അട്ടപ്പാടി കടുകമണ്ണ ഊരില്‍ ഗര്‍ഭിണിയെ തുണിയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു.
ആരോഗ്യരംഗത്ത് കാലങ്ങളായി കേരളം നേടിയെടുത്ത മികവിന്റെ ശോഭ ഒന്നാകെ കെടുത്തിയ സംഭവമാണ് അട്ടപ്പാടിയിലുണ്ടായത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സിന് സമീപമെത്തിക്കാന്‍ മൂന്നര കിലോ മീറ്റര്‍ ദൂരമാണ് ഗര്‍ഭിണിയെ ബന്ധുക്കള്‍ തുണിയില്‍ കെട്ടി ചുമന്നത്. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പ്രത്യേക പരിഗണന വേണ്ട അട്ടപ്പാടി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും പല തവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് മികച്ച ചികിത്സയും ഊരുകളിലേക്കുള്ള റോഡും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ അടിയന്തിരമായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.