നാലുദിവസത്തെ പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 3 വരെ. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 6 വരെയുമാണ് സഭാ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ചോദ്യോത്തര വേളയും ശൂന്യവേളയും സ്വകാര്യ ബില്ലുകളുടെ അവതരണവുമുണ്ടാകില്ല എന്നാണ് വിവരം. മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ബില്ലുകൾ ചർച്ചയായേക്കുമെന്നാണ് വിവരം.
‎
‎കണ്ണൂരിലെ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം എന്ന് ആരോപിച്ച് മുഖ്യമന്ത്രി വി ഡി സതീശനെതിരെ സിപിഐഎം ഗവര്‍ണര്‍ക്ക് പരാതി നല്‍കും. പ്രസംഗത്തിനെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്നലെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് എതിരായ നടപടിയെ പ്രതിരോധിക്കാനാണ് നീക്കം.
‎
‎കൊലപാതക രാഷ്ട്രീയവും കൊലവിളിയും അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ടി.ഐ. മധുസൂദനന്റെ പ്രസംഗം എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞു. എന്നാൽ ഒരേ രീതിയിലുള്ള കടന്നാക്രമണമാണ് മുഖ്യമന്ത്രിയും നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്തതെന്നും ചോദിച്ചു.
‎
‎കമ്മ്യൂണിസ്റ്റുകാർ മൂല്യങ്ങൾ മറക്കരുതെന്നും, മൂല്യബോധമുള്ളവർ ആകണം കമ്മ്യൂണിസ്റ്റുകാരെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊലവിളിയും അതിൻറെ മഹത്വം പറയുന്നതും അല്ല രാഷ്ട്രീയം, എന്ത് കാരണം പറഞ്ഞാലും അത് തെറ്റായ വഴിയെന്നും ബിനോയ് വിശ്വം വിമർശിച്ചു. മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‎
‎മുഖ്യമന്ത്രി വി ഡി സതീശൻ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം നേതാവ് പി രാജീവ്. ചോരയ്ക്ക് പകരം ചോര എന്ന് പറയുമ്പോൾ നിയമപരമായി നീങ്ങുകയല്ല ഉദ്ദേശിച്ചത് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
‎
‎പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനത്തെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കുമെന്നും ഇതിനായി 27 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
‎
‎കോൺഗ്രസിൻ ഗ്രൂപ്പ് പോര് തുടരുമ്പോൾ ഷാഫി പറമ്പിൽ എം.പി.യെ അനുകൂലിച്ച് കോഴിക്കോട് വിവിധിയിടങ്ങളിൽ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലടക്കമാണ് കഴിഞ്ഞ ദിവസം രാത്രി ഫ്‌ളക്സുകൾ കാണപ്പെട്ടത്. ഇതിനു പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും ഫ്ളക്സുകൾ ഉയർന്നിട്ടുണ്ട്.
‎
‎ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി സിദ്ദിഖ്. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്. എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‎
‎മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധി എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ ആകില്ലെന്നും, കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. എന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
‎
‎ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി  കണ്ണൂരിൽ വ്യാജമായി നിർമിച്ച ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവ എന്ന് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു. 65,000 രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സാമ്പിളുകൾ രാസ പരിശോധനയ്ക്ക് അയക്കും.
‎
‎ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ‘എഫ് ട്യൂൺ’ എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിപ്പടിയായി എഴുതി നൽകി തിരൂരിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ബാലകൃഷ്ണൻ നായർ. മുഖക്കുരു മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ തനിക്ക് ഡോക്ടർ ഈ ക്രീം എഴുതി നൽകിയതായി യുവതി  വെളിപ്പെടുത്തി. എന്നാൽ എഫ് ട്യൂൺ’ ക്രീമിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നാണ് ഡോക്ടറുടെ വാദം.
‎
‎മിഷന്‍ ചക്കക്കൊമ്പന്‍ മൂന്നാം ദിനവും പ്രതിസന്ധിയില്‍. ആനയെ മയക്കുവെടിവെക്കാന്‍ തീവ്രശ്രമം തുടരുകയാണ്. വിജയിച്ചില്ലെങ്കിലും ദൗത്യം ഇന്ന് അവസാനിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. അതിനിടെ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്ന് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ആനയെ പ്രദേശത്ത് നിന്ന് മാറ്റേണ്ടിവരും. റേഡിയോ കോളര്‍ ഇടാന്‍ പോലും പറ്റാത്തവിധം അപകടകാരിയാണ് ആനയെന്നും എം പി പറഞ്ഞു.
‎
‎ഇടുക്കിയിലെ ‘ചക്കക്കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. യഥാർത്ഥ പൊതുതാൽപര്യത്തിനാണോ അതോ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.
‎
‎കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. മഴക്കാലപൂർവ ശുചീകരണം കാര്യമായി നടന്നില്ലെന്നാണ് വിമർശനം. അതിനിടെ, വെള്ളക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ മേയർ ഹെൽത്ത് സർക്കിൾ യോഗം വിളിച്ചു. ഗോവയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്ന മേയർ, യാത്ര വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ തലസ്ഥാനത്ത് എത്തി.
‎
‎സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
‎
‎മാമി തിരോധാനക്കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. മാമിയെ തട്ടിക്കൊണ്ടുപോയതിൽ മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ചവർക്ക് പങ്കെന്ന് സൂചന. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം.
‎
‎കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി യുവാക്കളെയും ജെൻ സീ പ്രതിനിധികളെയും കൂടിയാലോചനയ്ക്ക് വിളിച്ച് ധനകാര്യമന്ത്രി നിർമല സീതാരാമൻ. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന രണ്ടുമണിക്കൂർ നീണ്ട ചർച്ചയിൽ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ  എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും പ്രൊഫഷണലുകളും പങ്കെടുത്തു.
‎
‎പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും.  മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ചുള്ള വനിതാ സംവരണ ബില്ലിന്റെ പുതുക്കിയ കരട് യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.
‎
‎’രാമായണ’ സിനിമയ്‌ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രം ഇതിനകം തിയേറ്ററുകളിൽ റിലീസ് ചെയ്തതാണെന്നും വലിയൊരു വിഭാഗം ആളുകൾ അത് കണ്ടുകഴിഞ്ഞതാണെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.
‎
‎മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഡി.എം.കെയുടെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുമായി ഡി.എം.കെ. കൈകോർക്കാൻ ഒരുങ്ങുന്നുവെന്ന ടി.വി.കെയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
‎
‎തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എസ്. ദിനേശ് എന്ന വോട്ടർ നൽകിയ ഹർജിയിൽ നടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.
‎
‎ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് ശിവസേന  എം.പി. സഞ്ജയ് റാവത്ത്. കഴിവുറ്റ നേതാവാണ് യോഗിയെന്നും 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി. എം.എൽ.എ.മാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നും റാവത്ത് പറഞ്ഞു. യോഗിയില്ലെങ്കിൽ യു.പി.യില്ലെന്നും അദ്ദേഹം പറഞ്ഞു.
‎
‎ഡൽഹി ‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ ബിജെപി സര്‍ക്കാര്‍. 58 കോടിയിലധികം രൂപയുടെ മോഡി പിടിപ്പിക്കല്‍ വസതിയില്‍ നടന്നുവെന്ന് ബിജെപി സര്‍ക്കാര്‍ വെളിപ്പെടുത്തി. ശീഷ് മഹല്‍ ഇന്ന് മാധ്യമങ്ങള്‍ക്കായി തുറന്നുകൊടുത്തു.
‎
‎പാകിസ്താൻ സന്ദർശനവേളയിൽ ഇന്ത്യക്കെതിരെ വിവാദപരമായ ആരോപണവുമായി ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹഫിസുദ്ദീൻ അഹമ്മദ്. 1971-ലെ യുദ്ധത്തെ ഉയർത്തിക്കാട്ടി, ആ സമയത്ത് ഇന്ത്യ ബംഗാളികളെ സഹായിക്കുകയല്ല ചെയ്തതെന്നും പകരം പാകിസ്താനെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചതെന്നും ആരോപിച്ച അഹമ്മദ്, ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ഇന്ത്യയുടെ കോളനിയായി മാറിയെന്നും കുറ്റപ്പെടുത്തി.
‎
‎സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഊർജ്ജ മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചു. അഗ്നിശമന സേന ഉടൻ തന്നെ എത്തി തീ അണച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.
‎
‎റഷ്യയിൽ നിന്ന് വാങ്ങുന്ന അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2027 ഫെബ്രുവരിയോടെ വിന്യാസം പൂര്‍ത്തിയാക്കും. അഞ്ച് എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 2018-ൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പുവെച്ച 5.43 ബില്യൺ ഡോളറിന്റെ കരാർ ഇതോടെ പൂർത്തിയാകും.
‎
‎അടുത്ത ബുധനാഴ്ചയോടെ ഇസ്രയേലില്‍ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യാഷര്‍ പാര്‍ട്ടിയുടെ ഗാദി ഐസന്‍കോട്ട് വ്യക്തമാക്കി. രണ്ടു പാര്‍ട്ടികളുമായി ഐസന്‍കോട്ട് സഖ്യകരാറിലെത്തിയെന്നാണ് റിപ്പോർട്ട്.
‎
‎അമേരിക്കയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം. നാനൂറിലധികം വിമാനങ്ങള്‍ റദ്ദാക്കി. 1800ല്‍ അധികം വിമാനങ്ങള്‍ വൈകുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പതു ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസപ്പെട്ടു. ഇതേ തുടർന്ന് ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ താങ്ക്സ് ഗിവിങ് ദിന പരേഡ് ശനിയാഴ്ചയിലേക്ക് മാറ്റി.
‎
‎ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തകർച്ചയിൽ നിന്ന് കരകയറിയ ന്യൂസിലൻഡ് ആദ്യദിനം മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലൻഡ് മികച്ച തുടക്കത്തിനുശേഷം 110-4ലേക്ക് തകർന്നെങ്കിലും ആദ്യ ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന ഭേദപ്പെട്ട നിലയിലാണ്.
‎
‎സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 160 രൂപ കൂടി. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 11,600 രൂപയിലും പവന് 92,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയിലും വ്യാപാരം നടക്കുന്നു. കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1650 രൂപയിലുമാണ് വ്യാപാരം നടക്കുക.
‎
‎മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എഡ്ജ് 70 നിയോ ഡിസംബർ 1-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു.  8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 40,999 രൂപയാണ് വില. എന്നാൽ, 3,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടും 3,000 രൂപയുടെ ബാങ്ക് ഓഫറും ചേർത്ത് 34,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. 6.8 ഇഞ്ച് 1.5K 144Hz അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രൊസസ്സർ, 7,000mAh ബിഗ് ബാറ്ററി, ബോക്സിനുള്ളിൽ ലഭിക്കുന്ന 45W ചാർജർ, OIS പിന്തുണയുള്ള 50MP സോണി LYTIA 710 ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
‎
‎പൾസർ ആർഎസ്200 ബൈക്കിന് നിരവധി പരിഷ്കാരങ്ങൾ നൽകി കമ്പനി. പുതിയ പൾസർ ആർഎസ്200ന്റെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് എൻജിനിലാണ്. പഴയ മോഡലിൽ 24.5 ബിഎച്ച്പി കരുത്ത് നൽകിയിരുന്ന എൻജിൻ ഇപ്പോൾ 25.5 ബിഎച്ച്പി പരമാവധി കരുത്ത് ഉൽപ്പാദിപ്പിക്കും. ഇതോടെ മുൻ മോഡലിനെക്കാൾ ഒരു ബിഎച്ച്പി അധിക കരുത്ത് ലഭിക്കും. ഇലക്ട്രോണിക് ത്രോട്ടിൽ ബോഡിയും ബജാജ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ വ്യത്യസ്ത റൈഡിങ് മോഡുകൾ ലഭ്യമാകും. റോഡിന്റെ സാഹചര്യങ്ങൾക്കും റൈഡറുടെ ആവശ്യങ്ങൾക്കും അനുസരിച്ച് മോഡ് തിരഞ്ഞെടുക്കാൻ സാധിക്കും. ട്രാക്ഷൻ കൺട്രോൾ സംവിധാനവും പുതിയ മോഡലിന്റെ പ്രധാന ആകർഷണമാണ്. ഡൽഹിയിൽ 1,98,441 രൂപയാണ് പുതിയ മോഡലിന്റെ എക്സ് ഷോറൂം വില.
‎
‎ജി.ആർ ഇന്ദുഗോപന്റെ അമ്പിളിമോൾ തിരോധാനം എന്ന നോവലിനെ ആസ്പദമാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹെയിൽ മേരി’. 2003 ൽ വയനാട്ടിൽ നിന്നും കാണാതാവുന്ന മേരി എന്ന എന്ന പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചിത്രം മുന്നോട്ട് പോവുന്നത്. മധു എന്ന സ്‌കൂൾ ബസ് ഡ്രൈവറെ അവതരിപ്പിച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബനും. മേരിയുടെ അച്ഛനായി സുരാജ് വെഞ്ഞാറമൂടും അഭിനയിച്ചിരിക്കുന്നു. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം, ജേക്സ് ബിജോയ്‌യുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. വിഷ്ണു രവികുമാറാണ് സംവിധാനം.  മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
‎
‎ശൈത്യകാലത്ത് ഹൃദയാഘാത ലക്ഷണങ്ങൾ കൂടുതൽ ആശങ്കാജനകമാകും. കാരണം താഴ്ന്ന താപനില രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.  താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് കുറവുണ്ടാകുമ്പോൾ, ആ ദിവസവും തുടർന്നുള്ള 28 ദിവസങ്ങളും ഉൾപ്പെടുന്ന കാലയളവിൽ ഹൃദയാഘാത സാധ്യത 2 ശതമാനം വർധിക്കുന്നതായാണ് കണ്ടെത്തൽ.താപനില കുറയുമ്പോൾ, ശരീരതാപം നിലനിർത്തുന്നതിനായി ചർമ്മത്തിനടുത്തുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. തൽഫലമായി, ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
‎
‎ഇന്നത്തെ വിനിമയ നിരക്ക്
‎
‎ഡോളര്‍ – 92.52, പൗണ്ട് – 121.25, യൂറോ – 101.52, സ്വിസ് ഫ്രാങ്ക് – 111.27, ഓസ്ട്രേലിയന്‍ ഡോളര്‍ – 61.37, ബഹ്‌റൈന്‍ ദിനാര്‍ – 246.06, കുവൈത്ത് ദിനാര്‍ – 296.56, ഒമാനി റിയാല്‍ – 240.63, സൗദി റിയാല്‍ – 24.67, യു.എ.ഇ ദിര്‍ഹം – 25.19, ഖത്തര്‍ റിയാല്‍ – 25.42.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *