കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ ജാതിഅധിക്ഷേപ പരാതിയിൽ ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി കേസടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുത്തൻകുരിശ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്ത കേസിൽ ഇക്കഴിഞ്ഞ കർഷകദിനത്തിൽ ഉദ്‌ഘാടകനായ തന്നെ വേദിയിൽ വച്ച് അപമാനിച്ചു എന്നാണ് കേസ്.
ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന കർഷദിനാചരണ പരിപാടിയിൽ ഉദ്ഘാടകനായ എം എൽ എ വേദിയിലേക്ക് കയറുമ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ ഉള്ളവർ വേദി വിട്ടുപോയി. ഇത് തന്നെ അപമിനിക്കുന്നതിന് തുല്യമാണെന്നാണ് എം എൽ എ യുടെ പരാതി. ഉദ്ഘാടകനായ തന്നെ വേദിയിൽ വെച്ച് പരസ്യമായി അപമാനിച്ച ട്വന്‍റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎൽഎ പറയുന്നത്. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്‍റെ പരാതിയിൽ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പർമാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ.
സംഭവം നടന്നയുടൻ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും സംഭവം ജാതി വിവിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് എന്ന് കണ്ടെത്തിയതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകി. അതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.