ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു. ഗവർണർമാരുടെ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിൽ ഗവർണർ – സി പി എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ഗവർണറുടെ ജനാധിപത്യ വിരുദ്ധത എന്ന വിഷയത്തിൽ എതിർപക്ഷത്തുള്ളത് ബി ജെ പി മാത്രമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എല്ലാ ബി ജെ പി ഇതര സംസ്ഥാനങ്ങളിലും അരങ്ങേറുന്നത് ഗവർണർമാരുടെ ഫെഡറൽ വിരുദ്ധതയാണ്. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടൽ ദേശീയ വിഷയമാണെന്നും മതേതര പാർട്ടികൾക്ക് എല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. കോൺഗ്രസിന്‍റെ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ നടക്കുന്ന മുസ്ലീം ലീഗിന്റെ 75 ആം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിക്കാൻ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ എത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.