mid day hd 19

 

ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്ു വധശ്രമക്കേസില്‍ പത്തു വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ അടക്കം നാലു പ്രതികള്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ഇതോടെ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും. തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അസാധുവാകുകയും ചെയ്യും. വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അപ്പീലിനുള്ള അവസരത്തിനു മുമ്പേ തെരഞ്ഞെടുപ്പു നടക്കുമെന്നും അതു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് പഞ്ചുമഹല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞെന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷമാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളില്‍ എട്ടു പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു.

ബിബിസി ഡോക്യുമെന്റി പ്രദര്‍ശിപ്പിച്ചതിനെതിരായ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെയുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിരോധിക്കാത്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനെതിരെ കേസെടുക്കില്ലെന്നു പൊലീസ്.

ബിബിസി ഡോക്യുമെന്ററി രാജ്യതാല്‍പര്യത്തിന് എതിരാണെന്നു പ്രതികരിച്ചതിനു കോണ്‍ഗ്രസില്‍നിന്നു കടുത്ത വിമര്‍ശനം നേരിട്ട അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍നിന്നാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിനു ചുറ്റും സ്തുതിപാഠകരാണെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കില്ല. തനിക്കെതിരേ പ്രതികരിച്ചവര്‍ കാപട്യക്കാരാണ്. വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നു പ്രസ്താവിച്ച അനില്‍ ആന്റണിയുടെ ബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്പനിക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്കിലാണ് ഈ പ്രതികരണം.

കെ.എസ്.ഇ.ബി. സ്മാര്‍ട്ട് മീറ്റര്‍ വാങ്ങി വയ്പിക്കാനുള്ള നീക്കത്തില്‍ യൂണിയനുകളുടെ പരാതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമതിയെ നിയോഗിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ഇ.ബി. ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയും അംഗങ്ങളായ സമിതിയോട് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കു സ്വകാര്യമേഖലയുമായുള്ള ഇടപാടു വേണ്ടെന്നാണ് ഇടതു നേതാക്കളായ എളമരം കരീമും കാനം രാജേന്ദ്രനും ആവശ്യപ്പെട്ടത്.

കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അക്കാദമിക് സഹകരണ വാഗ്ദാനവുമായി ഫിന്നിഷ് വിദ്യാഭ്യാസ സംഘം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളിലാണ് സഹകരണ വാഗ്ദാനം. ലോക വിദ്യാഭ്യാസ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലന്‍ഡ് സംഘവുമായി മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ ഡിസംബറില്‍ ചര്‍ച്ച നടത്തിയിരുന്നു.

സിപിഎം കൗണ്‍സിലര്‍ എ. ഷാനവാസിന്റെ വാഹനത്തിലെ ലഹരിക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസിനു സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നു റിപ്പോര്‍ട്ട്. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു.

കൊല്ലം ആയൂരില്‍ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ നാലു പ്രതികളില്‍ ഒരാള്‍ കീഴടങ്ങി. ആയൂര്‍ മലപ്പേരൂര്‍ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസില്‍ കീഴടങ്ങിയത്. മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

കോഴിക്കോട് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം വളരെ ഗുരുതരമെന്ന് മദ്രാസ് ഐഐടി റിപ്പോര്‍ട്ട്. ബലപ്പെടുത്താന്‍ 30 കോടി രൂപയെങ്കിലും വേണം. ആര്‍ക്കിടെക്ടില്‍നിന്നനും കരാറുകാരില്‍നിന്നും പിഴ ഈടാക്കണമെന്നും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 75 കോടി രൂപ ചെലവിട്ട് 2015 ലാണു കെട്ടിടം പണിതത്. ഇതുവരെ കേസെടുത്തിട്ടില്ല.

നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്ന വീട്ടമ്മയുടെ വീട്ടില്‍ ബോധരഹിതനായി ആശുപത്രിയില്‍ എത്തിച്ചതിനു പിറകേ മരിച്ച യുവാവിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും കുടുംബം. കോട്ടയം വയലാ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരിക്കുകളുണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. ബോധരഹിതനായി വീണ അരവിന്ദനെ ആശുപത്രിയിലാക്കാന്‍ പത്തു കിലോ മീറ്റര്‍ അകലെനിന്ന് അരവിന്ദന്റെ പരിചയക്കാരനായ ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയതും ആശുപത്രിയില്‍ എത്തിച്ച വീട്ടമ്മയുടെ സഹോദരന്‍ ഉടനേ മുങ്ങിയതും സംശയകരമാണെന്നു വീട്ടുകാര്‍ പറഞ്ഞു.

പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശിന് എത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ നിയമ വിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് പിടിയിലായത്. സിവില്‍ സര്‍വീസ് പഠനത്തില്‍ ഉന്നത വിജയം നേടാന്‍ പഴനിയിലേക്ക് 1001 രൂപ നേര്‍ച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിയെ ആക്രമിച്ചത്.

പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.

മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദലി (58) സൗദി അറേബ്യയിലെ താമസസ്ഥലത്തു കുത്തേറ്റു മരിച്ചത് അബദ്ധത്തിലാണെന്നു വെളിപെടുത്തല്‍ ഹണി ട്രാപ്പില്‍പ്പെട്ടതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മുഹമ്മദലിക്കു അബദ്ധവശാല്‍ കുത്തേറ്റതാണെന്നാണ് പ്രതി ചെന്നൈ സ്വദേശി മഹേഷ് (45) പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനു ശേഷം സ്വയം കഴുത്തു മുറിച്ച പ്രതിയെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലഖിംപൂര്‍ ഖേരി കേസില്‍ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എട്ടാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. ജാമ്യകാലയളവില്‍ ഉത്തര്‍പ്രദേശിലും ദഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടമമെന്നും ഉത്തരവിട്ടു.

കഫേ കോഫി ഡേയ്ക്ക് 25 കോടി രൂപയുടെ പിഴ. 45 ദിവത്തിനകം പിഴ തുക അടയ്ക്കണമെന്നാണ് സെബിയുടെ നിര്‍ദ്ദേശം. കഫേ കോഫി ഡേയുടെ ഏഴ് അനുബന്ധ കമ്പനികളില്‍ നിന്നായി 3500 കോടി രൂപ മൈസൂര്‍ അമാല്‍ഗമേറ്റഡ് കോഫീ എസ്റ്റേഡ് ലിമിറ്റഡിലേക്കു വകമാറ്റിയതിനാല്‍ ഓഹരി പങ്കാളികള്‍ക്ക് നഷ്ടം സംഭവിച്ചതിനാണ് പിഴ ശിക്ഷ വിധിച്ചത്.

അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇന്‍ഡ്യാനയിലെ വസതിയില്‍ നിന്ന് രഹസ്യരേഖകള്‍ കണ്ടെത്തി. ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകള്‍ പിടിച്ചെടുത്ത് എഫ്ബിഐക്ക് കൈമാറി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും പ്രസിഡന്റ് ജോ ബൈഡന്റേയും കൈവശമുള്ള രഹസ്യ രേഖകളേക്കുറിച്ച് അന്വേഷക്കുന്നതിനിടെയാണ് മൈക്ക് പെന്‍സിന്റെ വീട്ടില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തത്.

പതിമ്മൂന്നു വര്‍ഷം മുമ്പ് ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം കുറച്ചുനേരത്തേക്കു നിലച്ചെന്നും പിന്നീട് നേര്‍വിപരീത ദിശയില്‍ പുനരാരംഭിച്ചെന്നും പഠന റിപ്പോര്‍ട്ട്. 2009 ലാണ് അകക്കാമ്പ് ഭ്രമണത്തില്‍ ഇടവേളയെടുത്തതെന്നാണു റിപ്പോര്‍ട്ട്. 35 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതിനു കാരണം. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *