കേന്ദ്രം നൽകുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നതെന്നത് ചിലർ നടത്തുന്ന കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി വകുപ്പ് പുനസംഘടനാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിയമം ആറാം വർഷത്തിലേക്ക് കടന്നിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ജിഎസ് ടി കൗൺസിലിൽ സംസ്ഥാനങ്ങൾക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ചെക്പോസ്റ്റ് സംവിധാനം ഇല്ലാതായതോടെ നികുതി വെട്ടിപ്പ് നിരവധി മാർഗങ്ങളിലൂടെ നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നികുതി വരുമാനം വർധിപ്പിക്കാനെന്ന പേരിൽ അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെയും നികുതി കേന്ദ്രം വർധിപ്പിച്ചു. അതിനെതിരെ ജിഎസ്ടി കൗൺസിലിലടക്കം കേരളം ശബ്ദമുയർത്തി. നിത്യോപയോഗ സാധനങ്ങൾക്ക് പകരം ആഡംബര ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രം അതിന് ചെവിക്കൊടുത്തില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതി ഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി അടക്കം പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്രം നൽകുന്ന ധനസഹായം കൊണ്ടാണ് കേരളം പിടിച്ചു നിൽക്കുന്നതെന്നത് കള്ള പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
