പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി സ്ഥാപകരായ പ്രണോയി റോയിയും ഭാര്യ രാധികാ റോയിയും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരുവരും 27.26 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പിന് വില്ക്കാന് സാധ്യത. ശേഷം 5 ശതമാനം ഓഹരികള്‍ മാത്രമാണ് ഇരുവരും കൈവശം വയ്ക്കുക. പ്രണോയി റോയിയുടെയും, രാധികാ റോയിയുടെയും ഓഹരികള്‍ ഏറ്റെടുക്കുന്നതോടെ, എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ വിഹിതം 64.71 ശതമാനമായാണ് ഉയരുക. നിലവില്‍, 37.5 ശതമാനം ഓഹരി വിഹിതമാണ് അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയില്‍ ഉള്ളത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് വഴിയാണ് ഇടപാട് പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടമെന്ന നിലയില്‍, കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍ഡിടിവിയുടെ 29.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. പിന്നീട് നടന്ന ഓപ്പണ്‍ ഓഫറിലൂടെ ഓഹരി വിഹിതം 37.5 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.