പവന് 40,000 രൂപ കടന്ന് സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. ഒരു പവന് സ്വര്‍ണത്തിന് 40,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയില്‍ ഇന്നത്തെ വില 5030 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4155 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 39,840 രൂപയായിരുന്നു വില. ഒറ്റയടിക്ക് പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ വില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 1811 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 55.5 ലക്ഷം രൂപ കടന്നിട്ടുണ്ട്. ഒന്‍പത് മാസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും ഉയര്‍ന്നത്. 2022 മാര്‍ച്ച് 9 ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 5070 രൂപ വരെ എത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2046 ഡോളറായിരുന്നു അന്നത്തെ വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 74 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.