വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ ഇടപെടുന്നതിന് പകരം വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. മന്ത്രി പറയുന്ന കാര്യങ്ങള്‍ ഡിഎംഒമാര്‍ പാലിക്കുന്നില്ലന്നും, പല ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ കസേരകളില്‍ മാത്രം ഇരുന്നാണ് ജോലി ചെയ്യുന്നതെന്ന വിമര്‍ശനവും ആരോഗ്യവകുപ്പിന് ഉണ്ട്. ഇത്തരം വീഴ്ചകള്‍ പാടില്ലെന്നും വകുപ്പുമന്ത്രി നിര്‍ദ്ദേശം നല്കി. പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയില്‍ ചത്ത എലിയും പൂച്ചകളും ബെഡില്‍ കിടന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.
യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ ഉണ്ടാകും. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമെന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപ ഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകുമെന്നുമാണ് വിവരം.
സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് സംസ്ഥാനത്തെ സ്കൂളുകളില്‍ മയില്‍പ്പീലി സ്കോളര്‍ഷിപ്പ് നല്കാന് നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കടുത്ത നടപടി ഉണ്ടായേക്കില്ല. പരീക്ഷ റദ്ദാക്കിയതോടെ വിവാദം അവസാനിച്ചുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്.
ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ഹൈക്കമാൻഡ് അംഗീകാരത്തോടെ മാത്രമേ പട്ടിക പുറത്തിറക്കാൻ പാടുളളൂവെന്നാണ് ആവശ്യം. പാർട്ടി ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ രീതി ചൂണ്ടിക്കാട്ടിയാണ് നീക്കം.
മോട്ടോർവാഹന സേവനങ്ങൾക്കായി ഉപയോഗിക്കുന്ന എം പരിവാഹൻ ആപ്ലിക്കേഷന്റെ വ്യാജ ആപ്പിലൂടെ ഇ-ചലാന്റെ പേരിൽ എറണാകുളം തോപ്പുംപടി സ്വദേശിക്ക് തൊണ്ണൂറ്റിനാലായിരം രൂപയോളം നഷ്ടമായി. കോഴിക്കോട് വടകരയിൽ ഡ്രൈവർക്ക് ഒരു ലക്ഷം രൂപയും നഷ്ട്ടമായി.
മലപ്പുറം തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി യൂത്ത് ലീഗ് പ്രവർത്തകർ. അപകടഭീഷണി ചൂണ്ടിക്കാട്ടി പലതവണ പരാതിപ്പെട്ടിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് ആരോപിച്ച് ഇവർ ഓഫീസിനുള്ളിൽ കുത്തിയിരിപ്പു സമരവും നടത്തി.
തിരുവനന്തപുരം മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ മാനവീയം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം. മേയർ വിവി രാജേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
പത്തുവർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇതുവരെയും കണ്ടെത്താനായില്ല എന്ന് റിപ്പോർട്ട്. 2016 മുതൽ 2026 മാർച്ച് വരെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1,14,842 പേരെ കണ്ടെത്തി. എന്നാൽ, ബാക്കിയുള്ള 2891 പേർ ഇപ്പോഴും കാണാമറയത്താണ്.
കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 19ന് പ്രസ്താവിക്കും. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക.
പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ എത്തിയപ്പോൾ ജീവനക്കാരില്ലാത്തതിനെത്തുടർന്ന് ആലപ്പുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ അഞ്ചു ജീവനക്കാർക്കു സസ്പെൻഷൻ. ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയതെന്നു കണ്ടെത്തി.
തിരുവനന്തപുരം ചാലയിലെ സ്വർണകവർച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചതെന്ന് പൊലീസ്. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയുടെ പദ്ധതി തയ്യാറാക്കിയത്. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗുരുമൂർത്തിയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ ജൂതരുടെ വിവരങ്ങൾ ശേഖരിച്ചതിന് യഷ് സിങ്ങിന് ഗുരുമൂർത്തി പ്രതിഫലം നൽകിയെന്നും പൊലീസ് പറയുന്നു
കാസർകോട്ടെ സവർക്കർ ചോദ്യോത്തര വിവാദത്തില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി ഡിഡിഇ. കെ ഗുരുപ്രസാദ് ഉൾപ്പടെ മൂന്ന് അധ്യാപകർ ചേർന്നാണ് ചോദ്യോത്തരം തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യങ്ങൾ തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡ പ്രകാരമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്ന് വഴിപാടായി സമർപ്പിച്ച കവുങ്ങാണ് സ്തംഭത്തിനായി ഉപയോഗിച്ചത്.,
ബസ് സ്റ്റാന്‍ഡില്‍ പ്രായമായ സ്ത്രീയെ കബളിപ്പിച്ച് മുക്കാല്‍ പവന്റെ സ്വര്‍ണ്ണക്കമ്മല്‍ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പില്‍ ഫാത്തിമ(62) യാണ് തട്ടിപ്പിനിരയായത്.
മാങ്കാംകുഴിയിൽ രണ്ടുവയസുകാരിയെ മദ്യലഹരിയിൽ നിലത്തടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അസം ഗുവാഹത്തി സ്വദേശി പരിതോഷ് മണ്ടേലിനെയാണ് (27) പൊലീസ് പിടികൂടിയത്.
ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ഒരുക്കി . ആഡംബര ബസ്സുകളായ ‘ഐരാവത്’ മുതൽ സാധാരണ ബസ്സുകൾ വരെ ഉൾപ്പെടുന്നതാണ് സർവീസ്.
അഴിമതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നവരെ (വിസിൽ ബ്ലോവേഴ്സ്) സംരക്ഷിക്കാൻ 2014-ൽ കൊണ്ടുവന്ന നിയമം ഇതുവരെയും നടപ്പാക്കിയില്ലെന്നുകാട്ടി സുപ്രീം കോടതിയിൽ ഹർജി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനും മാഗ്സസെ പുരസ്കാര ജേതാവുമായ സഞ്ജീവ് ചതുർവേദിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഉത്തർ പ്രദേശിലെ ബറേലിയിൽ അനധികൃത ആയുധ നിർമ്മാണ ശാല കണ്ടെത്തി. നാടൻ തോക്കുകൾ, തോക്ക് നിർമ്മാണ യന്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് യുപി പോലീസ് അറിയിച്ചു.
ദില്ലിയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഉന്നമിട്ടത് ബോളിവുഡ് താരം അമിതാഭ് ബച്ചനെയാണെന്ന് സ്പെഷ്യൽ സെൽ വൃത്തങ്ങൾ. അമിതാഭ് ബച്ചന്റെ വസതിക്ക് മുന്നിൽ വെടിവെപ്പ് നടത്താനായിരുന്നു നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ബിജെപിയും മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു. ഇരുപാർട്ടികളും തമ്മിലുള്ള വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായി റിപ്പോർട്ട്.
തമിഴ്നാട്ടിലെ മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിൽ മുഖ്യപ്രതിയും യൂട്യൂബറുമായ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്കുള്ള ബസിൽനിന്നാണ് നിഷാന്തിനെ പോലീസ് പിടികൂടിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ബിജെപിയില്‍ ഭിന്നത. 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങനെ വെട്ടിപ്പോയെന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാര്‍ തിരുത്തിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ഹൈദരാബാദിൽ തെലങ്കാന സർക്കാർ നടത്തിയ ഭാരത് ഉച്ചകോടിയെ ചൊല്ലി വിവാദം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് വോട്ടുകള്ളാ മുദ്രാവാക്യം വിളിച്ചതാണ് വിവാദമായത്. കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടാണ് വ്യക്തമാകുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
അയോധ്യ സംഭാവന കൊളള വീണ്ടും ഉയർത്തി കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. ബിജെപി-ആർഎസ്എസ്-വിഎച്ച്പി ബന്ധമുള്ളവരെ സംരക്ഷിക്കാനാണ് ശ്രമമെന്നും എസ്ഐടി രൂപീകരിച്ചതിൽ ദുരൂഹതയെന്നും കോൺഗ്രസ് വിമർശിച്ചു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ന്റെ ഔദ്യോഗിക പ്രകാശനം ഇന്ന് ദില്ലിയിൽ നടക്കും. വിജയ് അടക്കം പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമവേദികൂടിയാകും സോണിയഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങ്.
വിമാനം വൈകിയതിനെച്ചൊല്ലി സ്പൈസ് ജെറ്റ് ജീവനക്കാർക്കുനേരെ യാത്രക്കാർ നടത്തിയ രൂക്ഷമായ പ്രതിഷേധത്തിന്റെയും കൈയേറ്റത്തിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജീവനക്കാരെ അസഭ്യം പറയുകയും ‘കള്ളന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
തായ്ലൻഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കേറ്റിൽ നാലുനില ഷോപ്ഹൗസിന് തീപ്പിടിച്ച് പതിനൊന്നുപേർക്ക് ദാരുണാന്ത്യം. പതിനാറുപേർക്ക്കടകളും ഭക്ഷണശാലയും വാടകമുറികളും പ്രവർത്തിച്ചിരുന്ന നാലുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
തമിഴ്നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎൽഎ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ കടുത്ത നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകി.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തെത്തുടർന്നാണ് 38കാരനായ ജയ് ഷായെ രണ്ട് വർഷത്തെ രണ്ടാം ടേമിലേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്.
യുവേഫ നേഷൻസ് ലീഗിൽ ലോകചാമ്പ്യന്മാരെ വീഴ്ത്തി ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്പെയിനിനെ കീഴടക്കിയത്. ഇതോടെ സ്പെയിനിന്റെ അപരാജിത കുതിപ്പിനും അവസാനമായി. തോമസ് ടുച്ചലിന്റെ കീഴില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ടീം ഇതുവരെ നേഷന്‍സ് ലീഗ് കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മത്സരമായിരുന്നു കാഴ്ച്ച വെച്ചത്.
സൂപ്പർ ലീഗ് കേരള ഷീൽഡ് കാലിക്കറ്റ് എഫ് സിക്ക്. രണ്ട് റൗണ്ട് മത്സരങ്ങൾ ശേഷിക്കെ കണ്ണൂർ വാരിയേഴ്സ് എഫ് സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് കാലിക്കറ്റ് ആദ്യമായി ഏർപ്പെടുത്തിയ ഷീൽഡ് ഉറപ്പിച്ചത്.
ഇന്ത്യൻ എസ്യുവി വിപണിയിൽ ഏറെ ജനപ്രീതിയുള്ള ടൊയോട്ട ഫോർച്യൂണറിന്റെ പുതുക്കിയ പതിപ്പ് വീണ്ടും പരീക്ഷണയോട്ടത്തിൽ. ഡിസൈൻ, ഇന്റീരിയർ, ഫീച്ചറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങളോടെയാകും പുതിയ മോഡൽ എത്തുക എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഡിസംബർ 1ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഫോർച്യൂണർ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് വിവിധ രാജ്യങ്ങളിൽ ഘട്ടംഘട്ടമായി അവതരിപ്പിക്കും.
ക്യാൻസർ സാധ്യത കുറയ്ക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ക്യാൻസർ പ്രതിരോധത്തിൽ ഗ്രീൻ ടീ വഹിച്ചേക്കാവുന്ന പങ്കിന് ഒരു കാരണം അതിലടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിനുകൾ’ ആണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളാണിവ. ഇതിൽ ‘എപ്പിഗാലോകാറ്റെച്ചിൻ ഗാലേറ്റ്’ എന്ന പ്രത്യേക തരം കാറ്റെച്ചിൻ, കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിച്ചേക്കാം.ഡിഎൻഎയ്ക്കുണ്ടാകുന്ന കേടുപാടുകൾ ക്യാൻസർ വികാസത്തിന് കാരണമായേക്കാം എന്നതിനാൽ, കാലക്രമേണ കോശങ്ങളെ സംരക്ഷിക്കാൻ ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ സഹായിച്ചേക്കാം. മധുരം ചേർത്ത ഐസ് ടീ, ജ്യൂസുകൾ, പ്രത്യേകതരം കോഫി പാനീയങ്ങൾ എന്നിവയ്ക്ക് പകരമായി ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്. അമിതഭാരം എൻഡോമെട്രിയൽ, ആമാശയം, വൃക്ക, പാൻക്രിയാസ്, സ്തനം, തൈറോയ്ഡ് എന്നിവയുൾപ്പെടെ 13 തരം ക്യാൻസറുകൾ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പൻ നേട്ടമാണ് കൊയ്യുന്നത്. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 1,384.50 കോടി നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്നത്തെ സ്വർണ്ണ വില
24 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് 13,680 രൂപയും, 22 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് 12,540 രൂപയും 18 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് 10,260 രൂപയുമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളർ – 94.23,പൗണ്ട് – 124.45
യൂറോ – 103.86,സ്വിസ് ഫ്രാങ്ക് – 112.29
ഓസ്ട്രേലിയൻ ഡോളർ – 63.77
ബഹ്റൈൻ ദിനാർ – 249.80
കുവൈത്ത് ദിനാർ – 302.00
ഒമാനി റിയാൽ – 244.50,സൗദി റിയാൽ – 25.05,യു.എ.ഇ ദിർഹം – 25.61
ഖത്തർ റിയാൽ – 25.88,കനേഡിയൻ ഡോളർ – 65.99
