നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ 15 ശതമാനത്തിന്റെ ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 15,792 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനത്തിന്റെ ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18,549 കോടി രൂപയായിരുന്നു അറ്റാദായം. അറ്റാദായം ഇടിഞ്ഞെങ്കിലും, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 2.2 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. മൂന്നാം പാദത്തില്‍ റീട്ടെയില്‍, ടെലികോം ബിസിനസുകള്‍ എന്നിവ കമ്പനി വ്യാപിപ്പിച്ചിരുന്നു. ഇത് പലിശ, മറ്റു ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പലിശച്ചെലവുകള്‍ 36.4 ശതമാനം വര്‍ദ്ധനവോടെ, 5,201 കോടി രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, 3,03,503 കോടിയുടെ കടബാധ്യതയും റിലയന്‍സിന് ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിറം മങ്ങിയെങ്കിലും, റിലയന്‍സ് റീട്ടെയില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 2,400 കോടി രൂപയുടെ അറ്റാദായമാണ് റിലയന്‍സ് റീട്ടെയില്‍ നേടിയത്.