night news hd 10

 

ബഫര്‍ സോണ്‍ വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. വിധി ഭേദഗതി ചെയ്യുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കേരളവും തമിഴ്‌നാടും കര്‍ഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിധി ജനജീവീതത്തെ സ്തംഭിപ്പിച്ചെന്നു കേന്ദ്രം അറിയിച്ചു. വിധി ഗുണഫലമുണ്ടാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്ത മാസ്‌ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധം. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലവും നിര്‍ബന്ധമാണ്. കൊവിഡ് വ്യാപന ഭീഷണിയെത്തുടര്‍ന്ന് ദേശീയതലത്തിലുള്ള തീരുമാനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.

വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എന്‍ഐഒടിയുടെ പഠന റിപ്പോര്‍ട്ട്. വലിയ തീരശോഷണം നേരിട്ട വലിയതുറ, ശംഖുമുഖം മേഖലയില്‍ അടുത്ത വര്‍ഷങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതല്‍ 2022 സെംപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് പഠനം നടന്നത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതല്‍ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാര്‍, എടപ്പാട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ തീരശോഷണം ഉണ്ടായിട്ടും ഗൗനിക്കാതെയാണ് റിപ്പോര്‍ട്ടു തയാറാക്കിയത്.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഇനി മുതല്‍ കെഎല്‍ 99 എന്ന സീരീസ് നല്‍കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗതമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ റിപ്പോര്‍ട്ട് അംഗീകാരത്തിനായി മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കാന്‍ ചട്ടഭേദഗതി കൊണ്ടുവരും. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍-99- എ എന്നും കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എല്‍- ബി എന്നും നമ്പര്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 സി എന്നും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെ.എല്‍-99 ഡി എന്നും തുടങ്ങുന്ന നമ്പരായിരിക്കും.

ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മാച്ചില്‍ കാണികള്‍ കുറഞ്ഞതിന്റെ പഴി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ്. വിനോദ നികുതി വര്‍ധിപ്പിച്ചെന്ന ആരോപണം ശരിയല്ല. വിനോദ നികുതി 24 ശതമാനത്തില്‍നിന്ന് 12 ശതമാനമാക്കി കുറയ്ക്കുകയാണു ചെയ്തതെന്ന് മന്ത്രി അവകാശപ്പെട്ടു.

കാര്യവട്ടത്ത് ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരമല്ല, മന്ത്രിയെയാണു ബഹഷ്‌കരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കായിക മന്ത്രി വി അബ്ദുള്‍ റഹിമാന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മന്ത്രിയെയാണു ബഹിഷ്‌കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണു താന്‍ പറഞ്ഞതെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.

പാലാ നഗരസഭാ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതില്‍ ഉടക്കുമായി കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനു വിട്ടുകൊടുക്കാം, എന്നാല്‍ ബിനു പുളിക്കകണ്ടം എന്ന കൗണ്‍സിലറെ ചെയര്‍മാനാക്കാന്‍ സമ്മതിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം വ്യക്തമാക്കി. ജോസ് കെ മാണിയെ തോല്‍പിക്കാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ ബൈജുവിനെ മര്‍ദിക്കുകയും ചെയ്ത ബിനുവിനെ ചെയര്‍മാനാക്കാന്‍ പറ്റില്ലെന്നാണ് അവരുടെ നിലപാട്.

ശബരിമലയില്‍ തീര്‍ത്ഥാടകരെ വാച്ചര്‍ തള്ളിയതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. തീര്‍ത്ഥാടകരെ തള്ളാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിരവധിയായ മാര്‍ഗങ്ങളുണ്ട്. ഭക്തരെ കൈയേറ്റം ചെയ്തത് എന്തിനെന്നും കോടതി ചോദിച്ചു. ബോധപൂര്‍വമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം വാച്ചര്‍ പിടിച്ച് തള്ളിയ സംഭവത്തെ ആദ്യം ന്യായീകരിച്ച ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, പിന്നീട് കോടതി ഇടപെട്ടതോടെ നിലപാടു മാറ്റി. ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറിനോട് ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഭക്തര്‍ക്കുനേരെ ബല പ്രയോഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മയോണയ്‌സ് ഉപയോഗിച്ച് കോഴിമാംസം കഴിച്ച ഏഴു വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യവിഷബാധ. കണ്ണൂര്‍ നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ പാപ്പിനിശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് കുണ്ടംകുഴിയിലെ ജിബിജി നിക്ഷേപ തട്ടിപ്പു കേസില്‍ കമ്പനി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന് എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ് കുമാര്‍ രാവിലെ പതിനൊന്നിന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്തുംമുമ്പേ കാസര്‍കോട്ടെ ലോഡ്ജില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗംഗാധരനേയും അറസ്റ്റു ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നാലു പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്.

എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്.

നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടില്‍ രജീഷ് (33) ആണ് ആളൂര്‍ പൊലീസിന്റെ പിടിയിലായത്. മൂന്നു പ്രതികളെകൂടി പിടികൂടാനുണ്ട്.

പി.വി അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. 10 വര്‍ഷം മുമ്പ് ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യുന്നത്. മംഗലാപുരത്തെ ക്വാറിയില്‍ 50 ലക്ഷം രൂപ മുടക്കിയാല്‍ 10 ശതമാനം ഷെയറും ലാഭവീതവും വാഗ്ദാനം ചെയ്ത് അന്‍വര്‍ മലപ്പുറം സ്വദേശിയായ വ്യവസായി സലീമില്‍നിന്നു പണം തട്ടിയെന്ന ആരോപണത്തിലാണ് അന്വേഷണം.

സെക്രട്ടേറിയേറ്റില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് നേതാക്കളാണ് അടിയുണ്ടാക്കിയത്. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

മൂന്നാറില്‍ മഞ്ഞുകാണാന്‍ എത്തിവരില്‍നിന്നു വനപാലകരുടെ പണപ്പിരിവ്. വിവാദമായതോടെ ദേശീയോദ്യാനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന താക്കീതുമായി സഞ്ചാരികളെ ഓടിച്ചുവിടാന്‍ തുടങ്ങി. മൂന്നാറില്‍ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ താഴെ എത്തിയതോടെ കന്നിമല, ചെണ്ടവാര എന്നിവിടങ്ങളില്‍ പുല്‍മേടുകള്‍ വെളുത്ത മഞ്ഞുമൂടിക്കിടക്കുന്ന കാഴ്ച കാണാം. ധാരളം പേര്‍ ഇവിടെ എത്തുന്നുണ്ട്.

കണ്ണൂര്‍ പന്ന്യന്നുര്‍ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെ ആര്‍.എസ്.എസ് – കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിനും ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്, അതുല്‍ എന്നിവര്‍ക്കും പരുക്കേറ്റു. വധശ്രമത്തിന് പാനൂര്‍ പൊലീസ് കേസെടുത്തു.

മലപ്പുറത്ത് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ അടിച്ച് എല്ലൊടിച്ചു. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തത്. കുട്ടിയുടെ കാലിലെ എല്ലൊടിഞ്ഞു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്

അധികാരത്തിലെത്തിയാല്‍ തൊഴില്‍രഹിതരായ എല്ലാ സ്ത്രീകള്‍ക്കും 2000 രൂപ വീതം പ്രതിമാസം സഹായധനം പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധി പ്രസംഗിച്ച കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാര്‍ ആയ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചതിനു ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങളുടെ എണ്ണം 826 ആയി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സംഘം പ്രശ്‌ന ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. 223 കുടുംബങ്ങളെ ഇതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തില്‍ നിന്നും ഡിസംബറില്‍ 4.95 ശതമാനമായി കുറഞ്ഞു. 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും ക്രൂഡ് പെട്രോളിയത്തിന്റെയും വിലയിടിവാണ് കാരണം.

ഡല്‍ഹിയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ യുദ്ധം തെരുവിലേക്ക്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഇടപെടുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. സ്‌കൂള്‍ അധ്യാപകരെ ഫിന്‍ലന്‍ഡിലേക്ക് അയക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ തടഞ്ഞതാണ് ഏറ്റവും പുതിയ പ്രകോപനത്തിനു കാരണം.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകള്‍ രാജ്യത്തെ സാമ്പത്തിന്റ 40 ശതമാനവും കൈവശം വച്ചിരിക്കുന്നതായി ഓക്‌സ്ഫാം ഇന്ത്യയുടെ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് മൂന്ന് ശതമാനം മാത്രമാണ്. സമ്പന്നരായ ഒരു ശതമാനം ആളുകള്‍ക്ക് താഴെത്തട്ടിലുള്ള 50 ശതമാനത്തേക്കാള്‍ 13 മടങ്ങ് കൂടുതല്‍ സ്വത്ത് ഉണ്ട്. മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും സമ്പന്നരായ അഞ്ചു ശതമാനത്തിന്റെ കൈകളിലാണ്. അതേസമയം ചരക്ക് സേവന നികുതിയുടെ 64 ശതമാനവും ജനസംഖ്യയുടെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളാണ് നല്‍കുന്നത്. ജിഎസ്ടിയുടെ മൂന്നു ശതമാനം മാത്രമാണ് അതിസമ്പന്നര്‍ നല്‍കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പത് വര്‍ഷമായി ഒളിവിലായിരുന്ന ഇറ്റാലിയന്‍ മാഫിയാ തലവന്‍ പിടിയിലായി. സിസിലിയന്‍ മാഫിയയുടെ തലവനായിരുന്ന മാറ്റിയോ മെസിന ഡെനാരോയാണ് പൊലീസിന്റെ പിടിയിലായത്. നൂറിലേറെ പൊലീസുകാര്‍ ചേര്‍ന്ന് ഇയാള്‍ താമസിച്ച വീടു വളയുകയായിരുന്നു.

താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ വിമര്‍ശിച്ച അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗവും
32 കാരിയുമായ മുര്‍സല്‍ നബിസാദയെ വെടിവച്ചുകൊന്നു. ഇവരുടെ അംഗരക്ഷകരില്‍ ഒരാളും കൊല്ലപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *