ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. മെനു കാര്‍ഡിലെ വിലയും ജിഎസ്ടിയും ഈടാക്കാം. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്.
എകെജി സെന്റര്‍ ആക്രമണത്തെ പ്രതിപക്ഷവും കെപിസിസിയും അപലപിക്കാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ചെയ്തത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെയും പിറകിലുള്ളവരേയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും സതീശന് ആരോപിച്ചു. അടിയന്തര പ്രമേയം തള്ളിയതിനു പിറകേ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ സ്ട്രൈക്കേഴ്സ് സംഘം കാവല്‍ നില്ക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ഗെയ്റ്റിനു മുന്നില്‍ ഉണ്ടാകാറുള്ള പട്രോളിങ് ജീപ്പ് ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്നും സതീശന് ആരോപിച്ചു.
ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നു പറഞ്ഞ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. സിപിഎമ്മിന്റെ താല്‍പ്പര്യത്തിനനുസരിച്ച് കേസ് ഫയല്‍ ചെയ്യുന്ന കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. എസ്എഫ് ഐക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സിപിഎമ്മും പോലീസുമെല്ലാം സ്വീകരിച്ചത്. അദ്ദേഹം പറഞ്ഞു.
ചോദ്യം ചോദിക്കുന്നവരോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്. മണ്ണെണ്ണ വില കൂട്ടിയത് അടക്കം രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. പ്രതിപക്ഷം ബിരിയാണി ചെമ്പുമായി നടക്കുകയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.
പാല്, തൈര്, പാലുല്പന്നങ്ങള് തുടങ്ങിയവയ്ക്കു ജൂലൈ 18 മുതല്‍ ജിഎസ്എടി നികുതി. ഏതാനും ഇനങ്ങളുടെ നിരക്ക് ഉയരും. പാലുല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്പന്നങ്ങള്ക്കും അഞ്ചു ശതമാനമാണു നികുതി നിരക്ക്. പനീര്‍, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങള്‍, തേന്‍, പപ്പടം, ഭക്ഷ്യധാന്യങ്ങള്‍, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശര്‍ക്കര തുടങ്ങിയ പാക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു ഫേസ് ബുക്കിലൂടെ സുധാകരന്റെ തിരിച്ചടി. താങ്കളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രമാണ്. കൈക്കോടാലികൊണ്ട് വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ വിജയന്. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ കൊത്തിനുറുക്കിയ പൈശാചികതയല്ലേ പിണറായി. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയുക. സുധാകരന് പറഞ്ഞു.
പീഡന പരാതി വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ച വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജോര്‍ജിനെ അറസ്റ്റു ചെയ്ത പോലീസ് സുപീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവു പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെ സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ അറസ്റ്റു ചെയ്തത്.
പരാതി വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പോക്സോ കേസിലെ കീഴ്ക്കോടതി ഉത്തരവിനെതിരെ പത്തനാപുരം സ്വദേശി നല്കിയ അപ്പീലാണ് കോടതിയുടെ നിരീക്ഷണം.
മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് പീഡന പരാതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം.
ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
ചാലക്കുടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ജലവിതാനം ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിഡ് വാല്‍വ് തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കും. ഡാമിലെ ഏഴു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ആലപ്പുഴയിലെ തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ഒറ്റമശേരി എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം.
അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്ത്തകന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനു നിര്‍ദേശം നല്കി. 2004 ഡിസംബര്‍ 28 നാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു തെളിവില്ലെന്നു കാണിച്ച് 2009 ല്‍ പൊലീസ് കേസ് അവസാനിപ്പിച്ചു.
തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ടു താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. പൊലീസ് കേസെടുത്തിട്ടുണ്ട്. വന്‍ ക്രമക്കേടു കണ്ടെത്തിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് തിരുവനന്തപുരത്തും അന്വേഷണം.
ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ കേരളം പതിനഞ്ചാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയില്‍ 2019 ല്‍ 28 ാം സ്ഥാനത്തായിരുന്നു കേരളം.
ദേവസ്വം ബോര്‍ഡുകളില്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ഇതിനൊപ്പം ആഭ്യന്തര ഓഡിറ്റിംഗും വിപുലമാക്കും. ദേവസ്വം വകുപ്പിന്റെ ധനാഭ്യര്‍ത്ഥനയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍നിന്നു തൊണ്ടിമുതലായ ചന്ദന വിഗ്രഹങ്ങള്‍ കാണാതായ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. പരുത്തിപ്പള്ളി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ദിവ്യ എസ്.റോസ്, നിലവിലെ റേഞ്ച് ഓഫീസര്‍ ആര് വിനോദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോടതിയില്‍ തൊണ്ടി മുതല്‍ ഹാജരാക്കാന്‍ സാധിക്കാതായതിനെത്തുടര്‍ന്നാണു നടപടി.
പണമിടപാടു തര്‍ക്കത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്നയാളെ തമിഴ്നാട് പൊലീസ് മോചിപ്പിച്ചു. തമിഴ്നാട് സ്വദേശി മുഹമ്മദ് പാഷയെയാണു രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു വന്ന മൂന്നംഗ സംഘത്തെ പാലക്കാട് കഞ്ചിക്കോട്വച്ച് പിടികൂടി. ഷെഫീക്ക്, ഷെരീഫ്, നിഷോയ് എന്നിവരാണ് പിടിയിലായത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനരികില്‍ മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബന്ധിയാക്കി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീലാലിനെ മര്‍ദിച്ചതിന് സ്ഥാപനത്തിന്റെ പാര്‍ടണര്‍മാരും ആലപ്പുഴ സ്വദേശികളുമായ വള്ളിക്കുന്നം കമ്പിളിശ്ശേരി വിഷ്ണുസജീവ് (33), കടുവിനാല്‍ മലവിള വടക്കേതില്‍ എസ് സഞ്ജു (31), അപ്പു (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വളാഞ്ചേരിയില്‍ പൊലീസ് വന്‍ കുഴല്‍പ്പണവേട്ട. എഴുപത്തൊന്നര ലക്ഷം രൂപയുമായി രണ്ടു പേര് പിടിയിലായി. വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീന് (42), സഹായിയായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരാണു പിടിയിലായത്. മിനി ലോറിയുടെ ഡാഷ് ബോര്‍ഡിലും സീറ്റിന്റെ അടിയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്.
ഇടുക്കി നെടുങ്കണ്ടത്തിനു സമീപം മുണ്ടിയെരുമയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. പത്തോളം പേര്‍ക്ക് പരിക്ക്. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച തൂക്കുപാലത്ത് നടന്ന ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാത്ഥികളും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നു.
കോഴിക്കോട് കോടഞ്ചേരിക്കടുത്ത പതങ്കയം വെള്ളച്ചാട്ടത്തിനരികെ ഒഴുക്കില്‍പെട്ട പതിനേഴുകാരനെ കണ്ടെത്താനായില്ല. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി ആണ് ഒഴുക്കില്‍പ്പെട്ടു കാണാതായത്.
തമിഴ്നാട് പൊള്ളാച്ചിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമ്മൂന്നു വയസുകാരി കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയ്ക്ക് ഒപ്പമുണ്ടായിരുന്ന ബാലികയെയാണ് അറസ്റ്റു ചെയ്തത്. ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയാണെന്നു നുണപറഞ്ഞ ഷംന പ്രസവിച്ചെന്നു കബളിപ്പിക്കാനായിരുന്നു ശ്രമം. പോലീസ് വീണ്ടെടുത്ത കുഞ്ഞിനെ പൊള്ളാച്ചിയിലെ മാതാപിതാക്കളായ യൂനിസ് – ദിവ്യഭാരതി ദമ്പതിമാര്‍ക്കു കൈമാറി.
കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മര്‍ദിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഉള്‍പ്പെടെയുള്ളവരാണ് റിമാന്‍ഡിലുള്ളത്.
കെട്ടിടം പണിക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍ കുടിയില്‍ കുഴിയിലില്‍ പൗലോസ് (52) ആണു മരിച്ചത്.
ആലപ്പുഴ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ബഡ്സ് സ്കൂളില്‍ കരി ഓയില്‍ ഒഴിച്ച് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കളിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പസാല കൃഷ്ണ മൂര്‍ത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പസാല കൃഷ്ണമൂര്‍ത്തിയുടെ മകള്‍ പസാല കൃഷ്ണ ഭാരതിയുടെ കാല് വന്ദിച്ച് പ്രധാനമന്ത്രി അനുഗ്രഹം തേടി. സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാര്ഷികാഘോഷം മോദി ഉദ്ഘാടനം ചെയ്തു.
പഞ്ചാബ് കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ വെടിയുതിര്‍ത്ത പതിനെട്ടര വയസുകാരന് അടക്കം രണ്ടു പേര് കൂടി പിടിയില്‍. ഹരിയാന സ്വദേശിയായ അങ്കിത്, ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സച്ചിന് ഭിവാനി എന്നിവരാണ് പിടിയിലായത്. സച്ചിന് ഭിവാനിയും ഹരിയാന സ്വദേശിയാണ്. കേസിലെ പ്രധാന പ്രതിയാണ് അങ്കിത് എന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഒരാഴ്ച മുന്‍പ് ഉദ്ധവിനു വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എയാണ് ഒറ്റരാത്രികൊണ്ടു കളംമാറ്റിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവിനൊപ്പമായിരുന്ന ഇയാള്‍ ഇന്നലെ സഭയിലെത്തിയത് ഷിന്‍ഡെയ്ക്കൊപ്പമായിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങളോടു പ്രസംഗിക്കവേ ഉദ്ധവ് താക്കറയ്ക്കുവേണ്ടി പൊട്ടിക്കരഞ്ഞത് വൈറലായിരുന്നു.
കര്‍ണാടകയിലെ എസ്ഐ പരീക്ഷാക്രമക്കേട് കേസില്‍ എഡിജിപി അമൃത് പോളിനെ അറസ്റ്റുചെയ്തു. കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പത്തു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം. പത്ത് ഉദ്യോഗാര്‍ത്ഥികള്‍ അടക്കം 60 പേരെ ഇതുവരെ സിഐഡി അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കറുത്ത ബലൂണുകള്‍ പറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്തു കറുത്ത ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടു. കറുത്ത ബലൂണ്‍ പറപ്പിച്ച മൂന്നുപേരെ പൊലീസ് പിടികൂടി.
മധ്യപ്രദേശിലെ ദേവാസില്‍ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേരെ ഉദയ്നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു.
സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. കാല്‍മുട്ടിലെ വേദനമൂലം മാര്‍പാപ്പ ഈയിടെ വീല്‍ചെയറിലാണു പൊതുവേദികളില്‍ എത്തിയിരുന്നത്. ചില വിദേശയാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ മാര്‍പാപ്പ അനാരോഗ്യംമൂലം പദവി ഒഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ‘ചുമതലകള്‍ നിര്‍വഹിക്കാനാവാത്ത വിധം ആരോഗ്യം മോശമായാല്‍ സ്ഥാനമൊഴിയും. എന്നാല്‍ ഇതുവരെ അതേക്കുറിച്ചു ചിന്തിച്ചിട്ടില്ല.’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ നാല് പരേഡിനു നേരെ ഷിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലുണ്ടായ വെടിവയ്പില്‍ ആറു പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഇറ്റാലിയന്‍ ആല്‍പ്സില്‍ ഹിമപാതത്തില്‍ കുടുങ്ങി ആറു പേര് മരിച്ചു. കാണാതായ 19 പേരെ തെരയുകയാണ്. ഒമ്പതു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ. ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും. 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന ശക്തമായ നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. പത്തുവിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ശ്രീലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തി. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി.
പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശനിരക്ക് വര്‍ധിപ്പിച്ചു. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി പിഎന്‍ബി അറിയിച്ചു. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്. പത്തു മുതല്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. കാലാവധി മൂന്ന് വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.20 ശതമാനത്തില്‍ നിന്ന് 5.30 ശതമാനമായാണ് വര്‍ധിപ്പിച്ചത്. രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.50 ശതമാനമായാണ് ഉയര്‍ത്തിയത്. പൊതുനിക്ഷേപങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിക് പോയന്റിന്റെ വരെ അധിക പലിശ ലഭിക്കും.
ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന വിധമാണ് സേവനം. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സേവനം ലഭ്യമാണെന്ന് എസ്ബിഐ അറിയിച്ചു. 1800 1234, 1800 2100 എന്നി നമ്പറുകളാണ് ടോള്‍ ഫ്രീ നമ്പറുകള്‍. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏതു സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ലഭ്യമാക്കാമെന്നും എസ്ബിഐ അറിയിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ‘കുറി ‘യുടെ ട്രെയിലര്‍ പുറത്ത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആര്.പ്രവീണ്‍ ആണ്. പ്രവീണന്റേത് തന്നെയാണ് തിരക്കഥ. ചിത്രം ജൂലൈ 8ന് തിയറ്ററുകളില്‍ എത്തും. കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്ന ഒരു കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ടോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രം ‘ഗോഡ്ഫാദര്’ ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറില്‍ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയില്‍ കാണാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്’. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബോളിവുഡ് താരം സല്മാന് ഖാനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ 2022 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി. കമ്പനിയുടെ ഇന്ത്യന്‍ ഉപസ്ഥാപനത്തിന് 2022 ജൂണില്‍ 24,024 കാറുകള്‍ വില്ക്കാന് കഴിഞ്ഞു. 60 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം മെയ് മാസത്തില്‍ 18,718 യൂണിറ്റുകള്‍ വിറ്റതിനാല്‍ കിയയുടെ വില്‍പ്പന 28.3 ശതമാനം വര്‍ദ്ധിച്ചു. 2022 ജൂണില്‍ 8,388 യൂണിറ്റുകളുമായി സെല്‍റ്റോസ് കിയയുടെ ബെസ്റ്റ് സെല്ലറായിരുന്നു. തൊട്ടുപിന്നാലെ 7,895 യൂണിറ്റുകളുമായി കാരന്‍സ്, 7,455 യൂണിറ്റുകളുമായി സോണറ്റ്, 285 യൂണിറ്റുകള്‍ വിറ്റ കാര്‍ണിവല്‍ എന്നിവയും ഉണ്ട്. 2022ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ കമ്പനി ആഭ്യന്തര വിപണിയില്‍ 1,21,808 യൂണിറ്റുകള്‍ വിറ്റു. 48,320 യൂണിറ്റുകളുമായി സെല്‍റ്റോസ് കമ്പനിക്ക് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. സോണറ്റും കാരന്‍സും യഥാക്രമം 40,687 യൂണിറ്റുകളും 30,953 യൂണിറ്റുകളും പിന്തുടരുന്നു.
നാഗരികതയിലേക്ക് നിര്‍ബന്ധപൂര്‍വ്വം കയറ്റിവിട്ട ഒരു മനസ്സിന്റെ കഥകളാണ് എസ്. ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തില്‍ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകള്‍ക്ക് സ്വന്തമാണ്. 90 കള്‍ മുതല്‍ മലയാളിഭാവുകത്വത്തെ വിഴുങ്ങാന്‍ വാപ്പിളര്‍ത്തിയെന്നും പറഞ്ഞ് ്ഉല്‍കണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നില്‍ നില്‍ക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകള്‍. ‘ഒരിടത്തൊരു ലൈന്മാന്’. വിസി ബുക്സ്. വില 119 രൂപ.
ഹൃദയാരോഗ്യത്തിനു വേണ്ടി പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് നല്ല ഉറക്കം കൂടി ചേര്‍ത്ത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്. ആരോഗ്യകരമായ ശരീരഭാരം, പുകവലി ഇല്ലായ്മ, ശാരീരികമായി സജീവമായിരിക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസായുടെയും നിയന്ത്രണം എന്നിവയായിരുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി അസോസിയേഷന് മുന്‍പ് നിര്‍ദ്ദേശിച്ച ഏഴ് ഘടകങ്ങള്‍. ഈ പട്ടികയിലേക്കാണ് ഉറക്കത്തിന്റെ നിലവാരവും ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ 8 അവശ്യ ഘടകങ്ങള്‍ എന്ന അര്‍ഥത്തില്‍ ലൈഫ്സ് എസന്‍ഷ്യല്‍ 8 എന്നാണ് ഈ ഘടകങ്ങളെ വിളിക്കുന്നത്. മുതിര്‍ന്നവര്‍ ശരാശരി ഏഴ് മുതല്‍ ഒന്‍പത് വരെ മണിക്കൂര്‍ രാത്രി ഉറങ്ങണമെന്നും കുട്ടികളുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും അസോസിയേഷന്റെ പുതിയ മാര്‍ഗ്ഗരേഖ പറയുന്നു. ഉറക്കം കുറയുന്നതും അമിതമാകുന്നതും ഹൃദയാരോഗ്യത്തിന് വിനയാകുമെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് മുന്നറിയിപ്പു നല്കുന്നു. ഉറക്കത്തിന്റെ നിലവാരമില്ലായ്മ മറ്റ് ഏഴു ഘടകങ്ങളെയും ബാധിക്കാമെന്നും പുതിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കി.