റോഡ് സുരക്ഷ വലിയൊരു മിഷൻ ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിൽ അശ്രദ്ധയോടെ വണ്ടി ഓടിക്കുന്നവർ ഗൾഫിൽ എത്തുമ്പോൾ എന്തൊരു ശ്രദ്ധയാണ്. വാഹനത്തിന്റെ കളറിൽ അല്ല കാര്യം അപകടകരമായ ഡെക്കറേഷൻസ് ആണ് പ്രശ്നമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം
റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഹ്യൂമൻ എറർ ആണെന്നും റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെയാണ്. നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യിൽ അല്ലെന്നും പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് തള്ളിയ സംഭവത്തിൽ പുനരന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാർ. പൂരത്തിന് എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങൾക്കടകം അറിയാം. എന്നിട്ടും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തുകയായിരുന്നു. അക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രി പരിശോധിച്ചതിൽ സന്തോഷമെന്നും കെ ഗിരീഷ് കുമാർ പറഞ്ഞു.
സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചിലകാര്യങ്ങളിൽ മാത്രമാണെന്ന് മുതിർന്ന ആർഎസ്‍പി നേതാവ് എ എ അസീസ്. സർക്കാർ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷനുകളുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ല. ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ എ അസീസ് പറഞ്ഞു.
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വളർമതിയുടെ ആരോഗ്യനില ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ, ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ സമരപ്പന്തലിൽ പോയി ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കാസർകോട് ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് കെപിസിസി സെക്രട്ടറിയും മുൻ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി പരാതി നൽകി. ഫൈസൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുന്നു. ഡിസിസി ഓഫീസിന്‍റെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാൻ 20 ലക്ഷം നൽകാൻ ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്.
പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസൽ എന്നും സുബയ്യ റായ്‍യുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. പരാതിയിൽ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ലെന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തനിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ. താൻ ഡിസിസി അധ്യക്ഷനായ ശേഷം സുബ്ബയ്യ റായി ഒരൊറ്റ ഡിസിസി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല, ഒരു ഘട്ടത്തിലും സുബ്ബയ്യറായിയുമായി ആശയവിനിമയം നടത്തിയിട്ടില്ല അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ടുവരണമെന്നും സുബ്ബറായിക്കെതിരേ എഐസിസിക്കും കെപിസിസിക്കു പരാതി നൽകുമെന്നും ഫെെസൽ പറഞ്ഞു.
അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.
പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോർഡിൽ താൽക്കാലിക നിയമനം നൽകിയതായി പരാതി. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ബിജെപി നേതാവും മഹിളാമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യക്കാണ് താൽക്കാലിക നിയമനം നൽകിയത്.
കോഴിക്കോട് ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി.
കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്.
വയോധികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാറിടിച്ചതിന് ശേഷം വാഹനം നിർത്താതിരുന്ന പ്രതി, കാറിനടിയിൽ കുരുങ്ങിയ വയോധികനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്.
കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്‌ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബര്‍ 12 ന് നടന്ന അപകടത്തില്‍ മരിച്ചത്.
മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തൽ. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചിൽ തുടരുകയാണ്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയിൽപാളം സ്ഫോടനത്തിൽ തകർത്ത സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ, ദാവീന്ദർ സിങ് എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും(എടിഎസ്) ശ്രീ ഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് പിടികൂടിയത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിന് കോൺഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സഖ്യകക്ഷികളിൽ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
അസമിലെ ഗുവാഹത്തിയിൽ അമ്മ ചന്ദ്രാണി കലിതയെ കുത്തിപ്പരിക്കേൽപ്പിച്ചെന്ന് ആരോപിക്കപ്പെട്ട സ്കൂൾ വിദ്യാർഥി, കെട്ടിടത്തിന്‍റെ പത്താം നിലയിൽനിന്ന് വീണ് മരിച്ചു. സംഭവത്തിന് പിന്നാലെ സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്യാർഥി അയച്ച സന്ദേശങ്ങളാണ് സംഭവത്തിന്‍റെ വിവരം പുറത്തറിയാൻ സഹായിച്ചത്.
സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി സഖ്യസേന പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ മൂന്ന് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നൽകി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 210 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. 46 റണ്‍സ് വീതമെടുത്ത അക്സര്‍ പട്ടേലും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍.
എസ് ഐ വേഷത്തിൽ അനുശ്രീ പ്രധാന കഥാപാത്രമായി എത്തുന്ന ‘ പുൽപ്പള്ളി എക്സ്പ്രസ്സ് ‘ഷൂട്ടിംഗ് പൂർത്തിയാക്കി. പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ നേടിയ’ കാക്കിപ്പട ‘എന്ന പോലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി ആണ് നിർമ്മിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പോലീസ് കഥാപാത്രമാണിത്. ‘ഒപ്പം ‘എന്ന മോഹൻലാൽ ചിത്രത്തിൽ എ സി പി യുടെ വേഷം ചെയ്തിരുന്നു.
നിസ്സാൻ ഇന്ത്യയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നു. രണ്ട് എസ്‌യുവികളും ഒരു എംപിവിയും ഉൾപ്പെടുന്ന പരിമിതമായ വാഹനനിരയാണ് കമ്പനിക്കുള്ളത്. ഇതിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും പഴക്കമേറിയതും ദീർഘകാലമായി വിൽപ്പനയിലുള്ളതുമായ മാഗ്നൈറ്റ് തന്നെയാണ് വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയത്. 5.69 ലക്ഷം രൂപയാണ് മാഗ്നൈറ്റിന്റെ പ്രാരംഭ വില.
ഉപ്പ് ചേർക്കാത്തതും തൊലിയോടെ വറുത്തതുമായ നിലക്കടല ദിവസവും കഴിക്കുന്നത്, പ്രായമായവരിൽ, പ്രത്യേകിച്ച് ഓർമ്മശക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണത്തെ ഗുണപരമായി സ്വാധീനിച്ചേക്കാമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. നെതർലൻഡ്‌സിലെ മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകർ 16 ആഴ്ചകളിലായി പതിവായി നിലക്കടല കഴിക്കുന്നത് തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങളിൽ ഇൻസുലിനോടുള്ള പ്രതികരണശേഷിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി കണ്ടെത്തി. 60-നും 75-നും ഇടയിൽ പ്രായമുള്ളരിലാണ് പഠനം നടത്തിയത്.
മദ്ധ്യാഹ്ന വാർത്തകൾ
