mid day hd 11

 

ക്ഷേമ പെന്‍ഷനുകള്‍ അടക്കമുള്ള ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനക്ഷേമ പദ്ധതികള്‍ നിറുത്തലാക്കാനാണ് ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് എസ്എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. കോടതി ഉത്തരവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടിയായി.

ലഷ്‌കര്‍ കൊടുംഭീകരന്‍ അബ്ദുല്‍ റഹ്‌മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. മക്കിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. പാക്കിസ്ഥാനില്‍ സൈ്വര്യവിഹാരം നടത്തുന്ന കൊടും ഭീകരന് 68 വയസുണ്ട്. ലഷ്‌കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമനാണ്. ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. ഇയാളുടെ തലയ്ക്ക് അമേരിക്ക 16 കോടി രൂപയാണു വിലയിട്ടിരിക്കുന്നത്.

ക്രൂഡ് ഓയില്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, ഡീസല്‍ എന്നിവയുടെ കയറ്റുമതിക്കുള്ള വിന്‍ഡ് ഫാള്‍ ടാക്‌സ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ടണ്ണിന് 2,100 രൂപയില്‍ നിന്ന് 1,900 രൂപയാക്കി. എടിഎഫിന്റെ കയറ്റുമതി നികുതി ലിറ്ററിന് നാലര രൂപയില്‍ നിന്ന് മൂന്നര രൂപയായും ഡീസലിന്റെ കയറ്റുമതി നികുതി ലിറ്ററിന് ആറര രൂപയില്‍ നിന്ന് അഞ്ചു രൂപയായും കുറച്ചു.

ഇടുക്കി ജില്ലയില്‍ ബഫര്‍സോണില്‍ ഇള്‍പ്പെടുന്ന മേഖലയിലെ അപാകതകള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയായി. കെട്ടിടങ്ങള്‍ ഏതൊക്കെയെന്നുള്ള ജിയോ ടാഗിംഗ് അടക്കമാണ് പൂര്‍ത്തിയാക്കിയത്. എട്ടു സംരക്ഷിത വനമേഖലിയിലെ അറക്കുളം ഒഴികെയുള്ള 20 പഞ്ചായത്തുകളിലാണ് ഫീല്‍ഡ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്. മൂന്നാര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നുള്ള പഞ്ചായത്തുകളിലെ 7,816 അപേക്ഷകളില്‍ 7,033 എണ്ണവും, ഇടുക്കിയില്‍ 11,434 അപേക്ഷകളില്‍ 9,931 എണ്ണവും, പെരിയാറില്‍ 7,298 എണ്ണവും പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി.

കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയെന്ന് ആരോപിച്ചു പിടികൂടിയ പാല്‍ സൂക്ഷിച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചു. ചൂടും സമ്മര്‍ദവുംമൂലമാണ് പൊട്ടിത്തെറിച്ചത്. 15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ലോറി ആറു ദിവസമായി തെന്മല സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉണ്ടെന്ന് ആരോപിച്ചു പിടികൂടിയ പാലില്‍ തകരാറില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബ് പരിശോധനാ റിപ്പോര്‍ട്ട്.

പെരിന്തല്‍മണ്ണയിലെ വോട്ടു പെട്ടി കാണാതായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. പെരിന്തല്‍മണ്ണ ട്രഷറിയില്‍നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്കും തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റര്‍ക്കും വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

സ്വന്തം ബൈക്ക് കത്തിച്ചശേഷം പരാതി നല്‍കിയ സിപിഎം ഇടുക്കി ചേമ്പളം ബ്രാഞ്ച് സെക്ട്രറി ഷാരോണിനും നാലു പ്രവര്‍ത്തകര്‍ക്കുമെതിരേ പാര്‍ട്ടി നടപടി. ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും വാഹനം കത്തിയ്ക്കുകയും മാല മോഷ്ടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി നല്‍കിയത്.

അധോലോകവുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ പോലീസകാര്‍ക്കെതിരേ നടപടി വരും. സംസ്ഥാനവ്യാപകമായി 160 ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെയും നടപടിയുണ്ടാകും.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് സാലു എന്ന തോമസിന്റെ വീട്ടില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യഥാസമയം ചികില്‍സ കിട്ടാത്തതിനാലാണു മരിച്ചതെന്ന് ഭാര്യയടക്കമുള്ള ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് പരാതിപ്പെട്ടു. ഏറെ നേരം രക്തം വാര്‍ന്നു കിടന്ന തോമസിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവും ലഭിച്ചില്ലെന്നു പരാതിപ്പെട്ടു.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന് ചികില്‍സ നല്‍കുന്നതില്‍ കാലതാമസമോ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കടുവ ആക്രമിച്ചശേഷം രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് തോമസിനെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്നുപോയിരുന്നെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസില്‍ വിവരമുള്ളവര്‍ വളര്‍ന്നു വരുന്നത് എതിര്‍ക്കുന്ന ഒരുകൂട്ടരുണ്ടെന്ന് കെ. മുരളീധരന്‍. പേടിയാണു കാരണം. പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിന് കെ കരുണാകരന്റെ മാര്‍ഗങ്ങള്‍ മാതൃക ആക്കണം. പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി യോഗത്തില്‍ പറഞ്ഞാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്യും അച്ചടക്കലംഘനം ആകുകയുമില്ല. മുരളീധരന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാനാവുന്നതിനേക്കാള്‍ സമ്മര്‍ദം നല്‍കുന്നതിനാലാണ് മയക്കുമരുന്നിലേക്കു വഴി തെറ്റുന്നതെന്ന് ശശി തരൂര്‍ എംപി. കോട്ടയം പ്രസ് ക്ലബില്‍ ഋഷിരാജ് സിംഗിന്റെ പുതിയ പുസ്തകത്തെ അപഗ്രഥിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്നു കേസുകള്‍ മൂന്നു മടങ്ങു വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു.

ചിന്തന്‍ ശിബിരില്‍ അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. വിവേക് നായര്‍ എന്ന ശംഭു പാല്‍ക്കുളങ്ങരയെയാണ് കെപിസിസി സസ്‌പെന്‍ഡു ചെയ്തത്.

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.

കോട്ടയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചന പരാതിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഎം നേതാവ് എം എ ബേബി. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്‌കാണെന്ന് എം എ ബേബി പറഞ്ഞു.

എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച മൂന്നു പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.

തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ സിറ്റി പോലീസ് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി. നിക്ഷേപകരായ 177 പേര്‍ക്ക് 45 കോടി രൂപ നഷ്ടപ്പെട്ടെന്നാണു പൊലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പിലെ വിവരം.

കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്കു മുന്നില്‍ കണ്ടെത്തിയത്.

കോഴിപ്പോരിനിടെ പിടികൂടിയ രണ്ടു പോരുകോഴികളെ ചിറ്റൂര്‍ പൊലീസ് 7750 രൂപയ്ക്കു ലേലം ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് നടത്തിയ റെയ്ഡിലാണ് 2 പോരുകോഴികളെയും പതിനൊന്ന് ബൈക്കും പൊലീസ് പിടിച്ചെടുത്തത്.
കോഴികളെ പരിപാലിക്കാനും കോടതിയില്‍ ഹാജരാക്കാനും ബുദ്ധിമുട്ടുള്ളതിനാലാണ് ലേലം ചെയ്ത് പണം കോടതിയില്‍ കെട്ടിവയ്ക്കുന്നത്.

ജമ്മു കാഷ്മീരില്‍ രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടക്കരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. ചില പ്രദേശങ്ങളില്‍ കാല്‍നടയാത്ര അപകടമാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏജന്‍സികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്.

ഭാരത് ജോഡോ യാത്രക്കിടെ യുവാവ് ഓടിയെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് സംഭവം. യുവാവിനെ രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

യുദ്ധത്തില്‍നിന്നു പാക്കിസ്ഥാന്‍ പാഠംപഠിച്ചെന്നും കാഷ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയ്ക്കു തയാറാകണമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനവും വികസനവുമാണ് നമുക്കു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യം മോശമായെന്ന് റിപ്പോര്‍ട്ട്. എല്ലാ ദിവസവും കൂടുതല്‍ കൂടുതല്‍ മദ്യപിക്കുകയാണെന്നു ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഉന്നിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ പരക്കുകയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *