yt cover 30

ബഫര്‍സോണ്‍ ഭീഷണിയില്‍ മലയോരങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍. ബഫര്‍ സോണ്‍ സംബന്ധിച്ച ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്മേല്‍ പരാതിപ്പെടാന്‍ പത്തു ദിവസത്തെ സാവകാശമേയുള്ളൂ. ബഫര്‍സോണ്‍ പ്രദേശങ്ങളിലെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളൂ. ജനവാസ മേഖലകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല. മലയോരവാസികള്‍ക്കു മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാണു റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.

ബഫര്‍സോണ്‍ പ്രശ്നത്തില്‍ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. ഉപഗ്രഹ പരിശോധനറിപ്പോര്‍ട്ടിലെ പിഴവുകള്‍ പരിഹരിക്കാന്‍ നേരിട്ടുള്ള സ്ഥലപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണു സമരപ്രഖ്യാപനം. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്കു സമര്‍പ്പിക്കാനാണ് സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.

ബഫര്‍ സോണ്‍ സമരപ്രഖ്യാപനം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയത്. പ്രാഥമിക സ്ഥിതിവിവര കണക്കു മാത്രമാണ് ഉപഗ്രഹ സര്‍വേയില്‍ ലഭ്യമായത്. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങും. ഉപഗ്രഹ സര്‍വ്വേയില്‍ ആശയക്കുഴപ്പങ്ങള്‍ കൂടതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തും. ആക്ഷേപമുള്ളവര്‍ക്കു പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ട്. സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയും കൃത്യതയും വേണം. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തത നീക്കണം. പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഇന്നത്തെ ബഫര്‍സോണ്‍ വിദഗ്ധസമിതി യോഗം മാറ്റിവച്ചു. ചൊവ്വാഴ്ച യോഗം ചേര്‍ന്ന് സാറ്റലൈറ്റ് സര്‍വയെക്കുറിച്ചുള്ള പരാതികളില്‍ ഫീല്‍ഡ് സര്‍വേ നടത്താന്‍ തീരുമാനമെടുക്കും. ഇന്നും ചൊവ്വാഴ്ചയും യോഗം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.

ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പഠിക്കാന്‍ സ്വന്തം നിലയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങി കര്‍ഷകര്‍. കേരള സ്വതന്ത്ര കര്‍ഷക സംഘടനയാണ് വയനാട്, കോഴിക്കോട് ജില്ലകളില്‍ ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. മറ്റു വില്ലേജുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ നീക്കിയ ബില്‍ നിയമസഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചില്ല. നിയമ വകുപ്പിന്റെ പരിശോധനയിലാണു ബില്‍. അതേസമയം മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ രാജ്ഭവനു കൈമാറി.

ക്രിസ്മസ് വിരുന്നിനു ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. പക്ഷെ നിയമം പാലിച്ചേതീരൂ. വ്യക്തിപരമായ താത്പര്യങ്ങള്‍ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സ്റ്റാര്‍ട്ടപ്പ് ഹബ് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍നിന്നടക്കം മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

കെപിസിസി പുനസംഘടന താഴെതട്ടില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നടപ്പാക്കുമെന്ന് കെ മുരളീധരന്‍ എംപി. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലം വരെ സമ്പൂര്‍ണ പുനസംഘടന നടത്തും. കെപിസിസി പുനസംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ ഭാരവാഹികളുടെ യോഗമുണ്ട്. മുരളീധരന്‍ പറഞ്ഞു.

എന്‍സിപി നേതാവ് ആര്‍ ബി ജിഷയെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും ഭാര്യ ഷേര്‍ളി തോമസും ജാതീയമായി അധിക്ഷേപിച്ചെന്ന കേസ് കായംകുളം ഡിവൈഎസ്പി അന്വേഷിക്കും. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസ് ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ചട്ടപ്രകാരമാണ് ഈ നടപടി.

കൊണ്ടോട്ടിയില്‍ കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിട്ടതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 120 കോടി രൂപ മുടക്കിയ മലപ്പുറം കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡ് വികസനത്തിലാണ് ഈ സംഭവം. റോഡിന്റെ ഇരുവശത്തുമായി നാന്നൂറോളം മരങ്ങളുണ്ട്.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് കൊരട്ടി റെയില്‍വേ സ്റ്റേഷനില്‍ ചാടിയിറങ്ങിയ രണ്ടു കൗമാരക്കാര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം.

തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശ കത്തിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഒഴിവുകള്‍ നികത്താന്‍ പാര്‍ട്ടി സെക്രട്ടറിക്കു കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും പോലീസ് അന്വേഷണത്തെ വിശ്വസിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാട് കൂടുതല്‍ ജലം ഒഴുക്കി കൊണ്ടുപോകുന്നുണ്ട്. ഇപ്പോള്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 141.40 അടി ആയി ഉയര്‍ന്നിരുന്നു.

കിസാന്‍സഭ അഖിലേന്ത്യാ സമ്മേളനത്തിനു സമാപനം കുറിച്ചുകൊണ്ട് തൃശൂരില്‍ ഇന്നു ബഹുജനറാലി. രാത്രി ഏഴരവരെ തൃശൂരില്‍ ഗതാഗത നിയന്ത്രണം. ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിക്കുശേഷം വൈകുന്നേരം അഞ്ചിനു വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റില്‍ സൈനികരെ നായ്ക്കളോട് ഉപമിച്ചു കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിലെ ഡ്രൈവര്‍ ടി. സുജയ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിനു സമീപത്ത് ഇന്നലെ ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേല്‍പ്പാലത്തിന്റെ കല്‍ക്കെട്ടില്‍ വിള്ളല്‍. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കല്‍ക്കെട്ട് മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ദേശീയപാത അതോറിറ്റി നിര്‍മ്മിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പാര്‍ലമെന്റ് മന്ദിരത്തില്‍ കാല്‍തെന്നി വീണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കു പരിക്ക്. കാലില്‍ ബാന്‍ഡേജിട്ട് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ആലപ്പുഴയില്‍ അടുത്തടുത്തുള്ള രണ്ടു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. ആലപ്പുഴ അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘര്‍ഷം ഉണ്ടായത്.

ശബരിമല പാതയിലെ പ്ലാപ്പള്ളിയില്‍ വനം വകുപ്പ് ജീവനക്കാര്‍ ഹോട്ടല്‍ നടത്തുന്നു. തിരുവല്ല സ്വദേശിയുടെ പേരിലാണ് വനം വകുപ്പ് ജീനക്കാര്‍ ഹോട്ടല്‍ ലേലത്തിനെടുത്തത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വാട്സ്ആപ് ചാറ്റുകള്‍ പുറത്തുവന്നതോടെ മുന്നു വനംവകുപ്പു ജീവനക്കാരെ സ്ഥലം മാറ്റി. 14 ജീവനക്കാരുടെ പങ്കാളിത്തമുള്ള ഹോട്ടലില്‍ ദിവസേനെ 25,000 രൂപയുടെ ബിസിനസുണ്ട്. ലാഭവീതം പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് വിവരം പുറത്തായത്.

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചാവശ്ശേരി പത്തൊമ്പതാം മൈലില്‍ അയല്‍വാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. ടി എന്‍ മൈമൂനയ്ക്കാണ് കഴുത്തില്‍ വെട്ടേറ്റത്.

ബ്രിട്ടനിലെ കെറ്ററിംഗില്‍ മലയാളി നഴ്സായ യുവതിയും രണ്ടു കുഞ്ഞുമക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയിലായി. വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശി ചേലപാലില്‍ സാജു (52) വിനെയാണ് പോലീസ് പിടികൂടിയത്.

എട്ടുകിലോ കഞ്ചാവുമായി യുവാവ് ആലപ്പുഴയില്‍ പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ കുറവംകോണം സ്വദേശി സംഗീത് (29) ആണ് പിടിയിലായത്.

ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങള്‍ ഷീറ്റും വലിയ ഫ്ള്ക്സ് ബോര്‍ഡുകളും ഉപയോഗിച്ച് മറച്ചു. ജി 20 ഉച്ചകോടിയുടെ ഭാഗമായി എത്തിയ വിദേശ പ്രതിനിധികളടക്കം യാത്ര ചെയ്യുന്ന വഴികളിലെ ചേരികളാണ് മറച്ചത്. നഗരത്തിന്റെ പല സ്ഥലങ്ങളിലും കൂറ്റന്‍ ഷീറ്റുകളും പരസ്യ ബോര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് നാലാം ദിനവും പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച വേണമെന്നു നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചോദിച്ചു.

സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നില്ലെങ്കില്‍ പിന്നെ ഞങ്ങളെന്താണ് കോടതിയില്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സുപ്രീം കോടതി ഗൗരവമല്ലാത്ത ജാമ്യ ഹര്‍ജികളും പൊതുതാത്പര്യ ഹര്‍ജികളും കേട്ടു സമയം പാഴാക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ആരോപിച്ചിരുന്നു. വിചാരണ കോടതികളില്‍ നാലു കോടിയലധികം കേസുകള്‍ കെട്ടികിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍. 42 ജില്ലകളിലായി 2798 കിലോമീറ്റര്‍ പിന്നിട്ടു. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിപി ‘യാത്രയുടെ 100 ദിനങ്ങള്‍’ എന്നാക്കി. യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ്.

ജമ്മു കാഷ്മീരിലെ രജൗരിയില്‍ ഭീകരര്‍ നാട്ടുകാരായ രണ്ടുപേരെ വെടിവച്ചുകൊന്നു. സൈനിക ക്യാംപിലെ ചുമട്ട് തൊഴിലാളികളായ ഷൈലേന്ദര്‍ കുമാര്‍, കമല്‍ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തീവ്രവാദ വിരുദ്ധ യോഗത്തില്‍ പാകിസ്ഥാനെയും ചൈനയെയും വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഹിപ്പൊപൊട്ടാമാസ് രണ്ടു വയസുകാരനെ വിഴുങ്ങി. അടുത്ത നിമിഷം ജീവനോടെത്തന്നെ ഛര്‍ദിക്കുകയും ചെയ്തു. ഉഗാണ്ടയിലെ കത്വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. കുട്ടിയെ വിഴുങ്ങുന്നതു കണ്ട നാട്ടുകാര്‍ കണ്ടാമൃഗത്തിനുനേരെ കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് കുഞ്ഞിനെ ഛര്‍ദിച്ചത്.

തന്റെ മരണത്തെച്ചൊല്ലി ആരും കരയരുതെന്നും ഖബറില്‍ ഖുറാന്‍ വായിക്കരുതെന്നുമാണ് അന്ത്യാഭിലാഷമെന്ന് ഇറാനില്‍ വധശിക്ഷ നടപ്പാക്കപ്പെട്ട 23 വയസുകാരന്‍ രഹനവാര്‍ഡ്. ഭരണകൂട വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ വധശിക്ഷക്കു വിധേയനായ യുവാവിന്റെ അന്ത്യാഭിലാഷം വിളിച്ചുപറയുന്ന വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിക്കുന്നു.

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്സ് 150 റണ്‍സില്‍ അവസാനിച്ചു. 133 ന് 8 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 17 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ അവസാന വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ഞൂറ് റണ്‍സിനു മുകളില്‍ ലീഡ് നേടിയിരിക്കുയാണ്. ചേതേശ്വര്‍ പൂജാര 88 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 39760 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 4970 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച റെക്കോര്‍ഡ് വിലയിലായിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസവും കുറഞ്ഞിരുന്നു. ഒരു പവന് ചൊവ്വാഴ്ച 40,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 39,920 രൂപയായിരുന്നു പവന് വില. 320 രൂപയുടെ ഇടിവാണ് പവന് ഇന്നലെ ഉണ്ടായത്.

നോക്കിയ സി31 സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഐപി52 റേറ്റഡ് ബോഡി, ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ എന്നിവയുമായാണ് പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ വരുന്നത്. രാത്രിയും പകലും മികച്ച ഷോട്ടുകള്‍ പകര്‍ത്താന്‍ ശേഷിയുള്ള ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകളും നോക്കിയ സി31 ല്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എളുപ്പത്തിലുള്ള വിഡിയോ എഡിറ്റിങ്ങിനായി ഫോണില്‍ ഗോപ്രോ യുടെ ക്വിക്ക് ആപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. സി31 ഹാന്‍ഡ്സെറ്റ് നോക്കിയ ഇന്ത്യ ഇ-സ്റ്റോറിലും പാര്‍ട്ണര്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭിക്കും. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഹാന്‍ഡ്സെറ്റ് 10,999 രൂപയ്ക്കും ലഭ്യമാണ്. ചാര്‍ക്കോള്‍, മിന്റ്, സിയാന്‍ എന്നീ നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് വിപണിയിലെത്തും.

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഗാട്ട ഗുസ്തിയിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ചല്‍ ചക്ക’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തില്‍ തമിഴിനു പുറമെ മലയാളത്തിലും വരികള്‍ ഉണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍ ആണ്. മനോഹരമായ ദൃശ്യഭംഗിയുമുണ്ട് ഗാനരംഗങ്ങളുടെ ഫ്രെയിമുകള്‍ക്ക്. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചെല്ല അയ്യാവുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.

രവി തേജ നായകനാവുന്ന തെലുങ്ക് ചിത്രം ധമാക്കയുടെ ട്രെയ്ലര്‍ പുറത്തെത്തി. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ത്രിനാഥ റാവു നക്കിനയാണ്. റാം പൊതിനേനി നായകനായ ഹലോ ഗുരു പ്രേമ കോശമേയ്ക്കു ശേഷം ത്രിനാഥ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രവി തേജ ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. രണ്ട് മിനിറ്റില്‍ ഏറെ ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ ജയറാമിന്റെ കഥാപാത്രത്തെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. തികച്ചും വ്യത്യസ്തരാണ് രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. ഒന്ന് തൊഴില്‍ രഹിതനായ ഒരാളും മറ്റൊന്ന് ഒരു കോര്‍പറേറ്റ് കമ്പനിയുടെ ഉടമയുമാണ്. ശ്രീലീലയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവി തേജ അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെയും പ്രണയിക്കുന്ന കഥാപാത്രമാണ് ഇത്. സച്ചിന്‍ ഖഡേക്കര്‍, തനികെല്ല ഭരണി, റാവു രമേശ്, ചിരാഗ് ജാനി, പ്രവീണ്‍, ഹൈപ്പര്‍ ആദി, പവിത്ര ലോകേഷ്, തുളസി, രാജ്ശ്രീ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

യമഹ ആര്‍എക്‌സ് 100 തിരിച്ചുവരുന്നു. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ 1985 മുതല്‍ 1996 വരെ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്ന ഏറ്റവും മികച്ച മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് യമഹ ആര്‍എക്‌സ് 100. വിപണിയില്‍ നിന്ന് പിന്‍വാങ്ങി 26 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്ന് ആര്‍എക്സ് 100 ന് ആരാധകര്‍ ഏറെയാണ്. മലിനീകരണനിയന്ത്രണനിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ബൈക്കിന്റെ ഉല്‍പ്പാദനം യമഹ അവസാനിപ്പിക്കുകയായിരുന്നു. ആര്‍എക്സ് 100 ന്റെ പെര്‍ഫോമന്‍സ്, സൗണ്ട്, ഡിസൈന്‍, യമഹ വിശ്വാസ്യത എന്നിവയായിരുന്നു ആര്‍എക്സ് 100ന്റെ പ്ലസ് പോയിന്റ്. ആര്‍എക്സ് എന്ന ബ്രാന്‍ഡ് തിരിച്ചു കൊണ്ടുവരുമ്പോള്‍ ഐതിഹാസിക മോഡലിന് ഉതകും വിധമായിരിക്കണം ഡിസൈന്‍. നൂറ് സിസി എന്‍ജിന് പകരം പുതിയ ശേഷി കൂടിയ എന്‍ജിനായിരിക്കും പുതിയ ബൈക്കില്‍, യമഹ ഇന്ത്യ മേധാവി പറയുന്നു.

പ്രണയവും സ്‌നേഹവും ചതിയും പകയും സൗഹൃദങ്ങളും സന്തോഷങ്ങളും കൊടിയ സന്താപങ്ങളും പാട്ടും സിനിമയും എഴുത്തോടെഴുത്തും അന്തമില്ലാത്ത വായനയും ശാസ്ത്രവും രാഷ്ട്രീയവും ദൈവവും ചെകുത്താനുമെല്ലാമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു എഴുത്തുകാരിയുടെ കൊടുംതണുപ്പോളമെത്തുന്ന നരകത്തീപ്പാലത്തിലൂടെയുള്ള ജീവിതസഞ്ചാരരേഖകള്‍. ഒപ്പം, ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ വിഷാദപ്പെരുങ്കാല ദിനസരിക്കുറിപ്പുകളും. ഇന്ദുമേനോന്റെ ആത്മകഥാപുസ്തകം. ‘ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത് ?’. മാതൃഭൂമി ബുക്സ്. വില 320 രൂപ.

മീനെണ്ണ ഗുളികയെ കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ അതിന്റെ ഗുണങ്ങളെ കുറിച്ചറിയുന്നവര്‍ വളരെ കുറവാണ്. മീനെണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മീനെണ്ണ കഴിച്ചാല്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. അധികവണ്ണമുള്ളവര്‍ക്ക് ഈ ഗുളികകള്‍ നല്ലതാണ്. ഇതില്‍ അടങ്ങിയ ഒമേഗ 3 ലെവല്‍ ഫാറ്റി ആസിഡ് ചീത്ത കൊളെസ്ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കും. അങ്ങനെ ശരീരഭാരം കുറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകള്‍ക്ക് നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യ എണ്ണ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. കുട്ടികള്‍ക്ക് ദിവസവും ഒരു മത്സ്യ എണ്ണ ഗുളിക നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചില മാനസിക പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഒമേഗ ഫാറ്റിന്റെ കുറവുണ്ടാകും. മീനെണ്ണ കഴിക്കുന്നത് ചില മാറ്റങ്ങളുണ്ടാക്കും. മീനെണ്ണ ഗുളിക കഴിച്ചാല്‍ ക്യാന്‍സര്‍ വരില്ല എന്ന് പറയപ്പെടുന്നു. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ തുടങ്ങി പല തരത്തിലുള്ള ക്യാന്‍സറുകള്‍ തടയാന്‍ മത്സ്യ എണ്ണ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. പതിരോധശേഷി വര്‍ധിപ്പിക്കാന്‍ മത്സ്യ എണ്ണ ഗുളികകള്‍ ഉത്തമമാണ്. ജലദോഷം, ചുമ എന്നിവയ്‌ക്കെതിരെ പോരാടാന്‍ ഇത് സഹായിക്കുന്നു. ഇതുകൂടാതെ, പനി, ചര്‍മ്മപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.83, പൗണ്ട് – 100.87, യൂറോ – 87.89, സ്വിസ് ഫ്രാങ്ക് – 88.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.44, ബഹറിന്‍ ദിനാര്‍ – 219.73, കുവൈത്ത് ദിനാര്‍ -270.02, ഒമാനി റിയാല്‍ – 215.14, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 60.68.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *