ഉദയാനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ മറ്റന്നാൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമാണ് ഉദയാനിധി സ്റ്റാലിൻ. യുവജനക്ഷേമവും കായിക വകുപ്പും നല്‍കാന്‍ ഡിഎംകെ ധാരണയായി.
സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയാനിധിക്ക് അവകാശപ്പെട്ടതാണ്. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയാനിധി വിജയിച്ചത്.
കലൈജ്ഞര്‍ കുടുംബത്തിലെ മൂന്നാം തലമുറയും മന്ത്രിസഭയിലേക്ക് കടന്നിരിക്കുകയാണ്. ബുധനാഴ്ച നടക്കുന്ന പുനസംഘടനയില്‍ ഉദയാനിധിക്ക് യുവജനക്ഷേമം, കായികം, ടൂറിസം, സഹകരണം എന്നീ വകുപ്പുകള്‍ നല്‍കാനാണ് ധാരണ. തമിഴകത്ത് പാര്‍ട്ടിയുടെ കരുത്തുറ്റ പ്രചാരകനായിരുന്നു ഉദയാനിധി.