രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ പുകഴ്ത്തിയത്.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ദില്ലിക്ക് പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടിൽ കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന ഗംഭീരപ്രകടനങ്ങൾ അരങ്ങേറി.
1949 മുതൽ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങൾ നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് കരസേന ആ ചരിത്രം മാറ്റിയെഴുതിയത്. ചരിത്രത്തിലാദ്യമായി ദില്ലിക്ക് പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാൻഡ് പരേഡിൽ അരങ്ങേറി.