വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തില്‍ വിജയ് നായകനായ ‘വരിശ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. സിമ്പുവിന്റെ മാസ് പ്രകടനത്തോട് കൂടിയ ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ഗാനം സ്വന്തമാക്കിയിരുന്നു. തമന്‍ എസ് സംഗീതം നല്‍കിയ ഈ ഗാനം എഴുതിയത് വിവേക് ആണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്. വിജയ്‌യുടെ കരിയറിലെ 66-ാം ചിത്രവുമാണിത്. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.