‍ നടവരവ് എണ്ണാന്‍ 520 ജീവനക്കാര്‍. 20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണാനുള്ളതെന്നാണ് നിഗമനം. മകരവിളക്ക് സീസണിലെ ഇതുവരെയുള്ള വരുമാനം 351 കോടി രൂപയാണ്.

പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ സഹകരണ ബാങ്കില്‍ മുന്‍ പ്രസിഡന്റും സെക്രട്ടറിയും വന്‍ ക്രമക്കേടു നടത്തിയെന്ന് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ജോയിന്റ് അക്കൗണ്ടിലൂടെ പണം വകമാറ്റി. അനുമതി ഇല്ലാതെ പല ആവശ്യങ്ങള്‍ക്കും പണം ചെലവഴിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വായ്പ അനുവദിക്കാന്‍ കമ്മീഷന്‍ കൈപറ്റിയെന്നും കണ്ടെത്തി.

വിസാ കാലാവധിക്കു ശേഷവും കേരളത്തില്‍ തുടര്‍ന്ന ശ്രീലങ്കന്‍ യുവതിയെ ദേവികുളം പോലീസ് അറസ്റ്റു ചെയ്തു. മൂന്നാറില്‍ താമസിച്ചിരുന്ന ദീപിക പെരേര വാഹല തന്‍സീര്‍ ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

തിരുവനന്തപുരം എം.സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും കാറും കൂട്ടിയിട്ടിച്ച് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കാര്‍ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി അനൂപ്.എം. നായര്‍ (32) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുന്നംഗ കുടുംബത്തിലെ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റു.

അതിരപ്പിള്ളി പുളിയിലപ്പാറയില്‍ മ്ളാവിന്റെ കൊമ്പില്‍ പിടിച്ചു ഫോട്ടോയെടുത്തതിന് മ്ലാവിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മൂന്നു പേരെ വനപാലകര്‍ അറസ്റ്റു ചെയ്തു. വിനോദയാത്രക്കുപോയ തൃശൂര്‍ നെല്ലായി സ്വദേശി എം.എസ്. സനീഷ് (42), പാലക്കാട് സ്വദേശികളായ വി. വിനേദ് (33), പുത്തന്‍കുളം ഗോപദത്ത് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് നടപടി.

അതിരപ്പിള്ളിയിലെ കാട്ടില്‍ മലമ്പാമ്പിനെ പിടികൂടി കൊന്ന് ഇറച്ചി കടത്തിയ ആദിവാസി ഉള്‍പെടെ നാലംഗ സംഘത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. മുക്കാമ്പുഴ ഊരിലെ അനീഷ് (41), സുബിന്‍ (26), മേലൂര്‍ സ്വദേശികളായ പ്രവീണ്‍ (38), വിശ്വനാഥ് (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കോഴിക്കോട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തില്‍ കൈയൊടിഞ്ഞ വിദ്യാര്‍ത്ഥിനി ദിയ അഷ്റഫ് എന്ന 19 കാരിക്കു സഹായം നല്‍കാതെ അവഗണിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയില്‍ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിലാണ് നടപടി.

ഗായിക വാണി ജയറാമിന്റെ മരണത്തിനു കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിച്ചാണു മുറിവുണ്ടായത്. മരണത്തില്‍ മറ്റു സംശയങ്ങില്ലെന്നും പൊലീസ്.

തമിഴ്നാട്ടിലെ വണ്ണിയമ്പാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലെ തൈപ്പൂയത്തിന് അയ്യപ്പന്‍ എന്നയാളാണ് നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്ത്. പ്രതീക്ഷിച്ചതിലേറെയും ആളുകള്‍ എത്തിയതോടെയാണ് വന്‍തിരക്കുണ്ടായത്.

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി മര്‍ദിച്ചു തല പൊളിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. ബാന്ദ്രയിലെ ഫ്ളാറ്റില്‍ കുക്കിംഗ് പാനിന്റെ പിടി എറിഞ്ഞു തലയ്ക്കു പരിക്കേറ്റെന്നു പരാതിയില്‍ പറയുന്നു. വിനോദ് കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. ദുബായിലെ ആശുപത്രിയലായിരുന്നു അന്ത്യം. ഏറെ കാലമായി മുഷറഫ് ചികിത്സയിലായിരുന്നു.

മണപ്പുറം ഫിനാന്‍സിന്റെ ഏകീകൃത അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 50.76 ശതമാനം ഉയര്‍ന്ന് 393.49 കോടി രൂപ രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1484.45 കോടി രൂപയില്‍ നിന്ന് 15.47 ശതമാനം വളര്‍ച്ചയോടെ 1714.12 കോടി രൂപയായി. കമ്പനിയുടെ കൈകാര്യ ആസ്തി 4.85 ശതമാനം വര്‍ധിച്ച് 1,883.37 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 51 ശതമാനം വര്‍ധനവുണ്ടായി. കമ്പനി 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 75 പൈസ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. മണപ്പുറത്തിന്റെ സ്വര്‍ണ വായ്പ വിഭാഗത്തില്‍ രേഖപ്പെടുത്തിയ വരുമാനം 18,614.13 കോടി രൂപയായിരുന്നു. അതേസമയം സ്വര്‍ണ വായ്പ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 23.7 ലക്ഷമെത്തി. മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ കൈകാര്യ ആസ്തി 22.05 ശതമാനം വര്‍ധിച്ച് 8653.45 കോടി രൂപയായി. കമ്പനിയുടെ ഭവന വായ്പ ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാന്‍സിന്റെ കൈകാര്യ ആസ്തി 1004.80 കോടി രൂപ രേഖപ്പെടുത്തി. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഫിനാന്‍സ് വിഭാഗത്തിന്റെ കൈകാര്യ ആസ്തി 2112.19 കോടി രൂപയാണ്. കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.42 ശതമാനവുമാണ്.

മൈക്രോസോഫ്റ്റ് ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ചു. വീഡിയോ കോളിംഗ്, ഇ-മെയില്‍, ചാറ്റിംഗ്, ഫയല്‍ ഷെയറിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ ആണ് ടീംസ്. ചാറ്റ്ജിപിടി എത്തിയതോടെ മീറ്റിംഗുകള്‍സ ഇമെയില്‍ തുടങ്ങിയവയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പ്രീമിയം വേര്‍ഷനില്‍ മാത്രമാവും ചാറ്റ്ജിപിടി സേവനം ലഭിക്കുക. ഓപ്പണ്‍എഐ വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ട് ആണ് ചാറ്റ്ജിപിടി. ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തിടെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നേരത്തെ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് കമ്പനിയില്‍ നടത്തിയിരുന്നു. ചാറ്റ്ജിപിടിയെ ബിംഗ് സെര്‍ച്ച് എഞ്ചിനുമായി മൈക്രോസോഫ്റ്റ് ബന്ധിപ്പിച്ചേക്കും. കൂടാതെ വേര്‍ഡ്, പവര്‍പോയിന്റ്, ഔട്ട്ലൂക്ക് തുടങ്ങിയവയില്‍ ചാറ്റ്ജിപിടിയുടെ സാധ്യതകള്‍ മൈക്രോസോഫ്റ്റ് പഠിക്കുകയാണ്. ഗൂഗിളിനെതിരെ മത്സരം ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 20 ഡോളറിന്റെ (ഏകദേശം 1630 രൂപ) സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ചാറ്റ്ജിപിടി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു.

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായി മാറി ഷാറുഖ് ഖാന്റെ ‘പഠാന്‍’. ആമിര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ തകര്‍ത്തത്. ചിത്രം ഇതുവരെ 10.85 കോടിയാണ് കേരളത്തില്‍ നിന്നും വാരിക്കൂട്ടിയത്. മലബാര്‍ മേഖലയില്‍ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ടാണ് ചിത്രം പത്ത് കോടി കളക്ട് ചെയ്തത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 700 കോടി രൂപയാണ് ചിത്രം നേടിയത്. ബോക്സ്ഓഫിസ് ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ആമിര്‍ ഖാന്‍ ചിത്രമായ ദംഗലിന്റെ (ഹിന്ദി വേര്‍ഷന്‍) ലോകമെമ്പാടുമുള്ള ഗ്രോസ് കലക്ഷന്‍ ശനിയാഴ്ച (702 കോടി) പത്താന്‍ മറികടന്നു. ഇനി മുന്നില്‍ 801 കോടി നേടിയ ബാഹുബലി – ദ് കണ്‍ക്ലൂഷനാണ് (ഹിന്ദി വേര്‍ഷന്‍ മാത്രം). രണ്ടാം വാരത്തിന്റെ അവസാനത്തോടെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി ‘പഠാന്‍’ മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായ പഠാന്‍ ആക്ഷന്‍ ത്രില്ലറാണ്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോണ്‍ ഏബ്രഹാം വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പദുക്കോണ്‍ നായികയാകുന്നു.

2023 ജനുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കിയുടെ ഏഴ് സീറ്റര്‍ കാറായ ഇക്കോ വന്‍ വില്‍പ്പനയാണ് നേടിയത്. 2023 ജനുവരിയില്‍ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 10,528 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 107,844 യൂണിറ്റുകള്‍ വിറ്റു, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 89,934 യൂണിറ്റുകള്‍ വിറ്റു. അപ്‌ഡേറ്റ് ചെയ്ത ഇക്കോ എംപിവി ഇന്ത്യന്‍ വിപണിയില്‍ 5.13 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഏകദേശം 13 വകഭേദങ്ങളിലാണ് ഇത് വില്‍ക്കുന്നത്. 5-സീറ്റര്‍ കോണ്‍ഫിഗറേഷന്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷന്‍, കാര്‍ഗോ, ടൂര്‍, ആംബുലന്‍സ് വകഭേദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ കൂടാതെ സിഎന്‍ജി പവര്‍ട്രെയിനുകള്‍ക്കൊപ്പമാണ് ഈ എംപിവി വില്‍ക്കുന്നത്. എല്ലാ മാസവും ഈ ഇക്കോ വാനിന്റെ വില്‍പ്പന പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ്മെന്റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയിലെ പ്രശ്നങ്ങളെ ഇസ്ലാമിക വീക്ഷണകോണില്‍നിന്നുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് മനോഹരമായി വിലയിരുത്തുന്നു. ഈ ലോകത്തെ ജീവിതം നശ്വരമാണെന്നും സ്ഥായിയായ ഒരു ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുണ്ടാക്കുകയാണ് ഈ ലോകത്തുള്ള ദൗത്യമെന്നുമുള്ള ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണത്തെ പരലോകജീവിതത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ള വരികളില്‍ സമര്‍ത്ഥമായി വിശദീകരിച്ചിട്ടുണ്ട്. ‘വിശുദ്ധ ഖുര്‍ ആന്റെ’ നിത്യനൂതനത്വത്തെക്കുറിച്ചും ശാസ്ത്രീയ സത്യങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന കൃതി. ‘വിശുദ്ധ ഖുര്‍ആന് വഴങ്ങുക’. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍. ഗ്രീന്‍ ബുക്സ്. വില 275 രൂപ.

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല, ഇതേ അളവില്‍ തലച്ചോറിനും ദോഷം ചെയ്യുമെന്ന് പഠനം. ഒരാള്‍ പുകവലിക്കുമ്പോള്‍ തലച്ചോറിന്റെ സബ്കോര്‍ട്ടിക്കല്‍ ഭാഗത്ത് അത് നേരിട്ട് ബാധിക്കുന്നു. തലച്ചോറിന്റെ ഈ ഭാഗത്തിന് വികാരം, ഓര്‍മശക്തി, സന്തോഷം, ഹോര്‍മോണ്‍ ഉല്‍പാദനം എന്നിവയെല്ലാമായി ബന്ധമുണ്ട്. പുകവലിക്കുന്നവരില്‍ തലച്ചോറിന്റെ വ്യാപ്തി കുറഞ്ഞു വരാനുള്ള സാധ്യത അധികമാണ്. ഇത് പക്ഷാഘാതം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ പുകയിലയുടെ അപടങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് 20 സിഗരറ്റ് വലിക്കുന്ന ഒരാള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യത ആറിരട്ടി ആണ്. പുകവലി എങ്ങനെ ബൗദ്ധികമായ ഇടിവിന് കാരണമാകും എന്നതിനെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. അതില്‍ ആദ്യത്തേത് പുകവലി, തലച്ചോറിന്റെ പ്രായമാകല്‍ നേരത്തെയാക്കും എന്നതാണ്. ഇത് ഓക്സീകരണസമ്മര്‍ദം കൂടി അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത കൂട്ടും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ടൈപ്പ്2 പ്രമേഹം ഇവയെല്ലാം വര്‍ധിച്ച മറവിരോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കമില്ലായ്മ, മറ്റ് ഉറക്കപ്രശ്നങ്ങള്‍ ഇവയ്ക്കെല്ലാം ഉള്ള സാധ്യതയ്ക്കും പുകവലി കാരണമാകുന്നു. ഈ അവസ്ഥകളെല്ലാം മറവി രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ബ്രെയ്ന്‍ കാന്‍സറിനും പുകവലി കാരണമാകും എന്ന് ഗവേഷകര്‍. വേക്ക് ഫോറസ്റ്റ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ തലച്ചോറിലേക്ക് പകരുന്നതിന് നിക്കോട്ടിന്‍ കാരണമാകുന്നു. 281 ശ്വാസകോശാര്‍ബുദരോഗികളിലാണ് പഠനം നടത്തിയത്. പുകവലിക്കാരില്‍ ബ്രെയ്ന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *