ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ വീണ്ടും വര്‍ദ്ധനവ്. കണക്കുകള്‍ പ്രകാരം, ജനുവരി 13- ന് സമാപിച്ച ആഴ്ചയില്‍ 1,041.7 കോടി ഡോളറായാണ് വിദേശ നാണയ ശേഖരം ഉയര്‍ന്നത്. ഇതോടെ, വിദേശ നാണയ ശേഖരം 57,200 കോടി ഡോളറിലെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ ഉയരമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ വിദേശ കറന്‍സി ആസ്തി 907.8 കോടി ഡോളര്‍ ഉയര്‍ന്ന് 50,551.9 കോടി ഡോളറായി. അതേസമയം, കരുതല്‍ സ്വര്‍ണ ശേഖരം 110.6 കോടി ഡോളര്‍ മെച്ചപ്പെട്ട് 4,289 കോടി ഡോളറിലെത്തി. 2021 ഒക്ടോബറിലാണ് വിദേശ നാണയ ശേഖരം റെക്കോര്‍ഡ് മുന്നേറ്റം കാഴ്ചവച്ചത്. ആഗോള തലത്തില്‍ പണപ്പെരുപ്പം നിലനിന്നിരുന്നതിനാല്‍, റിസര്‍വ് ബാങ്കിന് വന്‍ തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നിരുന്നു. ഇത് വിദേശ നാണയ ശേഖരം വീണ്ടും താഴേക്ക് പോകാന്‍ കാരണമായി. ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ ജാപ്പനീസ് യെന്‍, പൗണ്ട്, യൂറോ, സ്വര്‍ണം, ഐ.എം.എഫിലെ കരുതല്‍ ധനം തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്.